തിരുവനന്തപുരം: എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്ന വാര്‍ത്തയോട് പ്രതികരിച്ച് ആന്റണി രാജു. വാര്‍ത്താ സമ്മേളനത്തിനിടെ ഒരു ഘട്ടത്തിലും കോഴ ആരോപണം ആന്റണി രാജു തളളിയില്ല.
അതേസമയം തോമസ് കെ തോമസ് മന്ത്രിയാകുന്നത് തടയാന്‍ താന്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന തോമസ് കെ തോമസിന്റെ ആരോപണം ആന്റണി രാജു തളളി. തോമസ് കെ തോമസ് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും ആന്റണി രാജു കുറ്റപ്പെടുത്തി.
കോവൂര്‍ കുഞ്ഞുമോനും താനും നിയമസഭയില്‍ ഒരു ബ്ലോക്കായി ഇരിക്കുന്നുവെന്നത് ശരിയല്ല. മുന്നണിയിലുള്ള ആളെന്ന നിലയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എല്ലാം തുറന്നുപറയാന്‍ തനിക്ക് പരിമിതികളുണ്ട്. എന്നാല്‍ പറയേണ്ട സാഹചര്യം വന്നാല്‍ എല്ലാം തുറന്നു പറയും. ഇന്നത്തെ വാര്‍ത്ത സംബന്ധിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. അറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്.അന്വേഷണം വേണമെന്ന് തോമസ് തന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണം നടക്കട്ടേയെന്നും ആന്റണി രാജു പറഞ്ഞു.
എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്നാണ് ആരോപണം.
തോമസിന് മന്ത്രിസ്ഥാനം നല്‍കാത്തതിന് കാരണമായി മുഖ്യമന്ത്രിയാണ് കോഴ ആരോപണത്തിന്റെ കാര്യം സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ അറിയിച്ചത്. ഈ മാസം രണ്ടാം ആഴ്ച ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: