ഭാരതാംബയെ സേവിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച, ദേശഭക്തിയുടെ പ്രതീകമായ, ഭഗിനി നിവേദിതയുടെ 157-ാം ജന്മദിനമാണ് ഒക്‌ടോബര്‍ 28. 1867-ല്‍ വടക്കന്‍ അയര്‍ലണ്ടില്‍ ജനിച്ച മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ ആയിരുന്നു പില്‍ക്കാലത്ത് ഭഗിനി നിവേദിതയായത്. മാര്‍ഗരറ്റ് കുട്ടിയായിരുന്നപ്പോഴേ പുരോഹിതനായ പിതാവിന്റെ ആതുരസേവന പ്രവര്‍ത്തനങ്ങളില്‍ അതീവ തല്പരയായിരുന്നു. 17-ാം വയസ്സില്‍ അദ്ധ്യാപികയായ മാര്‍ഗരറ്റ് അതിനിടയില്‍ ബൈബിളും ക്രൈസ്തവ ആചാരങ്ങളും വിശ്വാസങ്ങളും എല്ലാം പഠിച്ചിരുന്നു. എങ്കിലും ജിജ്ഞാസുവായ മാര്‍ഗരറ്റിന്റെ മനസ്സ് ജീവിതത്തിന്റെ നിഗൂഢസത്യം തിരയുകയായിരുന്നു. അപ്പോഴാണ് 1895-ലെ നവംബര്‍ മാസത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ വച്ച് ആദ്യമായി സ്വാമി വിവേകാനന്ദനെ കാണുകയും പ്രഭാഷണം കേള്‍ക്കുകയും ചെയ്തത്. സ്വാമിജിയുടെ ഉജ്ജ്വല വ്യക്തിപ്രഭാവവും വാക്കുകളും മാര്‍ഗരറ്റിനെ ആകര്‍ഷിച്ചു. തുടര്‍ന്ന് പല സ്ഥലങ്ങളിലും നടന്ന സ്വാമിജിയുടെ പ്രഭാഷണങ്ങളിലും ചര്‍ച്ചകളിലും കൂടി താന്‍ അന്വഷിച്ചു നടന്ന ജീവിതസത്യത്തിന് വ്യക്തവും സംതൃപ്തവുമായ ഉത്തരം കിട്ടി. ‘ദാഹം കൊണ്ട് മരിക്കാറായ ഒരു മനുഷ്യന് ജീവദായക ജലം’ എന്നാണ് സ്വാമിജിയുടെ ഭാരതീയ വേദാന്തദര്‍ശങ്ങളിലൂടെ കിട്ടിയ അനുഭവത്തെക്കുറിച്ച് അവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
മാര്‍ഗരറ്റ് തന്റെ ലേഖനങ്ങളിലൂടെ ലണ്ടനിലെ ബുദ്ധിജീവികള്‍ക്കിടയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയിരുന്നു. പക്ഷെ തന്റെ കര്‍മ്മരംഗം ഭാരതമാണ് എന്നവര്‍ നിശ്ചയിച്ചു. മാര്‍ഗരറ്റിന്റെ സ്വഭാവ പരിശുദ്ധിയും ദൃഢനിശ്ചയവും കാര്യക്ഷമതയും നിസ്വാര്‍ത്ഥതയും മനസ്സിലാക്കിയ സ്വാമിജി 1899 ജനുവരി 28ന് ഭാരതത്തില്‍ എത്തിയ മാര്‍ഗരറ്റിനെ സര്‍വ്വാത്മനാ സ്വീകരിച്ചു. ഭാരതത്തിന്റെ പൈതൃകം, സംസ്‌കാരം, ചരിത്രം, വിദ്യാഭ്യാസം ഭാരതത്തിലെ ജനം പ്രത്യേകിച്ച് സ്ത്രീകള്‍ തുടങ്ങി സര്‍വ്വതും സ്വാമിജിയുടെ വിശദീകരണത്തിലൂടെ അവര്‍ സ്വായത്തമാക്കി. മാര്‍ച്ച് 17-ാം തീയതി ശ്രീശാരദാദേവിയെ കണ്ട ആദ്യദിവസം തന്റെ ജീവിതത്തിലെ സുപ്രധാനദിവസമായി മാര്‍ഗരറ്റ് കുറിച്ചിട്ടു. ദേവിയുടെ ഓമന പുത്രിയായിരുന്നു അവര്‍.
മാര്‍ച്ച് 25ന് സ്വാമിജി മാര്‍ഗരറ്റിന് മന്ത്രദീക്ഷയും നിവേദിത (സമര്‍പ്പിക്കപ്പെട്ടവള്‍) എന്ന പേരും നല്‍കി. അന്നു തുടങ്ങിയ ആത്മസമര്‍പ്പണം ജീവിതാന്ത്യം വരെ നിവേദിത തുടര്‍ന്നു. സ്വാമിജി എങ്ങനെ ഭാരതത്തെ ഉണര്‍ത്തി ഉദ്ധരിക്കണമെന്ന് ആഗ്രഹിച്ചുവോ അത് പ്രാവര്‍ത്തികമാക്കാനാണ് ആ ശിഷ്യയും സ്വാമിജിയുടെ അനുഗ്രഹാശിസ്സുകളോടെ യത്‌നിച്ചത്. ഭാരതത്തിന്റെ ആത്മസത്ത ആവാഹിച്ചതോടൊപ്പം ഭാരതത്തിന് ഭൗതികലത്തിലും പുരോഗതി ഉണ്ടാകാനുള്ള കര്‍മ്മ പദ്ധതി തുടങ്ങി. ഒരു കാളീപൂജാ ദിവസമാണ് നിവേദിത പെണ്‍കുട്ടികള്‍ക്കായി തുടങ്ങിയ വിദ്യാലയം ശ്രീ ശാരദാദേവി ഉദ്ഘാടനം ചെയ്യതത്. പാഠ്യപദ്ധതിക്ക് അപ്പുറത്തുള്ള കലാസാംസ്‌കാരിക തലങ്ങളിലും കുട്ടികളെ പരിശീലിപ്പിച്ചു. മാത്രമല്ല അമ്മമാര്‍ക്കും പ്രത്യേകിച്ച് വിധവകള്‍ക്കും വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കി. ബ്രിട്ടീഷ് ഭരണാധികാരികള്‍ ‘വന്ദേമാതരം’ നിരോധിച്ചപ്പോഴും നിവേദിത തന്റെ സ്‌കൂളില്‍ തുടര്‍ന്നു.
ബംഗാളില്‍ പ്ലേഗ് പടര്‍ന്നപ്പോഴും വെള്ളപ്പൊക്കം ഉണ്ടായപ്പോഴും നിവേദിത അഹോരാത്രം ജനങ്ങളെ പ്രത്യേകിച്ച് ദരിദ്രരെ സേവിച്ചു. ജെംഷഡജി ടാറ്റയുടെ ‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്’ ബംഗ്ലൂരൂവില്‍ സ്ഥാപിതമായതിന്റെ പുറകില്‍ ഭഗിനി നിവേദിത വഹിച്ച പങ്ക് എത്ര വലുതായിരുന്നു എന്ന് അധികം പേര്‍ക്കും അറിയില്ല. സ്വയംപര്യാപ്തതയും പുരോഗതിയും ജോലി സാദ്ധ്യതകളും സൃഷ്ടിക്കുന്നതിനും ഉതകുന്ന ഒരു ഗവേഷണ സ്ഥാപനം തുടങ്ങാനുള്ള ആശയം സ്വാമി വിവേകാനന്ദനിലൂടെ ലഭിച്ച ജെംഷഡ്ജി ടാറ്റക്ക് അത് പ്രാവര്‍ത്തികമാക്കാന്‍ അന്നത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഒട്ടേറെ തടസ്സങ്ങള്‍ സൃഷ്ടിച്ചു. അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സ്വാമിജി നിവേദിതയെ ചുമതലപ്പെടുത്തി. ഇങ്ങനെയൊരു സ്ഥാപനം ഉണ്ടാകുന്നതിന്റെ ഗുണവശങ്ങളെക്കുറിച്ച് ദേശീയലതലത്തിലും, വിദേശീയതലത്തിലും നിവേദിത ബോധവത്കരണം നടത്തി. ബ്രിട്ടീഷ് പാര്‍ലമെന്റിലും ഇതിനുവേണ്ടി വാദിച്ചു. ഇന്ത്യയ്‌ക്ക് ശാസ്ത്രപുരോഗതി ഉണ്ടാകരുതെന്നായിരുന്നു അന്നത്തെ ബ്രിട്ടീഷ് ഭരണാധികളുടെ ഉദ്ദേശം. നിവേദിതയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി അന്നത്തെ പ്രമുഖ മനഃശാസ്ത്രജ്ഞനും തത്വചിന്തകനും ആയിരുന്ന വില്യം ജെയിംസിന്റെ ഇടപെടലിലാണ് മുഖ്യമായും ഇന്ത്യക്ക് ആ സ്ഥാപനം പിന്നീട് സാക്ഷാത്കരിക്കാന്‍ സഹായിച്ചത്.
1902 ജൂലായ് 4-ന് സ്വാമി വിവേകാനന്ദന്‍ സമാധിയായപ്പോള്‍ നിവേദിത തളരാതെ ഭാരതാംബയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചു. ധാരാളം പ്രസംഗങ്ങളും ലേഖനങ്ങളും കൊണ്ട് യുവജനതയ്‌ക്ക് വീര്യം പകര്‍ന്നു.
അരവിന്ദഘോഷ്. ഡോക്ടര്‍ ജഗദീഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോര്‍, ഗോപാലകൃഷ്ണഗോഖലെ, സി.ആര്‍. ദാസ്, സുരേന്ദ്രനാഥ ബാനര്‍ജി, നേതാജി സുഭാഷ് ചന്ദ്രബോസ് സുബ്രഹ്മണ്യഭാരതി തുടങ്ങിയ സ്വാതന്ത്ര്യസമര നേതാക്കളെല്ലാം നിവേദിതയെ ബഹുമാനിച്ചു. വിദേശ വസ്തുക്കള്‍ ബഹിഷ്‌ക്കരിക്കുന്നതിനും സ്വദേശി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനും അവര്‍ ആഹ്വാനം ചെയ്തു. കഴ്‌സണ്‍ പ്രഭുവിന്റെ പരാമര്‍ശങ്ങളും ചെയ്തികളും ബംഗാള്‍ വിഭജനവും നിവേദിത ശക്തമായി എതിര്‍ത്തു. ശാസ്ത്രജ്ഞനായ ജഗദീഷ് ചന്ദ്രബോസിന് അധികാരികളില്‍ നിന്നും അനുഭവിക്കേണ്ടിവന്ന യാതനകള്‍ മനസ്സിലാക്കി അദ്ദേഹത്തെ പലവിധത്തില്‍ സഹായിച്ചു. ഇന്ത്യ അന്ധവിശ്വാസങ്ങളുടെ അപരിഷ്‌കൃതരാജ്യമെന്ന വിദേശികളുടെ ധാരണ മാറ്റിയെടുക്കുവാന്‍ പാശ്ചാത്യനാടുകളില്‍ പോയി പ്രസംഗിച്ചു. ഭാരതത്തിനുവേണ്ടി വിദേശികളുടെ സാമ്പത്തികസഹായം തേടാനും അവര്‍ക്ക് മടിയില്ലായിരുന്നു.
ഭാരതത്തിന് ആദ്യമായി ദേശീയ പതാകയും ദേശീയ ചിഹ്നവും രൂപകല്പന ചെയ്തത് നിവേദിതയാണ്. കാവി നിറത്തിലുള്ള പതാകയും മദ്ധ്യത്തില്‍ വജ്ജ്രായുധം-ത്യാഗത്തിന്റേയും ശക്തിയുടേയും ഊര്‍ജ്ജത്തിന്റേയും പ്രതീകം-ആയിരുന്നു ചിഹ്നം. ”വന്ദേ മാതരം”, ”യതോ ധര്‍മ്മസ്തതോ ജയ” എന്നീ സൂക്തങ്ങളും ഇതോടൊപ്പം രേഖപ്പെടുത്തിയിരുന്നു. ഇത് 1906-ലെ കൊല്‍ക്കത്ത കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. പില്‍ക്കാലത്ത് ജഗദീശ് ചന്ദ്രബോസ് നിവേദിതയോടുള്ള ബഹൂമാനാര്‍ത്ഥം ‘ബന്ധുവിജ്ഞാന്‍ മന്ദിറി’ന്റെ മുകളില്‍ വജ്ജ്രായുധത്തിന്റെ രൂപം കൊത്തിവച്ചു.
ജന്മംകൊണ്ട് അയര്‍ലണ്ടുകാരിയായിരുന്നെങ്കിലും അവര്‍ക്ക് ഭാരതാംബയോടുള്ള സ്‌നേഹവും ഭക്തിയും നിസ്സീമമായിരുന്നു. അവര്‍ ഭാരതത്തിന് നല്‍കിയ സംഭാവനയായ പുസ്തകങ്ങളില്‍ ഇത് വ്യക്തമായി കാണാം. ദേശീയത ഉറപ്പിക്കുന്നതായിരുന്നു അവരുടെ ഓരോ കര്‍മ്മവും. വിദേശീയതയുടെ പുറകെ പോകാതെ ഭാരതത്തിന്റെ സംസ്‌കാരത്തില്‍ ഉറച്ചു നില്ക്കാനാണ് അവര്‍ യുവാക്കളെ ആഹ്വാനം ചെയ്തത്. നിര്‍ഭാഗ്യവശാല്‍ ഭാരതം സ്വതന്ത്രയാകുന്നതു കാണാന്‍ നിവേദിത ഉണ്ടായില്ല. താന്‍ ജനിച്ച നാടിന്റെ കാലാവസ്ഥയോ സൗകര്യങ്ങളോ ഒന്നും ഇല്ലാതരുന്നിട്ടും ഒരു നിമിഷം പോലും പാഴാക്കാതെ ഭാരതത്തിനുവേണ്ടി കര്‍മ്മനിരതയായിരുന്നപ്പോള്‍ തന്റെ ആരോഗ്യത്തെ അല്പം പോലും ശ്രദ്ധിച്ചില്ല. തന്റെ കര്‍മ്മത്തില്‍ കഠിന തപസ്വി ആയിരുന്ന അവര്‍ 44-ാം വയസ്സില്‍ രോഗഗ്രസ്തയായി. 1911 ഒക്‌ടോബര്‍ 13-ന് ഭഗിനി നിവേദിത തന്റെ ആത്മാവിനെ ഭാരതത്തിനു സമര്‍പ്പിച്ച് ഭൗതിക ശരീരം വെടിഞ്ഞു. അവരുടെ സ്മാരക മണ്ഡപത്തില്‍ ‘ഭാരതത്തിനുവേണ്ടി എല്ലാം സമര്‍പ്പിച്ച സിസ്റ്റര്‍ നിവേദിത ഇവിടെ വിശ്രമിക്കുന്നു’എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
ഭഗിനി നിവേദിതയെ കുറിച്ച് വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ വാക്കുകള്‍: ”ഭഗിനി നിവേദിത നമുക്കു നല്‍കിയ ഉപഹാരം ഒരു മഹാജീവിതത്തിന്റെ സമ്മാനമാണ്. അതിന്റെ പിന്നിലുണ്ടായിരുന്നതും ആ മാതിരി ആത്മ സമര്‍പ്പണത്തിനു സാധ്യമാവുന്നതുമായ ബുദ്ധിശക്തി, ഹൃദയം, ത്യാഗഭാവം, പ്രതിഭയുടെ പ്രഭാപൂര്‍ണ്ണമായ അന്തര്‍ദ്ദര്‍ശനം എന്നിവയെ നാം മനസ്സിലാക്കുകയും സ്വാനുഭവമാക്കുകയും ചെയ്യേണ്ടതാണ്. ഭഗിനി നിവേദിത ഇന്ത്യയെ സ്‌നേഹിച്ചു. നിസ്സീമമായ ഭക്തിയോടെ, യാതൊന്നും വച്ചു പുലര്‍ത്താതെ, അവര്‍ ഇന്ത്യക്കു വേണ്ടി സ്വയം സമര്‍പ്പിച്ചു.”
അപൂര്‍വ്വ ധന്യവ്യക്തിത്വത്തിന്റെ ഉടമയായ ഭഗിനി നിവേദിതയുടെ ത്യാഗപൂര്‍ണ്ണമായ ജീവിതം നമ്മുടെ കുട്ടികള്‍ക്ക് പ്രചോദനം നല്‍കട്ടെ!
(കേരള സര്‍വകലാശാല റിട്ട. അസി.രജിസ്ട്രാര്‍ ആണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: