2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷമുള്ള കേരള രാഷ്ട്രീയത്തിന്റെ ഗതി – വിഗതികള്‍ സൂക്ഷ്മമായി നിരീഷിച്ചാല്‍ ബോധ്യമാകുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. വിചിത്രമായ ആ രാഷ്ട്രീയ യാഥാര്‍ത്ഥ്യം ചര്‍ച്ച ചെയ്യുന്നതിനു മുമ്പ്, കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ രാഷ്ട്രീയ പരിവര്‍ത്തനം പരിശോധിക്കണം. ബിജെപി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യ സംഖ്യം(എന്‍ഡിഎ) ഒരു സീറ്റും 20 ശതമാനത്തോളം വോട്ടും കരസ്ഥമാക്കി എന്നതാണ് പ്രധാന കാര്യം. 18 സീറ്റുകള്‍ ലഭിച്ച യൂഡിഎഫ് 45ശതമാനം വോട്ട് നേടി. എന്നാല്‍ തുടര്‍ച്ചയായി 2-ാം വട്ടം സംസ്ഥാന ഭരണം നേടിയ എല്‍ഡഎഫ് ആകട്ടെ 33ശതമാനം വോട്ടിലേക്ക് പരിമിതപ്പെട്ടു. മാത്രമല്ല എന്‍ഡിഎ 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഇടത്-വലത് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഉറക്കം കെടുത്തി. സ്വാഭാവികമായി അവര്‍ മറുതന്ത്രങ്ങളിറക്കാന്‍ തുടങ്ങി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുസ്ലിം മതന്യൂനപക്ഷത്തിന്റെ സംരക്ഷകര്‍ പിണറായി വിജയനും ഇടത് മുന്നണിയുമാണെന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടിരുന്നു. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ബുദ്ധികേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയ നെറേറ്റിവായിരുന്നു അത്. അതേസമയം യുഡിഎഫ് രാഷ്ട്രീയത്തിലെ നിയന്ത്രണ ശക്തിയായ മുസ്ലിംലീഗിനെ സംരക്ഷിച്ചു നിര്‍ത്തിക്കൊണ്ടുള്ള ദ്വിമുഖ തന്ത്രമായിരുന്നു അവര്‍ ആവിഷ്കരിച്ചിരുന്നത്. ഇതിന്റെ പരിണിത ഫലമായാണ് 2-ാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.
തങ്ങളുടെ ഈ തന്ത്രം ഇടത്-വലത് മുന്നണികളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തതെന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ പൊളിറ്റിക്കന്‍ ഇസ്ലാം ബുദ്ധികേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞു. അധികാര തുടര്‍ച്ച ഇടത് മുന്നണിയെ ആകെയും സിപിഎമ്മിനെ പ്രത്യേകിച്ചും അഴിമതിയുടെയും ദാര്‍ഷ്ട്യത്തിന്റെയും പ്രതീകങ്ങളാക്കി. അതോടെ താഴേത്തലമായ ബ്രാഞ്ച് വരെയുള്ള നേതാക്കള്‍ ജനവിരുദ്ധരായി, ഒറ്റപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫ് പത്ത് വര്‍ഷം കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍ ഇല്ലാതെ വന്നതോടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന അവസ്ഥയിലായി.
ഇതോടെ പൊളിറ്റിക്കല്‍ ഇസ്ലാം ബുദ്ധികേന്ദ്രങ്ങള്‍ പുതിയ തന്ത്രങ്ങള്‍ ചമച്ചു. മൂന്ന് ലക്ഷ്യങ്ങളാണ് അവരുടെ പുതിയ തന്ത്രങ്ങള്‍ക്കുള്ളത്. ഒന്ന് ബിജെപിയെ പ്രതിരോധിക്കുക, രണ്ട് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ശക്തിപ്പെടുത്തുക, മൂന്ന് സിപിഎമ്മിന് നഷ്ടമായ പരമ്പരാഗത ഹിന്ദു വോട്ട് തിരിച്ച് പിടിക്കുക. ഈ പുതിയ തന്ത്രങ്ങള്‍ ഫലപ്രദമായി ആവിഷ്ക്കരിക്കാനുള്ള ഉപകരണങ്ങളാണ് പി.വി. അന്‍വര്‍ എംഎല്‍എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍.
ആദ്യം രംഗത്തുവന്നത് പി.വി.അന്‍വര്‍. പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തന്, മുസ്ലിം സമൂഹത്തിനും പിണറായി വിജയനും ഇടയിലെ പാലം എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ഉള്ളയാള്‍. ക്രമസമാധാന ചുമതയുള്ള എഡിജിപി എം.ആര്. അജിത് കുമാറിനും രാഷ്ട്രീയകാര്യ സെക്രട്ടറി പി. ശശിക്കുമെതിരെ ക്രിമിനല്‍ കുറ്റാരോപണവുമായി ആദ്യം രംഗത്തിറങ്ങി. ഈ നാടകത്തിലെ അടുത്തരംഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വേണ്ടിയായിരുന്നു. എഡിജിപി എം.ആര്. അജിത്കുമാറും ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് വലിയ സംഭവമാക്കി അവതരിപ്പിച്ചു. അതൊടെ ചര്‍ച്ച ചെയ്യപ്പെടേണ്ട പോലീസിലെ സ്വര്‍ണ്ണം പൊട്ടിക്കലടക്കമുള്ള ക്രിമിനല്‍ വിഷയങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. പകരം സതീശന് ഉന്നയിച്ച രാഷ്ട്രീയ വിഷയം ചര്‍ച്ചയാക്കി. പൊളിറ്റിക്കല്‍ ഇസ്ലാം പി.വി. അന്‍വറിനെ രംഗത്തിറക്കിയതിലൂടെ ലക്ഷ്യം വച്ചത് ഇസ്ലാമിക സമൂഹത്തില്‍ പോലീസിലും വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനിലും സംശയം ജനിപ്പിക്കുക എന്നതായിരുന്നു. സതീശന്റെ രംഗപ്രവേശത്തോടെ ഈ സംശയം ഭയമായി മാറി. ഇതോടെ ഇസ്ലാം മതത്തിന്റെ സംരക്ഷകനെന്ന പിണറായിയുടെ സ്ഥാനം നഷ്ടമായി. ഈ സ്ഥാനത്തേക്ക് വി.ഡി. സതീശനും യുഡിഎഫും എത്തുന്നതിന്റെ ലക്ഷണമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളില്‍ നടക്കുന്ന ഡീല്‍.
അടുത്ത ലക്ഷ്യം സിപിഎമ്മിന് നഷ്ടമായ ഹിന്ദു വോട്ട് തിരിച്ചുപിടിക്കുക എന്നതാണ്. അതിനുള്ള തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ”ഹിന്ദു’ വിന് നല്കിയ അഭിമുഖവും അതിലെ ‘മലപ്പുറം’ പരാമര്‍ശവും. സംസ്ഥാന സര്‍ക്കാര്‍ ഹിന്ദു സമൂഹത്തെ അവഹേളിക്കുകയും മുസ്ലിം പ്രീണനം നടത്തുകയുമാണെന്ന സാധാരണക്കാരന്റെ ചിന്തയെ തടയുക എന്നതായിരുന്നു ഈ രംഗം കൊണ്ട് ഉദ്ദേശിച്ചത്.
യുഡിഎഫ് ഒരിക്കല്‍ കൂടി അധികാരത്തിന് പുറത്തു നില്ക്കുന്ന സാഹചര്യം ഉണ്ടായാല്‍ കേരള രാഷ്ട്രീയം ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുടേയും സിപിഎം നേതൃത്വം നല്കുന്ന എല്‍ഡിഎഫിന്റെയും ചേരികളായി ധ്രുവീകരിക്കപ്പെടും. അത് കേരളത്തേയും ബിജെപി ഭരണത്തിലേക്ക് എത്തിക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും പി.വി. അന്‍വര്‍ എംഎല്‍എയേയും മാധ്യമങ്ങളേയും ഉപകരണങ്ങളാക്കി പൊളിറ്റിക്കല്‍ ഇസ്ലാം നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണം. അതിനുള്ള അവസരമാണ് മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്.
(ബിജെപി കോട്ടയം ജില്ലാ ജന.സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: