പൂനെ: തെളിഞ്ഞ കാലാവസ്ഥയില്‍ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് (എംസിഎ) സ്റ്റേഡിയത്തില്‍ ഇന്ന് ഭാരതം-ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റിന് തുടക്കം. പുല്ല് വെട്ടിചെറുതാക്കിയിട്ട എംസിഎയിലെ പിച്ച് സ്പിന്നര്‍മാരെ അകമഴിഞ്ഞു പിന്തുണയ്ക്കുന്നതാണ്. പേസ്നിരയും സ്പിന്നര്‍മാരും ആവശ്യംപോലെയുള്ള ടീമുകളാണ് രണ്ടും. ഭാരതത്തിന് ആദ്യ മത്സരത്തിലേറ്റ തിരിച്ചടിക്ക് കണക്ക് ചോദിക്കണം. ഒപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള യാത്ര സുഗമമാക്കണം. ന്യൂസിലന്‍ഡ് ലക്ഷ്യമിടുന്നത് ജയത്തിലൂടെ നേടാനാകുന്ന ചരിത്ര പരമ്പരയാണ്.
ബെംഗളൂരുവില്‍ മഴ കനത്ത് നിന്ന പശ്ചാത്തലത്തിലായിരുന്നു പരമ്പരയിലെ ആദ്യ ടെസ്റ്റ്. മത്സരം നടന്ന ചിന്നസ്വാമിയിലെ പിച്ച് മനസ്സിലാക്കാന്‍ ഭാരത ക്യാമ്പിന് സാധിച്ചില്ല. അതിന്റെ വില രോഹിത് ശര്‍മയ്ക്കും സംഘത്തിനും നല്‍കേണ്ടിവന്നു. ആദ്യ ഇന്നിങ്സില്‍ ടീമിനേറ്റ പ്രഹരം അത്രയ്ക്ക് ആഴം കൂടിയതായിരുന്നു. അതിന് ശേഷം നന്നായി കളിച്ചിട്ടും ടീമിന് തിരികെ വരാന്‍ സാധിക്കാതെ പോയതിന്റെ കാരണം അതാണ്. വെറും 46 റണ്‍സില്‍ ഓള്‍ഔട്ടായ ഒന്നാം ഇന്നിങ്സ് ഭാരതത്തിന്റെ വിധിയെഴുതുകയായിരുന്നു.
പുനെയിലേക്ക് വരുമ്പോള്‍ ഭാരതത്തിന് കൃത്യമായ ആസൂത്രണത്തിന് സാധിക്കുന്നുണ്ട്. എംസിഎ സ്റ്റേഡിയത്തിലെ പിച്ച് പൊതുവില്‍ വരണ്ടതാണ്. ഉച്ച കഴിയുമ്പോള്‍ കൂടുതലായി വരണ്ടുകിടക്കും. പിച്ച് സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്നത് കൂടുതല്‍ ആത്മവിശ്വാസം പകരുന്നുണ്ട്. പക്ഷെ മറുഭാഗത്ത് ന്യൂസിലാന്‍ഡിനും സ്പിന്‍ നിരയുടെ കാര്യത്തില്‍ ശക്തരാണ്. ഇരുഭാഗത്തും അന്തിമ ഇലവനെ പ്രഖ്യാപിക്കുന്നതിന് താരബാഹുല്യം പ്രശ്നമാകുന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്.
ശുഭ്മാന്‍ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും പരിക്ക് പ്രശ്നമല്ലെന്ന് വ്യക്തമായി. ബാറ്റിങ് ഓര്‍ഡറില്‍ ആരെയെല്ലാം ഉള്‍ക്കൊള്ളണമെന്നത് പ്രശ്നമാണ്. നിലവില്‍ ഫോമൗട്ടാണെങ്കിലും കെ.എല്‍. രാഹുലിനെ ടീമിന് പുറത്തിരുത്തുന്നതിനെ കുറിച്ച് ചിന്തിക്കാനാവില്ലെന്ന് പ്രധാന പരിശീലകന് ഗൗതം ഗംഭീര്‍ വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി പ്രകടനവുമായി നിര്‍ണായകമായ 150 റണ്‍സ് സംഭാവന ചെയ്ത സര്‍ഫറാസ് ഖാന്റെ പ്രകടനം കൂടി മുന്നിര്ത്തിക്കൊണ്ടേ തീരുമാനത്തിലെത്താനാകൂ. ബൗളിങ് ഡിപ്പാര്‍ട്ട്മെന്റില്‍ വാഷിങ്ടണ്‍ സുന്ദറിന് അവസരം നല്‍കണമോയെന്നതാണ് മറ്റൊരു ആശങ്ക. പൂനെ പിച്ചിന്റെ സ്വഭാവം പരിഗണിച്ച് മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയേ ഒക്കൂ. പേസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജസ്പ്രീത് ബുംറയ്ക്കൊപ്പം മുഹമ്മദ് സിറാജോ ആകാശ് ദീപോ, ആരാകും എന്നതില്‍ അന്തിമ തീരുമാനമാകണം.
പരിക്ക് കാരണം കിവീസ് താരം കെയ്ന്‍ വില്ല്യംസണ് രണ്ടാം ടെസ്റ്റിലും കളിക്കുന്നില്ല. ഇത് അവരുടെ ബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റിനെ നിര്‍ണയിക്കുന്നതിലുള്ള തലവേദന ഒഴിവാക്കി. വില്‍ യങ് വീണ്ടും കളിക്കുന്നതോടെ പ്രശ്നം തീര്‍ന്നു. പൂനെയിലേത് സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ആകുമ്പോള്‍ ഒരു പേസറെ ഒഴിവാക്കിയേ മതിയാകൂ. ബെംഗളൂരുവില്‍ ടീമിന് വിജയം നേടാനായതില്‍ പേസര്‍മാര്‍ മൂന്ന് പേരും ഒന്നിനൊന്ന് മെച്ചമായ പ്രകടനമാണ് കാഴ്ച്ചവച്ചത്. ഒരു സ്പിന്നര്‍ക്ക് കൂടി അവസരം നല്കാന് പേസര്‍മാരില്‍ ആരെ ഒഴിവാക്കും എന്നതാണ് ആശങ്ക.
പരമ്പരയിലെ മൂന്നാം മത്സരം മുംബൈയിലാണ്. നവംബര്‍ ഒന്ന് മുതലാണ് മത്സരം. അടുത്ത മാസം ഓസ്ട്രേലിയയിലേക്ക് തിരിക്കുന്നതിന് മുന്നോടിയായാണ് ഈ രണ്ട് മത്സരങ്ങളും കളിക്കേണ്ടിവരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: