ചെന്നൈ: തമിഴകത്തെ സൂപ്പര്‍താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ നയങ്ങളും ലക്ഷ്യവും പ്രഖ്യാപിച്ച് താരം. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ സമ്മേളന വേദിയില്‍ രണ്ട് ലക്ഷത്തില്‍ പരം അണികളെ സാക്ഷി നിര്‍ത്തിയാണ് വിജയ് പ്രസംഗിച്ചത്.
സാമൂഹ്യ നീതിയില്‍ ഊന്നിയ മതേതര സമൂഹമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് വിജയ് പ്രഖ്യാപിച്ചു.ജനിച്ചവരെല്ലാം സമാനര്‍ എന്ന് താരം പറഞ്ഞു.
സമൂഹ്യ നീതി, സമത്വം, മതേതരത്വം എന്നതാണ് നയം. സ്ത്രീ സമത്വത്തിന് ഊന്നല്‍ നല്‍കും. മൂന്നില്‍ ഒന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കും ഇത് അന്‍പത് ശതമാനമായി ഉയര്‍ത്തും.
അതേസമയം തമിഴ്നാട്ടില്‍ ഹിന്ദി വേണ്ടെന്ന നിലപാടും വ്യക്തമാക്കി .തമിഴ്നാട്ടില്‍ തമിഴും ഇംഗ്ലീഷും മതിയെന്നാണ് നിലപാട്. സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും. ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയില്‍ സെക്രട്ടേറിയേറ്റിന്റെ ശാഖ ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാന്‍ സമ്മര്‍ദം ചെലുത്തും. സംസ്ഥാന സര്‍ക്കാരിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ഗവര്‍ണറുടെ പദവി നീക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും അഴിമതി രഹിത ഭരണം ഉറപ്പാക്കുമെന്നും താരം പറഞ്ഞു.
കൈക്കൂലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇല്ലാതാക്കും. വര്‍ണവിവേചനത്തിനെതിരെ ശക്തമായ ശിക്ഷ നടപ്പാക്കും. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരുടെ വിളയ്ക്ക് മികച്ച വില ഉറപ്പാക്കുമെന്നും പറഞ്ഞു.മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തും.
കൂടുതല്‍ വ്യവസായങ്ങള്‍ തമിഴ്നാട്ടില്‍ എത്തിക്കും. ജാതി സെന്‍സസ് നടത്തി സമൂഹനീതി ഉറപ്പ് വരുത്തും.
ആരുടെയും എ ടീമും ബി ടീമും ആകാന്‍ തമിഴക വെട്രി കഴകത്തെ കിട്ടില്ല. രാഷ്ട്രീയം മാറണമെന്നും അല്ലെങ്കില്‍ മാറ്റുമെന്നും വിജയ് പറഞ്ഞു. ദ്രാവിഡ മോഡല്‍ എന്നു പറഞ്ഞ് ഡിഎംകെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഡിഎംകെ തമിഴ്നാടിനെ കൊള്ളയടിക്കുന്നു. 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സംസ്ഥാനത്തെ എല്ലാ സീറ്റിലും ടിവികെയ്ക്ക് സ്ഥാനാര്‍ഥി ഉണ്ടാകുമെന്നും താരം പറഞ്ഞു.
രാഷ്ട്രീയത്തില്‍ താനൊരു കുട്ടിയാണെന്നും ഭയമില്ലാതെയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്നും വിജയ് പറഞ്ഞു. ഒരു കുട്ടി അമ്മ എന്ന് ആദ്യമായി വിളിക്കുമ്പോള്‍ അമ്മയ്ക്ക് എന്ത് സന്തോഷമായിരിക്കും ലഭിക്കുക. കുട്ടിക്ക് മുന്നില്‍ ഒരു പാമ്പ് ആദ്യമായി വന്നാല്‍ ആ പാമ്പിനോടും കുട്ടി അതുപോലെ ചിരിക്കും. എന്നിട്ട് ആ കുട്ടി പാമ്പിനെ പിടിക്കും. ഇവിടെ ആ പാമ്പാണ് രാഷ്ട്രീയം.
ആ പാമ്പിനെ പിടിച്ച് കളിക്കുന്നതാണ് നിങ്ങളുടെ അവസരം. ഗൗരവത്തോടെയും പുഞ്ചിരിയോടെയും രാഷ്ട്രീയത്തില്‍ ഇടപെടും. പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് വ്യക്തമാക്കി. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമാണ് വിജയ് പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ വീര വാള് താരത്തിന് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: