ഗല്‍വാന്‍ അതിര്‍ത്തി സംഘര്‍ഷത്തിന് പരിഹാരം കണ്ടുകൊണ്ട് ഭാരതവും ചൈനയും തമ്മില്‍ കഴിഞ്ഞദിവസം ഒപ്പുവെച്ച അതിര്‍ത്തി പട്രോളിംഗ് കരാറിലൂടെ നേട്ടം കൊയ്തതു ഭാരതമാണ്. കരാര്‍, നയതന്ത്രപരമായും സൈനികമായും ഭാരതത്തിന് അനുകൂലമാണ്. ഭാരതം ചൈനയ്‌ക്കുമുന്നില്‍ തലകുനിക്കുന്നു എന്ന മട്ടില്‍, രാജ്യത്തിനകത്തു നിന്നു തന്നെയുള്ള ചിലരുടെ പരിഹാസത്തിനു കൃത്യമായ മറുപടിയുമാണിത്. 2020 ഏപ്രിലിന് മുമ്പുള്ള സ്ഥിതിയിലേക്ക് ചൈനീസ് അതിര്‍ത്തിയിലെ സ്ഥിതിഗതികളെത്തിക്കാന്‍ പട്രോളിംഗ് കരാര്‍ വഴി നരേന്ദ്രമോദി സര്‍ക്കാരിന് സാധിച്ചു. ഭാരത അതിര്‍ത്തിയിലെ ചൈനീസ് സൈനിക പിന്മാറ്റ പ്രക്രിയ പൂര്‍ത്തിയായതായി കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും വ്യക്തമാക്കി. അതിര്‍ത്തി പ്രശ്‌ന പരിഹാരത്തിനായി ഭാരതവും ചൈനയും തമ്മില്‍ നയതന്ത്ര തലത്തിലും സൈനിക തലത്തിലും നിരന്തരം ബന്ധപ്പെട്ടിരുന്നതായും അത്തരം ശ്രമങ്ങളുടെ വിജയമാണ് കണ്ടതെന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പ്രതികരിച്ചത്.
നയതന്ത്ര തലത്തില്‍ 17 തവണയും സൈനിക തലത്തില്‍ 21 തവണയുമായി ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ ഒപ്പുവെച്ചത്. 2020 ഏപ്രിലില്‍ എന്തായിരുന്നോ അതിര്‍ത്തിയിലെ തല്‍സ്ഥിതി അതിലേക്ക് ഇരുസൈന്യങ്ങളും മടങ്ങണമെന്ന കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും ഭാരതത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമാണ്. കരാര്‍ പ്രകാരം ഡപ്സാങിലെയും ഡംചോക്കിലെയും പഴയ പോയിന്റുകളിലേക്ക് കരസേനയ്‌ക്ക് പട്രോളിംഗ് പുനരാരംഭിക്കാനാവും. ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ പട്രോളിംഗ് പോയിന്റ് 10 മുതല്‍ പട്രോളിംഗ് പോയിന്റ് 13 വരെ കരസേന പട്രോളിംഗ് പുനരാരംഭിക്കും. ഗോഗ്ര,-ഹോട്ട് സ്പ്രിങ്, പാങ്ങോങ് തടാകം, ഗല്‍വാന്‍ താഴ് വര എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ നേരത്തെ തന്നെ പരിഹരിക്കപ്പെട്ടിരുന്നതാണ്. ലദാക്കിന്റെ വടക്കുള്ള ഡപ്സാങിലെയും തെക്കുള്ള ഡെംചോക്കിലെയും തര്‍ക്കങ്ങള്‍ക്ക് കൂടി പരിഹാരം വന്നതോടെ ഇരുരാജ്യങ്ങളിലെയും പ്രധാന അതിര്‍ത്തി പ്രശ്നങ്ങളാണ് അവസാനിച്ചത്. ്അതിര്‍ത്തിയിലെ സൈനിക യൂണിറ്റുകളുടെ പിന്മാറ്റം, യുദ്ധോപകരണങ്ങളുടെ പിന്മാറ്റം, യുദ്ധസാഹചര്യത്തില്‍ അതിര്‍ത്തിയിലെ തര്‍ക്ക മേഖലകളില്‍ നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങളടക്കമുള്ളവ നീക്കം ചെയ്യല്‍ തുടങ്ങി നിരവധി പ്രക്രിയയാണ് ഇരുസൈന്യങ്ങള്‍ക്കും അതിര്‍ത്തിയില്‍ പൂര്‍ത്തികരിക്കാനുള്ളത്.
2020 ജൂണ്‍ 15ന് ഗല്‍വാന്‍ വാലിയില്‍ ഇരുസൈന്യങ്ങളും ഏറ്റുമുട്ടിയതോടെയാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. 1975ന് ശേഷമുള്ള ഭാരത-ചൈന ഏറ്റുമുട്ടലായി ഇതു മാറി. ഇരുപതോളം ഭാരത സൈനികരും നാല്‍പ്പതിലേറെ ചൈനീസ് സൈനികരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ പല പട്രോളിംഗ് പോയിന്റുകളിലും ഇരുസൈന്യങ്ങളും ആയുധങ്ങള്‍ ഉപയോഗിക്കാതെ കല്ലും വടികളുമായി ഏറ്റുമുട്ടിയതും അതിര്‍ത്തി മേഖലയെ സംഘര്‍ഷത്തിലാക്കി. പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ ചൈനീസ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയും ഇരുസൈന്യങ്ങളും തമ്മില്‍ അതിര്‍ത്തി മേഖലകളില്‍ ചര്‍ച്ചകള്‍ക്ക് ക്രമീകരണങ്ങളൊരുക്കുകയും ചെയ്തു. നാലുവര്‍ഷത്തോളം തുടര്‍ച്ചയായി നടന്ന ഈ പ്രക്രിയയുടെ അന്തിമ ഘട്ടത്തിലാണ് പട്രോളിംഗ് കരാര്‍ യഥാര്‍ത്ഥ്യമായത്. ലഡാക്കിലെ പല പട്രോളിംഗ് പോയിന്റുകളിലേക്കും കരസേനയെത്തുന്നത് ചൈനീസ് സൈന്യം തടഞ്ഞിരുന്നു. എന്നാല്‍ ഡപ്‌സാങിലെയും ഡംചോക്കിലെയും മുഴുവന്‍ ചൈനീസ് പട്രോളിംഗ് പോസ്റ്റുകളും ഭാരത സൈന്യവും തടഞ്ഞിരുന്നു. തെക്കന്‍ ലഡാക്കിലെ ഡംചോക്കില്‍ ഭാരത സൈന്യത്തിന്റെ പൂര്‍ണ്ണ ആധിപത്യമായിരുന്നു. ഇത് ചൈനീസ് സൈന്യത്തെയും പ്രതിരോധത്തിലാക്കി.
2019ല്‍ മഹാബലിപുരത്ത് നടന്ന മോദി- സീ ജിന്‍പിങ് കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇരുരാഷ്‌ട്രനേതാക്കളും തമ്മില്‍ വിശദമായ ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക് വേദിയൊരുങ്ങിയത് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യയില്‍ ബ്രിക്‌സ് ഉച്ചകോടിയിലാണ്. മഹാബലിപുരത്തെ ഭാരത-ചൈന ചര്‍ച്ചകളെ ഏറെ പിന്നോട്ട് നയിച്ച സംഭവമാണ് ഗല്‍വാന്‍ താഴ് വരയില്‍ 2020 ജൂണ്‍ മാസത്തില്‍ സംഭവിച്ചതെന്ന ബോധ്യം ഇരു രാജ്യങ്ങള്‍ക്കുമുണ്ട്. ഭാരതത്തിന്റെ പട്രോളിംഗ് പോയിന്റുകളില്‍ ചൈനീസ് സൈന്യം ആധിപത്യത്തിന് ശ്രമിച്ചതും അതിനെ വിജയകരമായി ഭാരത സൈന്യം പ്രതിരോധിച്ചതും രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര-സൈനിക ബന്ധത്തെ തകര്‍ത്തിരുന്നു. പ്രശ്‌ന പരിഹാരത്തിനായി ഇരുരാജ്യങ്ങളിലേയും നേതൃത്വം നാലു വര്‍ഷമായി നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയ ശേഷമാണ് അന്തിമമായ കരാര്‍ യാഥാര്‍ത്ഥ്യമായത്. 2020ലെ സംഘര്‍ഷത്തിന് ശേഷം ലഡാക്കിലെ ചില മേഖലകളില്‍ ഇരുസൈന്യവും പട്രോളിംഗ് നിര്‍ത്തിവെച്ചിരുന്നു. സംഘര്‍ഷത്തിന് മുമ്പ് ഏതൊക്കെ പോസ്റ്റുകളിലാണ് ഇരുസൈന്യങ്ങളും പട്രോളിംഗ് നടത്തിയിരുന്നത്, അവിടങ്ങളില്‍ പട്രോളിംഗ് പുനരാരംഭിക്കാനുള്ള തീരുമാനമാണ് അതിര്‍ത്തി പട്രോളിംഗ് കരാര്‍ പ്രകാരം പ്രധാനമായുള്ളതെന്നാണ് കേന്ദ്രവിദേശകാര്യമന്ത്രി വ്യക്തമാക്കുന്നത്. ഇരുനേതാക്കളും ബ്രിക്‌സില്‍ കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പായി അതിര്‍ത്തി പ്രശ്‌ന പരിഹാര കരാര്‍ ഒപ്പുവെച്ചത് കൂടിക്കാഴ്ചയുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചു. ഭാരതത്തിലെയും ചൈനയിലെയും ജനങ്ങള്‍ മാത്രമല്ല, ലോകം മുഴുവനും ഉറ്റുനോക്കുന്നതാണ് നമ്മള്‍ തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയെന്നായിരുന്നു സീ ജിന്‍പിങ് മോദിയോട് ബ്രിക്‌സില്‍ പറഞ്ഞത് എന്നതും ശ്രദ്ധേയമായി. വിയോജിപ്പുകളിന്മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും സീ പറഞ്ഞപ്പോള്‍ ഭാരത-ചൈന ബന്ധം മികച്ച നിലയില്‍ പോകുന്നത് ഇരുരാജ്യങ്ങള്‍ക്കും ഏഷ്യന്‍ മേഖലയ്‌ക്കും ആഗോള സമാധാനത്തിനും സുസ്ഥിരതയ്‌ക്കും നല്ലതാണെന്നായിരുന്നു മോദിയുടെ പ്രതികരണം. അതിര്‍ത്തിയിലെ സമാധാനം നിലനിര്‍ത്തുകയെന്നത് ഞങ്ങള്‍ ഇരുവരുടേയും മുന്‍ഗണനയാണെന്നും സീയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം മോദി വ്യക്തമാക്കി.
3,488 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അരുണാചലിലും ലഡാക്കിലെ അക്സായ് ചിന്നിലുമുള്ള ഭാരതത്തിന്റെ 90,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തിന്മേലാണ് ചൈന അവകാശവാദമുന്നയിക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരം കാണാനാവൂ എന്ന ബോധ്യം ഇരുരാജ്യങ്ങളുടേയും നേതൃത്വത്തിനുണ്ട്. പുല്ലുപോലും മുളയ്‌ക്കാത്ത ഭൂമിയെന്ന് പരിഹസിച്ച് ആയിരക്കണക്കിന് ചതുരശ്രകിലോമീറ്ററുകള്‍ ചൈനയ്‌ക്ക് വിട്ടുകൊടുത്ത ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നയത്തില്‍ നിന്നും മാറി, ഒരിഞ്ചുപോലും ഭൂമി വിട്ടുനല്‍കില്ലെന്നുറച്ച് നിലപാടെടുക്കുന്ന നരേന്ദ്രമോദിയുടെ നയത്തിന്റെ വിജയം കൂടിയാണ് അതിര്‍ത്തിയിലുണ്ടായത്. വന്‍സൈനിക ശേഷിയുള്ള, ആണവ ശക്തികളായ രണ്ട് അയല്‍രാജ്യങ്ങള്‍ നാലുവര്‍ഷമായി അതിര്‍ത്തിയില്‍ വിന്യസിച്ച നൂറുകണക്കിന് സൈനിക യൂണിറ്റുകളുടെയും ടാങ്കുകളുടേയും മറ്റും പിന്‍മാറ്റം എല്ലാ അര്‍ത്ഥത്തിലും നല്ലതാണ്. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം തുടര്‍ സംഘര്‍ഷങ്ങളിലേക്ക് കടക്കാതെ സമാധാന പരമായ സൈനിക-നയതന്ത്ര ചര്‍ച്ചകളിലേക്ക് ഇരുരാജ്യങ്ങളുടേയും നേതൃത്വം മാറിയതും ശ്രദ്ധേയമാണ്. ഉത്തരവാദിത്വമുള്ള നേതൃത്വത്തിന്റെ പക്വത നിറഞ്ഞ നടപടികളാണ് ഭാരത-ചൈന അതിര്‍ത്തി പ്രശ്‌ന പരിഹാരത്തിന് വഴിവെച്ചതെന്ന് നിസ്സംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: