ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖഫ് നിയമം എന്ത് വില നല്‍കിയും തടയും. ആവശ്യമെങ്കില്‍ സ്വന്തം ജീവന് നല്കാന് മടിക്കില്ലെന്ന ഭീഷണിയുമായി ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി). കാണ്‍പൂരില്‍ നടന്ന സമ്മേളനത്തിനിടെ എഐഎംപിഎല്‍ബി പ്രസിഡന്റ് മൗലാന ഖാലിദ് സെയ്ഫുള്ളയാണ് ഈ വിവാദ പ്രസ്താവന നടത്തിയത്. വഖഫ് ബോര്‍ഡിന്റെ അധികാരത്തെ നിയന്ത്രിക്കാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഇത് ഏത് വിധേനയും തടയും.
വഖഫ് ബില്‍ തടയുക എന്നത് ഞങ്ങള്‍ക്ക് ജീവന്മരണ പോരാട്ടമാണ്. എന്ത് വില കൊടുത്തും ബില്‍ നടപ്പിലാക്കുന്നത് തടയും. ഇനി ഇടമില്ലാത്ത വിധത്തില്‍ മുസ്ലിങ്ങളെക്കൊണ്ട് രാജ്യത്തെ ജയിലുകള്‍ നിറയ്ക്കും. ആവശ്യമെങ്കില്‍ ജീവന് നല്‍കാനും മടിക്കില്ല. വഖഫ് ബോര്‍ഡുകളുടെ അധികാരത്തെ നിയന്ത്രിക്കുന്നതിനും, കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും സ്ത്രീകള്‍ക്കും അമുസ്ലിങ്ങള്‍ക്കും പ്രധാന്യം നിര്‍ദേശിക്കുന്നുണ്ട്, ഇതിനെ എതിര്‍ക്കണം. വഖഫ് ബോര്‍ഡും സര്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ കളക്ടര്‍ ആരുടെ ഭാഗത്തായിരിക്കും. സര്‍ക്കാരിനെതിരെ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുമോ. വഖഫ് ഭൂമി തട്ടിയെടുക്കുകയാണ് ഇതിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം. കോടതിയില്‍ കേസ് തോല്‍ക്കാനും രേഖകള്‍ സമര്‍പ്പിക്കാതിരിക്കാനും വഖഫ് ബോര്‍ഡിലെ അംഗങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അത് വിലപ്പോവില്ലെന്നും മൗലാന ഖാലിദ് കൂട്ടിച്ചേര്‍ത്തു.
ജൂലൈ 28നാണ് വഖഫ് ദേദഗതി ബില്‍ കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ നിലവില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: