ജമ്മു കശ്്മീരില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു. സര്‍ക്കാര്‍ നിലവില്‍ വന്നു. ജനാധിപത്യം വിജയിച്ചു. തൊട്ടു ചേര്‍ന്നു കിടക്കുന്ന പാക്് അധീനിവേശ കശ്്മീരില്‍ കലാപവും ശക്തമായി. കശ്മീരില്‍ അവകാശവാദം ഉന്നയിച്ച് വര്‍ഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും കുഴപ്പങ്ങള്‍ സൃഷ്ടിച്ച പാകിസ്ഥാന് തലവേദനയായിരിക്കുകയാണ് സ്വന്തം അധീനതയിലുള്ള പ്രദേശത്തെ പ്രക്ഷോഭം.
പാകിസ്ഥാന് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെ, അക്രമാസക്തമായ പ്രതിഷേധം ഉണ്ടായത് പ്രതിരോധിക്കാനാകാതെ വിഷമിക്കുകയാണ് പാക് ഭരണകൂടം. പാക് അധിനിവേശത്തിന്റെ എഴുപത്തേഴാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യം അവകാശമാണെന്ന പ്രഖ്യാപനവുമായി വ്യാപക പ്രതിഷേധ റാലികളാണ് നടന്നത്. ഭക്ഷണം, ഇന്ധനം, അവശ്യസാധനങ്ങള്‍ എന്നിവയുടെ വില വര്‍ധിച്ചത് പ്രക്ഷോഭം തുടങ്ങാന്‍ കാരണമായി. പാക് സര്‍ക്കാര്‍ ഞങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിച്ച് ഇസ്ലാമാബാദിന്റെ ട്രഷറി നിറയ്ക്കുകയാണ് എന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. മൗലികാവകാശങ്ങള്‍ നിഷേധിക്കുകയും കൊടിയ വിവേചനങ്ങള്‍ പാക് ഭരണകൂടം അടിച്ചേല്പിക്കുകയും ചെയ്യുകയാണെന്നതാണ് പ്രക്ഷോഭകരുടെ ആരോപണം.
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ മാറിയത്, മേഖല സാമ്പത്തിക പുരോഗതിക്ക് സാക്ഷ്യം വഹിക്കുന്നത്, അവിടെ സമാധാനം തിരിച്ചെത്തിയതുമൊക്കെ പാക് അധീന കശ്മീരിലെ ജനങ്ങള്‍ അടുത്തുനിന്നു കാണുന്നു. അത്തരത്തിലുള്ള ഉയര്‍ച്ച തങ്ങള്‍ക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. ഭാരതത്തിന്റെ ഭാഗമാകണമെന്ന് അതിയായി മോഹിക്കുന്നു. അതിന്റെ എല്ലാം പ്രതിഫലനം കൂടിയാണിപ്പോള്‍ നടക്കുന്ന പ്രക്ഷോഭം. നിര്‍ബന്ധിതവും നിയമവിരുദ്ധവുമായ അധിനിവേശത്തിലൂടെ കീഴിലാക്കിയ പ്രദേശങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ വ്യവസ്ഥാപിതമായി കൊള്ളയടിക്കുന്ന പാകിസ്ഥാന് നയത്തിന്റെ സ്വാഭാവിക അനന്തരഫലമാണിത്. ഇത്തരം ചൂഷണ നയങ്ങള്‍ പ്രാദേശിക ജനങ്ങള്‍ക്കും അവരുടെ സ്വന്തം വിഭവങ്ങളുടെ മേലുള്ള അവകാശങ്ങളും അതിന്റെ നേട്ടങ്ങളും നിഷേധിക്കുന്നു.
പാക് അധിനിവേശ കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പറഞ്ഞിരുന്നു. പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ ഇപ്പോള്‍ ഭാരതത്തിന്റെ ഭാഗമാണെന്നാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാക് അധിനിവേശ കശ്മീര്‍ നമ്മുടേതായിരുന്നു, നമ്മുടേതാണ്, നമ്മുടേതായി തുടരും എന്നായിരുന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രഖ്യാപനം അവിടെയുള്ള ആളുകള്‍ തന്നെ ഭാരതത്തില്‍ ചേരാന്‍ ആവശ്യപ്പെടും. അത്തരമൊരു സാഹചര്യം ഇന്ന് അവിടെ സൃഷ്ടിച്ചിരിക്കുന്നു എന്നുപറഞ്ഞ പ്രതിരോധമന്ത്രി, പിഒകെയിലെ ആളുകള്‍ എങ്ങനെയാണ് ഉപദ്രവിക്കപ്പെടുന്നതെന്ന് കാണാന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അന്താരാഷ്ട വേദികളിളെല്ലാം പാകിസ്ഥാന് കൈയേറിയ ഭൂമി എന്ന നിലയിലാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പ്രസ്തുത പ്രദേശത്തെ ആവര്‍ത്തിച്ചു വിശേഷിപ്പിക്കുന്നത്.
പാകിസ്ഥാന് കള്ളത്തരത്തിലൂടെ കൈയേറിയ ഭൂമി പിടിച്ചെടുക്കാന്‍ ഭാരതത്തിന് ബലപ്രയോഗം നടത്തേണ്ടതില്ല എന്നതാണ് തെളിയുന്ന കാര്യം. ജനങ്ങള്‍ ഭാരതഭൂമിയുടെ ഭാഗമാകാന്‍ വെമ്പല്‍ കൊണ്ടുനില്ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച്. കുത്തിത്തിരിപ്പിനോ തെറ്റിദ്ധരിപ്പിക്കലിനോ ഇനി പഴുതില്ല. പഴയ ഇന്ത്യയല്ല പുതിയ ഭാരതം എന്നത് പാകിസ്ഥാനറിയാം. ലോകത്തിനറിയാം. 370-ാം വകുപ്പ് എടുത്തെറിഞ്ഞതുപോലെ പാകിസ്ഥാന് കൈവശപ്പെടുത്തിയ കശ്മീരിന്റെ പ്രദേശങ്ങള്‍ ഭാരതത്തിന്റെ ഭാഗമായി എന്ന വാര്‍ത്തയ്ക്കും അധികം കാത്തുനില്‍ക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: