തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ പൊയ്യാറ വീട്ടില്‍ ഗോപാലന്-ലക്ഷ്മി ദമ്പതികളുടെ മകനായി 1935 സെപ്തംബര്‍ 11 ന് ജനനം. വാടാനപ്പള്ളി ഈസ്റ്റ് എല്‍പി സ്കൂള്‍, കാത്തലിക് ഹയര്‍ എലിമെന്ററി സ്കൂള്‍, ഏങ്ങണ്ടിയൂര്‍ നാഷണല്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പത്താം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസം. അന്നത്തെ സ്കൂള്‍ ഹെഡ്മാസ്റ്റര് ശിവരാമ മേനോന്റെ പ്രോത്സാഹനവും ഒപ്പം കഠിന പ്രയത്നവും കൂടിയായപ്പോള്‍ പത്താംതരത്തില്‍ സ്കൂള്‍ തലത്തില്‍ രണ്ടാം സ്ഥാനത്തോടെ ഉന്നതവിജയം നേടി.
എന്നാല്‍ അന്നത്തെ സാമൂഹിക വ്യവസ്ഥകൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കുന്നതിന് ഏറെ തടസങ്ങള്‍ നേരിട്ടു. ആ പ്രതിസന്ധികള്‍ അതിജീവിക്കാന്‍ തൊഴില്‍ സാധ്യതകള്‍ തേടി ബെംഗളൂരുവിലും മദ്രാസിലും ഊട്ടിയിലുമെത്തി. അവിടെനിന്നും നേടിയ അനുഭവ സമ്പത്തുമായി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി.
അദ്ധ്യാപകപരിശീലന രംഗത്തേക്ക്
അദ്ധ്യാപകനായ വാസുദേവന്റെ നിര്‍ദ്ദേശത്താല്‍ അദ്ധ്യാപക പരിശീലനത്തിനായി കുറ്റിപ്പുറത്തിനടുത്ത് ആനക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന ‘ബേസിക് ട്രെയിനി
ങ് സ്കൂളില്‍ അപേക്ഷ നല്കി. പ്രിന്‍സിപ്പാളായിരുന്ന കുഞ്ചു മേനോനാണ് അഭിമുഖം നടത്തിയത്. അദ്ദേഹത്തിന് മതിപ്പുളവാകുംവിധം ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്കി. ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ ഏറെ സ്വാധീനിച്ചിരുന്നതിനാല്‍ ബങ്കിം ചന്ദ്ര ചാറ്റര്ജിയെഴുതിയ ‘വന്ദേമാതരം’ പാടി. 1956-58 ല്‍ രണ്ട് വര്‍ഷക്കാലം അവിടെ താമസിച്ച് ഗുരുകുല സമ്പ്രദായത്തില്‍ അദ്ധ്യാപക പരിശീലനം പൂര്‍ത്തിയാക്കി.
കലാരംഗത്തേക്ക്
അദ്ധ്യാപക പരിശീലന കാലയളവില്‍ നാട്യകലകളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിഞ്ഞു. തൊഴിലന്വേഷണ കാലത്ത് ധാരാളം നാടന്‍ നൃത്തങ്ങളും പാരമ്പര്യ കലാരൂപങ്ങളും ആകര്‍ഷിച്ചെങ്കിലും അദ്ധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് നൃത്തം പഠിക്കണമെന്ന ആഗ്രഹം നാമ്പിട്ടത്. പഠനം പൂര്‍ത്തിയാക്കിയെങ്കിലും ഉദ്യോഗത്തില്‍ പ്രവേശിക്കാതെ നൃത്താദ്ധ്യാപകനെ തേടിയിറങ്ങി. തൃശ്ശൂരില്‍ കലാലയം വര്‍ക്കി എന്നറിയപ്പെട്ടിരുന്ന നൃത്താദ്ധ്യാപകനെ കണ്ടെത്തി പഠനം ആരംഭിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അരങ്ങിലുമെത്തി. അന്ന് കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന വേടനൃത്തം, ശിവതാണ്ഡവം, കര്‍ഷക നൃത്തം തുടങ്ങിയവയാണ് വര്‍ക്കി മാസ്റ്ററില്‍നിന്ന് പഠിച്ചത്. അരങ്ങിലെ മികവു കണ്ട് വര്‍ക്കി മാസ്റ്റര്‍ താന്‍ സംവിധാനം ചെയ്ത നൃത്തനാടകങ്ങളിലെ മുഖ്യവേഷങ്ങള്‍ അദ്ദേഹത്തിന് നല്കി. ആ പരിശീലനംകൊണ്ട് സ്വന്തമായി നൃത്തവും നൃത്തശില്‍പ്പങ്ങളും സംവിധാനം ചെയ്യാനുള്ള മികവ് നേടിയിട്ടുണ്ടെന്ന് വര്‍ക്കി മാസ്റ്ററെ സ്മരിച്ചുകൊണ്ട് അദ്ദേഹം എപ്പോഴും പറയാറുണ്ട്.
ഔദ്യോഗിക ജീവിതവും ഭരതനാട്യ പരിശീലനവും
1959 ജനുവരിയിലാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പൊന്നാനിക്കടുത്ത പനമ്പാട് യുപി സ്കൂളില്‍ അദ്ധ്യാപകനായി. ഒരു വര്‍ഷത്തിനുശേഷം 1960 ഫെബ്രുവരിയില്‍ ഗുരുവായൂരടുത്തുള്ള ചാവക്കാട് ഹൈസ്കൂളില്‍ അദ്ധ്യാപകനായി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചു. ആ വര്‍ഷം തന്നെ വടക്കാഞ്ചേരിക്കടുത്തുള്ള മച്ചാട് സ്കൂളിലേക്ക് മാറ്റം കിട്ടി. ഈ കാലഘട്ടത്തില്‍ ദക്ഷിണ ഭാഷാ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച, മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പ്രശസ്ത നര്‍ത്തകി ടി. ബാലസരസ്വതിയുടെ ‘ഭരതനാട്യം’ എന്ന പുസ്തകം വായിക്കാനിടയായി. അതൊരു വഴിത്തിരിവായി. ഭരതനാട്യത്തിലെ ബാലപാഠങ്ങള്‍ മാത്രമാണ് ആ പുസ്തകത്തിലുണ്ടായിരുന്നത്. ഭരതനാട്യം പഠിക്കണമെന്ന ആഗ്രഹം ഉദിക്കാന്‍ കാരണം ആ പുസ്തകമായിരുന്നു.
ഭരതനാട്യത്തിന് കേരളത്തിലധികം പ്രചാരം കിട്ടാത്ത കാലമായിരുന്നു അത്. ഭരതനാട്യ അദ്ധ്യാപകരെ അന്വേഷിച്ച വേളയില്‍ തഞ്ചാവൂര്‍ രാജരത്നം പിള്ള എന്ന അദ്ധ്യാപകനെക്കുറിച്ചറിഞ്ഞു. അദ്ദേഹം കേരള കലാമണ്ഡലത്തില്‍ ഭരതനാട്യം പഠിപ്പിച്ചിരുന്നതായി അറിഞ്ഞു. അതിനുശേഷം രാജരത്നം മാസ്റ്റര്‍ ഷൊര്‍ണ്ണൂരില്‍ ‘ലളിതകലാ സദനം’ എന്ന പേരില്‍ സ്ഥാപനം നടത്തി. അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ഭരതനാട്യം പഠിക്കണമെന്ന ആഗ്രഹം അറിയിച്ചു. അങ്ങനെ 25-ാം വയസ്സില്‍ തഞ്ചാവൂര്‍ തനിമയിലധിഷ്ഠതമായ ഭരതനാട്യം പഠിക്കാനാരംഭിച്ചു. പഠിച്ചും പഠിപ്പിച്ചും പുതിയ ഭരതനാട്യ ഇനങ്ങള്‍ ചിട്ടപ്പെടുത്തിയും കഴിഞ്ഞ 65 വര്‍ഷമായി ആ സപര്യ തുടരുന്നു.
കലാമണ്ഡലത്തിലെ പഠനം പൂര്‍ത്തിയാക്കിയവര്‍ ഉപരിപഠനാര്‍ത്ഥവും ഗുരുകുല രീതിയില്‍ തഞ്ചാവൂര്‍ തനിമ ചോരാതെയുള്ള ഭരതനാട്യം അഭ്യസിക്കുന്നതിനും കേരളത്തിന്റകത്തും പുറത്തുനിന്നുമായി വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ അടുത്ത് എത്തിയിരുന്നു.
ഗുരുവിന്റെ നിര്‍ദ്ദേശം അനുസരിച്ച് ജനാര്ദ്ദനന് മാഷ് ചെറുതുരുത്തി ഹൈസ്കൂളിലേക്ക് സ്ഥലം മാറ്റം വാങ്ങി. ഗുരുനാഥന്റെ കീഴില്‍ നിത്യവും പരിശീലനം നടത്തി. പുതിയ വിദ്യാര്‍ത്ഥികളെ അഭ്യസിപ്പിക്കാനുള്ള പരിശീലനവും ഗുരുനാഥന് നല്കി. പിന്നീടുള്ള മൂന്ന് വര്‍ഷവും തുടര്‍ച്ചയായി സ്കൂള്‍ അദ്ധ്യാപന ജീവിതത്തോടൊപ്പം, ഗുരുനാഥന്റെ കളരിയില്‍ ഭരതനാട്യ പഠനവും അദ്ധ്യാപനവും നടത്താന്‍ കഴിഞ്ഞു.
ഷൊര്‍ണ്ണൂരിലെ ലളിത കലാസദനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച്, രാജരത്നം മാസ്റ്റര്‍ ഹേമ മാലിനി, ശ്രീവിദ്യ, റാണിചന്ദ്ര എന്നീ സിനിമാതാരങ്ങളെ പഠിപ്പിക്കാന്‍ മദ്രാസില്‍ പോയി. ഒരു കൊല്ലം താമസിച്ചു. അവിടെനിന്ന് മടങ്ങിവന്നതിന് ശേഷം രാജരത്നം മാസ്റ്റര്‍ കേരളത്തിലേയും കര്‍ണാടകത്തിലേയും നൃത്താധ്യാപകര്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുത്ത് കലാപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. മൈസൂര്‍-രാജാവ് അദ്ദേഹത്തിനെ ‘അഭിനയ ശിരോമണി’ പട്ടം നല്കി ആദരിച്ചു. ഗുരുനാഥനുമായുള്ള ബന്ധം അദ്ദേഹത്തിന്റെ മരണംവരെ തുടരാന്‍ ജനാര്ദ്ദനന് മാഷിന് സാധിച്ചു.
ലളിതകലാ സദനത്തില്‍ രാജരത്നം മാസ്റ്ററോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന തഞ്ചാവൂര്‍ കല്യാണ സുന്ദരം പിള്ളയില്‍നിന്ന് നട്ടുവാങ്കത്തെപ്പറ്റി പഠിക്കാനും അദ്ദേഹത്തിന്റെ അഭാവത്തില്‍ രാജരത്നം മാസ്റ്ററിന്റെ പരിപാടികള്‍ക്ക് നട്ടുവാങ്കം ചെയ്യുവാനും ജനാര്ദ്ദനന് മാഷിന് അവസരം ലഭിച്ചു.
ഔദ്യോഗിക ജീവിതത്തിനിടയിലും ഒഴിവ് ദിവസങ്ങളില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള വിദ്യാര്‍ത്ഥികളെ ഭരതനാട്യം പഠിപ്പിക്കുകയും കലോത്സവങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.
പില്ക്കാലത്ത് കലോത്സവങ്ങള്‍ കേവലം കച്ചവട കേന്ദ്രങ്ങളായി മാറിയപ്പോള്‍ ജനാര്ദ്ദനന് മാഷ് അതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. തുടര്‍ന്ന് മത്സരങ്ങള്‍ക്കായി മാത്രം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങി. അന്നും ഇന്നും യാതൊരുവിധ സാമ്പത്തിക പ്രതിഫലേച്ഛയുമില്ലാതെ നിസ്വാര്‍ത്ഥമായി നാട്യകലാരംഗത്ത് പ്രവര്‍ത്തിച്ച അപൂര്‍വ്വം വ്യക്തികളിലൊരാളാണ് ജനാര്ദ്ദനന് മാസ്റ്റര്‍.
ഭരതനാട്യത്തിന്റെ തഞ്ചാവൂര്‍ തനിമയുടെ പിന്തുടര്ച്ചക്കാരും പ്രചാരകരുമായി ലോകമെമ്പാടുമായി വ്യാപിച്ച് കിടക്കുന്ന ശിഷ്യരും പ്രശിഷ്യരുമാണ് നാട്യപ്രവര്ത്തനത്തിലൂടെ നേടിയ സമ്പത്തെന്ന് അദ്ദേഹം പറയും. നൃത്ത പരിശീലനത്തിലും നൃത്താദ്ധ്യാപനത്തിലും സമയം ചെലവഴിക്കുകയും സ്കൂള്‍ അദ്ധ്യാപകനെന്ന നിലയിലും പിന്നീട് ഹെഡ്മാസ്റ്റര് ആയി സ്ഥാനക്കയറ്റം കിട്ടിയപ്പോഴും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ലവലേശം വിട്ടുവീഴ്ച ചെയ്തില്ല. 1989 ല്‍ മാതൃകാദ്ധ്യാപകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിശിഷ്ട പുരസ്കാരം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരില്നിന്നാണ് അദ്ദേഹം സ്വീകരിച്ചത്.
1990-ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ഭരതനാട്യരംഗത്ത് അധ്യയനത്തിനും അദ്ധ്യാപനത്തിനും ഗവേഷണത്തിനും കൂടുതല്‍ സമയം നീക്കിവയ്ക്കാന്‍ തീരുമാനിച്ചു. പഠിതാക്കളായെത്തുന്ന നൃത്താധ്യാപകര്‍ക്ക് അടിസ്ഥാന അടവുകളോ മുദ്രകളോ പോലും പഠിക്കണമെന്നില്ലായിരുന്നു. അവര്‍ക്ക് കലോത്സവങ്ങള്‍ക്കും മറ്റ് മത്സരങ്ങള്‍ക്കും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനുതകുന്ന വര്‍ണ്ണം പോലുള്ള ഭരതനാട്യ ഇനങ്ങള്‍ പഠിച്ചാല്‍ മതിയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് മലബാര്‍ സുകുമാര ഭാഗവതരുടെയും ചേമഞ്ചേരി കുഞ്ഞിരാമന് നായരാശാന്റേയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് പൂക്കാട് കലാലയത്തില്‍ ഭരതനാട്യം പഠിപ്പിക്കാനായി ക്ഷണം കിട്ടുന്നത്.
അവിടെ അദ്ദേഹം വ്യക്തമായ സിലബസോടുകൂടിയ ചിട്ടയായ ഭരതനാട്യ പരിശീലനത്തിന് നേതൃത്വം നല്കി. ആയിരത്തിലധികം ശിഷ്യരും പ്രശിഷ്യരുമുള്ള വലിയൊരു ശിഷ്യ സമ്പത്തിനുടമയായിത്തീര്ന്നു.
ശശിലേഖ, നിഷല, ലജ്ന, ലത, മിജ, ജസ്ന, സന്ധ്യ, ബിന്‍ഷ, ധന്യ, അനുപ്രഭ, അമൃതപ്രിയ, ആര്യ, വീണ തുടങ്ങി ജനാര്ദ്ദനന് മാഷില്‍നിന്നും ഭരതനാട്യം പഠിച്ചവരാല് ഇപ്പോള്‍ പൂക്കാട് കലാലയത്തിലെ ക്ലാസ്സുകള്‍ നയിക്കപ്പെടുന്നു.
കുടുംബത്തിന്റെ പിന്തുണ
സ്നേഹനിധികളായിരുന്ന മാതാപിതാക്കളും സഹോദരങ്ങളും മാഷിന് എന്നും പിന്തുണയായിരുന്നു. തങ്കമാണ് ജീവിത സഖി. വിവാഹശേഷം സ്ത്രീകള്‍ വീട്ടില്‍മാത്രം ഒതുങ്ങിക്കൂടേണ്ടവരല്ല എന്ന ഉയര്‍ന്ന ചിന്താഗതിയായിരുന്നു ജനാര്ദ്ദനന് മാഷിനുണ്ടായിരുന്നത്. അതിനാല്‍ തന്നെ അദ്ദേഹം പത്നിയെ അദ്ധ്യാപക പരിശീലന കോഴ്സിനയച്ചു. പരിശീലനം പൂര്‍ത്തിയാക്കി അദ്ധ്യാപികയായി.
അനേകം വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് ധന്യതയേകിയ ഗുരുവും ഗുരുപത്നിയും വിവാഹജീവിതത്തിന്റെ 57 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഈ ജീവിത യാത്രയില്‍ പരസ്പരം താങ്ങും തണലുമായി കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തി സമൂഹത്തിന് എങ്ങനെ മാതൃകയാവാം എന്നതിന് മാഷും ടീച്ചറും ഉത്തമ ഉദാഹരണമാണ്.
ഗുരുകുലമാകുന്ന വീട്
മാഷിന്റെ വീട് ഗുരുകുലം പോലെയായിരുന്നു. ശിഷ്യര്‍ പല ദേശങ്ങളില്‍ നിന്ന് വരുന്നവരായിരുന്നതിനാല് അവര്‍ മാഷിന്റെ വീട്ടില്‍തന്നെയാണ് താമസിച്ചിരുന്നതും. ആകാശവാണിയില്‍ വാര്‍ത്തകള്‍ വായിച്ചിരുന്ന സുഷമ മോഹന്‍, നാടകകൃത്ത് ഒ. മാധവന്റെ മകള്‍ സന്ധ്യ, ഡോ. ഗായത്രി വിജയലക്ഷ്മി, ലണ്ടനില്‍ നൃത്ത വിദ്യാലയം നടത്തുന്ന ഡോ. രജനി തുടങ്ങിയവരെല്ലാം മാഷിന്റെ തുടക്കകാലത്തെ ശിഷ്യകളായിരുന്നു.
(നാട്യോപാസകന് പി.ജി. ജനാര്ദ്ദനന് വാടാനപ്പള്ളിയുടെ ശിഷ്യയും ‘പൈതൃകി’ന്റെ ഗവേഷണ വിഭാഗം ഡയറക്ടറുമാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: