പാലക്കാട്: രാജ്യത്ത് അനുദിനം സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാകുമ്പോഴും വായ്പ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പിന്റെ പുതിയ വല വിരിച്ച് തമിഴ്നാട് സംഘങ്ങള്‍. പ്രമുഖ ബാങ്കുകളുടെ പേരിലാണ് തട്ടിപ്പുകള്‍ നടക്കുന്നത്. കുറഞ്ഞ പലിശനിരക്കില്‍ കൂടുതല്‍ കാലാവധിയില്‍ കൂടുതല്‍ തുക ലോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പിന്റെ ആദ്യപാഠം തുടങ്ങുന്നത്. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ബാങ്ക് ഡീറ്റെയില്‍സ് മാത്രം നല്കിയാല് 24 മണിക്കൂറിനകം വായ്പ നല്‍കാമെന്ന വാഗ്ദാനവുമായാണ് ആളുകളെ വലയിലാക്കുന്നത്.
മൂന്നുമുതല്‍ അഞ്ചുലക്ഷം രൂപ വരെ 60 മാസത്തവണയായി തിരിച്ചടച്ചാല്‍ മതി. 3000 രൂപയില്‍ താഴെ മാത്രമേ ലോണ്‍ നല്‍കുന്നതിന് പ്രോസസിങ് ഫീസായി ഈടാക്കുന്നുള്ളൂവെന്ന് വ്യക്തികളെ പറഞ്ഞു വിശ്വസിപ്പിക്കും. ഇക്കാലത്ത് ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്ക് സിബില്‍ സ്കോര്‍ നിര്‍ബന്ധമാണെന്നിരിക്കെ ഇത്തരം സംഘങ്ങള്‍ സിബില്‍ സ്കോര്‍ ഇല്ലെങ്കിലും ലോണ്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആളുകളെ വിശ്വസിപ്പിക്കും. മൂന്നുലക്ഷം രൂപയ്ക്ക് 5960 രൂപ വീതവും 5 ലക്ഷം രൂപയ്ക്ക് 9790 രൂപ വീതവും 60 മാസം തവണകളായി തിരിച്ചടച്ചാല്‍ മതിയെന്നുമാണ് വ്യവസ്ഥ.
ലോണ്‍ നല്‍കുന്നതിന്റെ ആദ്യപടിയായി ആളുകളോട് ആധാര്‍ കാര്‍ഡിന്റെയും പാന്‍കാര്‍ഡിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും കോപ്പി ഇവരുടെ വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കാന്‍ ആവശ്യപ്പെടും. ഓണ്‍ലൈനിലൂടെ വെരിഫിക്കേഷന് നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ എടിഎം കാര്‍ഡിലെ നമ്പറും സീക്രട്ട് കോഡ് നമ്പറും നല്‍കണം. ഇത്തരം ഡീറ്റെയില്‍സുകളെല്ലാം നല്കിക്കഴിഞ്ഞാല് അക്കൗണ്ട് സ്ഥിരീകരിക്കുന്നതിനായി വ്യക്തികളുടെ അക്കൗണ്ടിലേക്ക് ഒരു ചെറിയ തുക നിക്ഷേപിക്കും.
ഓണ്‍ലൈന്‍ വെരിഫിക്കേഷന്റെ ഭാഗമായി മൊബൈലിലേക്ക് വരുന്ന ഒടിപി നമ്പറും ഇത്തരം സംഘങ്ങള്‍ ആവശ്യപ്പെടും. ബാങ്കിന്റെ ലോണ്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നും അടുത്തദിവസം അക്കൗണ്ടിലേക്ക് പ്രോസസിങ് ചാര്‍ജ് കഴിച്ചുള്ള മുഴുവന്‍ തുകയും ക്രെഡിറ്റ് ആകുമെന്നും പറയും. ഇതോടുകൂടിയാണ് തട്ടിപ്പിന്റെ അടുത്ത പാഠം തുടങ്ങുന്നത്.
വ്യക്തികളുടെ രേഖകളെല്ലാം ലഭിച്ചു കഴിഞ്ഞാല്‍ ഇതേ രേഖകള്‍ ഉപയോഗിച്ച് പല രീതിയിലാണ് തട്ടിപ്പുകള്‍ നടത്തുന്നത്. ഇത്തരം തട്ടിപ്പുസംഘങ്ങള്‍ വ്യക്തികളുടെ രേഖകള്‍ ഉപയോഗിച്ച് മറ്റു ലോണുകള്‍ എടുക്കുന്നതാണ് ഒരുരീതി. ഇതിനുപുറമേ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പണം ഇത്തരം സംഘങ്ങള്‍ തന്നെ അക്കൗണ്ടില്‍ നിന്നും ഉടന്‍തന്നെ പിന്‍വലിക്കുന്ന രീതിയുമുണ്ട്. അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുന്നതോടെ വായ്പക്ക് പുറകെ പോയവര്‍ പരാതിയുമായി രംഗത്ത് വരും. ലോണ്‍ നല്‍കുന്നതിനായി ബാങ്കിന്റെ പ്രതിനിധികളെന്ന് പറഞ്ഞ് വിളിച്ചവരുടെ നമ്പറുകള്‍ പിന്നീട് സ്വിച്ച്ഓഫ് അല്ലെങ്കില്‍ ഔട്ട്ഓഫ് സര്‍വീസ് ആയിരിക്കും. അഥവാ ലോണ്‍ ലഭിച്ചു കഴിഞ്ഞാലും വലിയൊരു തുകയായിരിക്കും പ്രോസസിങ് ചാര്‍ജ്ജായി ലോണ്‍ തുകയില്‍ നിന്നും ഈടാക്കിയിട്ടുണ്ടാവും.
തുക ലഭിച്ചു കഴിഞ്ഞാല്‍ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്നേ ലോണ്‍ തിരിച്ചടവ് ആരംഭിക്കും. ഇനി ശരിയായ രീതിയില്‍ തന്നെയാണ് ലോണ്‍ നല്കുന്നതെങ്കിലും ഇത്തരം സംഘങ്ങള്‍ പറയുന്ന തിരിച്ചടവ് തുകയോ കാലാവധിയോ ആയിരിക്കില്ല. വെരിഫിക്കേഷന് സമയത്ത് പറഞ്ഞിരുന്ന തുകയും കാലാവധിയും കൂടുതലായിരിക്കും വ്യക്തികള്‍ അടക്കേണ്ടി വരിക. തിരിച്ചടവ് മുടങ്ങുന്നതോടെ ഭീമമായ തുക പെനാല്‍റ്റിയായും കൊടുക്കേണ്ടിവരും. തിരിച്ചടവ് മുടക്കുന്നവരെയും പെനാല്‍റ്റി നല്കാന് വിസമ്മതിക്കുന്നവരെയും ഭീഷണിപ്പെടുത്താനും ഇവര്‍ക്കിടയില്‍ ക്വട്ടേഷന്‍ സംഘങ്ങളുണ്ട്.
ഓണ്‍ലൈനിലൂടെയാണ് വെരിഫിക്കേഷന് നടക്കുന്നതെന്നതിനാല്‍ എന്തൊക്കെ രേഖയിലാണ് ലോണിനായി വ്യക്തികള്‍ ഒപ്പിട്ടതെന്ന് പോലുമറിയില്ല. തട്ടിപ്പില്‍ അകപ്പെട്ടെന്നറിയുന്നതോടെ വ്യക്തികള്‍ ഇവര്‍ പറയുന്ന ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ സമീപിക്കുന്നതോടെയാണ് തങ്ങള്‍ക്ക് ഇത്തരം ലോണ്‍ നല്കുന്ന സംഘങ്ങളുമായി ബന്ധമില്ലെന്ന് പറയുന്നതോടെ പിന്നെ മറ്റു നിയമവഴികള്‍ തേടേണ്ടി വരും.
രാജ്യത്ത് ഓരോ മാസവും നൂറുകണക്കിന് ആളുകളാണ് സൈബര്‍ തട്ടിപ്പിന് വിധേയരാവുന്നത്. ഇത്തരം തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ കേരള പോലീസും സൈബര്‍ വിഭാഗവും നൂറുകണക്കിന് ലോണ്‍ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അടുത്തകാലത്ത് നടന്ന തട്ടിപ്പുകളില്‍ പണം നഷ്ടപ്പെട്ടവരുടെ പരാതിയില്‍ ഭൂരിഭാഗം തുകയും കേരള പോലീസിന്റെയും സൈബര്‍ വിഭാഗത്തിന്റെയും സമഗ്രമായ ഇടപെടലുകളിലൂടെ തിരിച്ചുപിടിക്കാനായിട്ടുണ്ട്.
അനുദിനം രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാകുമ്പോഴും തട്ടിപ്പിനിരയാവുന്നവരുടെ എണ്ണവും വര്‍ധിക്കുമ്പോഴും ഇത്തരം തട്ടിപ്പ് സംഘങ്ങളും വ്യാജ ലോണ്‍ ആപ്പുകളും വര്‍ധിക്കുന്നത് ആശങ്കജനകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: