വരുമാനത്തിന്റെ കാര്യത്തില്‍ നികുതി നല്‍കേണ്ടി വരുമെന്ന ധാരണ ഇന്നും അധികം ആളുകളില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ എല്ലാ വരുമാനങ്ങള്‍ക്കും നികുതി നല്‍കേണ്ടതില്ല. നിക്ഷേപങ്ങളില്‍ നികുതി ഭാരം കുറയ്ക്കാന്‍ ഇതില്‍ നിന്നും ഒഴിവാക്കിയ ചില വരുമാന മാര്‍ഗ്ഗങ്ങള്‍ നോക്കിയാലോ…
നികുതിയേതര വരുമാനം: ആദായനികുതിക്ക് വിധേയമല്ലാത്ത ഏതൊരു വരുമാനവും നികുതിയേതര വരുമാനമാണ്. ഒരു വ്യക്തിയുടെ നികുതി ബാധ്യതയുടെ കണക്കുകൂട്ടലുകളില്‍ ഇത്തരം വരുമാനം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കും. ഒരു രൂപ പോലും നികുതി നല്‍കേണ്ടതില്ലാത്ത ചില വരുമാനമാര്‍ഗങ്ങള്‍ പരിചയപ്പെടാം
സമ്മാനങ്ങള്‍/പൈതൃകസ്വത്ത്: ബന്ധുക്കള്‍ വഴി ലഭിക്കുന്ന വരുമാനത്തിനോ, സമ്മാനങ്ങള്‍ക്കോ നികുതി നല്‍കേണ്ടതില്ല, അത് പൊതുവെ നികുതി വിധേയമായ വരുമാനമായി കണക്കാക്കാറില്ല. ബന്ധുക്കളില്‍ നിന്നല്ലാതെ കൈപ്പറ്റുന്ന സമ്മാനങ്ങള്‍ക്കും നികുതി ഇളവ് ലഭിക്കും. പക്ഷെ ഇത്തരം സമ്മാനങ്ങളുടെ മൂല്യം 50,000 രൂപയില്‍ താഴെയായിരിക്കണം.. വിവാഹ വേളയില്‍ ഇത്തരത്തില്‍ സമ്മാനം ലഭിച്ചാല്‍, അതും നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടും
ലൈഫ് ഇന്‍ഷുറന്‍സ് റിട്ടേണുകള്‍: കാലാവധി പൂര്‍ത്തിയായിക്കഴിഞ്ഞ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്ന് ലഭിക്കുന്ന ആദായത്തിനും, (മരണ ആനുകൂല്യം ഉള്‍പ്പെടെ), നികുതി നല്‍കേണ്ടതില്ല.
കാര്‍ഷിക വരുമാനം: ആദായനികുതി നിയമത്തിലെ സെക്ഷന്‍ 10(1) പ്രകാരം, കൃഷിയില്‍ നിന്നുമുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. കോഴി വളര്‍ത്തല്‍, പശു വളര്‍ത്തല്‍ എന്നിവയില്‍ നിന്നും ലഭിക്കുന്ന വരുമാനവും നികുതിരഹിതമാണ്
ഗ്രാറ്റുവിറ്റി : സ്ഥാപനങ്ങള്‍ ജീവനക്കാരുടെ ദീര്‍ഘകാല സേവനത്തിനു നല്കുന്ന ആനുകൂല്യമാണ് ഗ്രാറ്റുവിറ്റി. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ ഗ്രാറ്റുവിറ്റി തുക പൂര്‍ണമായും നികുതി രഹിതമാണ്. 1972 ലെ ഗ്രാറ്റുവിറ്റി നിയമത്തിന് കീഴില്‍ വരുന്ന സര്‍ക്കാര്‍ ഇതര ജീവനക്കാര്‍ക്ക്, ഗ്രാറ്റുവിറ്റി തുക 10 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ നികുതി ഇളവ് ലഭിക്കും.
കൂടാതെ സുകന്യ സമൃദ്ധി സ്കീം, ഗോള്‍ഡ് ഡെപ്പോസിറ്റ് ബോണ്ടുകള്‍, നികുതി രഹിത ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ തുടങ്ങിയ ചില സ്കീമുകളില്‍ നിന്ന് ലഭിക്കുന്ന ആദായവും പൂര്‍ണ്ണമായും നികുതി രഹിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: