കണ്ണൂര്‍: എഡിഎം കെ. നവീന്‍ ബാബു ജീവനൊടുക്കിയിട്ട് ദിവസമേറെയായിട്ടും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ്. രാഷ്ട്രീയ സമ്മര്‍ദമാണ് കാരണമെന്നാണ് സൂചന. ദിവ്യ പാര്‍ട്ടിയുടെ സംരക്ഷണത്തിലാണ്. മുന്‍കൂര്‍ ജാമ്യം കിട്ടുന്നതുവരെ ഒളിവില്‍ കഴിയുന്നത് പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ്. മുഖ്യമന്ത്രി നിര്‍ദേശാനുസരണമാണ് അറസ്റ്റ് ചെയ്യാത്തതെന്നും സംശയമുണ്ട്.
നവീനെതിരായ പരാതിയടക്കം വ്യാജമാണെന്ന് തെളിഞ്ഞതോടെ പാര്‍ട്ടി പ്രതിരോധത്തിലാണ്. പെട്രോള്‍ പമ്പ് അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നപരാതി സിപിഎം കേന്ദ്രത്തില്‍ നിന്നും തയ്യാറാക്കിയതാണെന്ന് തെളിഞ്ഞു. പരാതിയിലെ ഒപ്പും പമ്പിന് നല്കിയ അപേക്ഷയിലെ അപേക്ഷകനായ പ്രശാന്തിന്റെ ഒപ്പും വ്യാജമാണെന്ന് തെളിഞ്ഞു. പാര്‍ട്ടിയുടെ ക്യാപ്സൂളുകളെല്ലാം പൊളിഞ്ഞടുങ്ങി. കളക്ടര്‍ വിളിച്ചാണ് യാത്രയയപ്പ് യോഗത്തില്‍ പോയതെന്ന ദിവ്യയുടെ വാദവും പൊളിഞ്ഞു.
കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്റ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നു. എഡിഎമ്മിനെതിരെ പരസ്യമായി കൈക്കൂലി ആരോപണം ഉന്നയിച്ച പി.പി. ദിവ്യ ഇതുവരെ മൊഴി നല്‍കിയിട്ടില്ല.
കേസില്‍ നിന്നും തടിയൂരാനും വഴി തിരിച്ചുവിടാനുമുള്ള അവസാന ശ്രമങ്ങളും നടത്തുകയാണ് പാര്‍ട്ടി. പോലീസിനെ ഉപയോഗിച്ചും മറ്റും പുതിയ വാദങ്ങളും നീക്കങ്ങളും നടത്തുകയാണ്. ദിവ്യയുമായി അടുത്ത ബന്ധമുള്ള, ജില്ലാ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് നില്ക്കുന്ന ടൗണ്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ നേതൃത്വം നല്കുന്ന അന്വേഷണം ഏത് രീതിയില്‍ നടക്കുമെന്നതില്‍ പൊതു സമൂഹം ആശങ്കയിലാണ്. യാത്രയയപ്പിന് ശേഷം നാട്ടിലേക്ക് പുറപ്പെട്ട് മുനീശ്വരന്‍ കോവിലിന് സമീപം ഇറങ്ങിയ ശേഷം പുര്‍ച്ചെ മരണപ്പെടുന്നത് വരെ നവീന്‍ബാബു എവിടെയായിരുന്നു തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഇനിയും മറുപടി ലഭിക്കേണ്ടതായിട്ടുണ്ട്. ഇന്ന് കോടതി ദിവ്യയുടെ ജാമ്യ ഹര്‍ജി കേസില്‍ എടുക്കുന്ന നടപടിയെ ഉറ്റു നോക്കുകയാണ് പൊതു സമൂഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: