തിരുവനന്തപുരം: സംസ്ഥാനത്തും ജി.എസ്.ടി രജിസ്ട്രേഷന് അപേക്ഷിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാര്‍ ഓതന്റിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും ആരംഭിച്ചു. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാര്‍ ഓതന്റിക്കേഷന് നടപ്പിലാക്കിയതിന്റെ ഫലമായി വ്യാജ രജിസ്ട്രേഷനുകളില്‍ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് മറ്റിടങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനമായത് .
യഥാര്‍ത്ഥ ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ ആധാര്‍, പാന്‍ കാര്‍ഡുകള്‍ തുടങ്ങിയ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത് വ്യാജ രജിസ്ട്രേഷന് എടുത്ത് വ്യാജ ബില്ലിങ്ങിലൂടെ അനധികൃതമായി ഇന്പുട് ടാക്സ് ക്രെഡിറ്റ് നേടി നികുതി വെട്ടിപ്പ് നടത്തുന്ന പ്രവണത രാജ്യത്തുടനീളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേരളത്തിലും ഇത്തരം വ്യാജ രജിസ്ട്രേഷനിലൂടെയുള്ള കോടികളുടെ നികുതി വെട്ടിപ്പ് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് വേണ്ടിയാണ് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാര്‍ ഓതന്റിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും പ്രാബല്യത്തില്‍ കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: