വിജയവാഡ: തിരുപ്പതി ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും ഹിന്ദുസമൂഹത്തിന് കൈമാറണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന് ആന്ധ്രാപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരുകള്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ അഹിന്ദുക്കള്‍ക്കോ ക്ഷേത്രഭരണത്തില്‍ കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രവിമോചനം ആവശ്യപ്പെട്ട് എല്ലാ ഹിന്ദുസംഘടനകളും ഒരുമിച്ച് പ്രക്ഷോഭം നടത്തും. ജനുവരി അഞ്ചിന് വിജയവാഡയില്‍ മഹാറാലി സംഘടിപ്പിക്കും.
തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച മഹാപ്രസാദത്തിന്റെ പവിത്രത സംബന്ധിച്ച് വന്ന വാര്‍ത്തകളില്‍ ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ രോഷാകുലരാണ്. ക്ഷേത്രങ്ങളുടെ സുരക്ഷ പോലും അപകടത്തിലാണ്. ആന്ധ്രാപ്രദേശില്‍ നിരവധി ക്ഷേത്രങ്ങളിലാണ് ജിഹാദി ആക്രമണം നടന്നത്. ഒരു കേസിലും കുറ്റവാളികളെ പിടികൂടാനായില്ല, സുരേന്ദ്ര ജെയിന് ചൂണ്ടിക്കാട്ടി.
തിരുപ്പതി ബാലാജി അടക്കം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പില്‍ അഹിന്ദുക്കളെ നിയമിച്ചത് അപലപനീയമാണ്. ക്ഷേത്രങ്ങളെ സര്‍ക്കാരുകള്‍ നിയന്ത്രിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ക്ഷേത്രങ്ങളുടെയും ക്ഷേത്രസ്വത്തുക്കളുടെയും നടത്തിപ്പില്‍ നിന്ന് സര്‍ക്കാരുകള്‍ വിട്ടുനില്‍ക്കണമെന്ന് പല കേസുകളിലും കോടതികള്‍ ഉത്തരവിട്ടിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങള്‍ക്ക് മേലെയുള്ള സര്‍ക്കാര്‍ ആധിപത്യം അധിനിവേശപ്രവണതകളുടെ തുടര്‍ച്ചയാണ്. ബ്രിട്ടീഷുകാരും ഇസ്ലാമിക അധിനിവേശശക്തികളും ഇതേ കാര്യമാണ് ചെയ്തത്. സ്വതന്ത്രഭാരതം ഇത് അനുവദിക്കില്ല. സ്വാതന്ത്ര്യം ലഭിച്ച് 77 വര്‍ഷം പിന്നിടുമ്പോഴും ക്ഷേത്രനടത്തിപ്പിനുള്ള അവകാശം ഹിന്ദുക്കള്‍ക്ക് നിഷേധിക്കുന്നത് ഖേദകരമാണ്. ക്ഷേത്രങ്ങള്‍ ആചാര്യന്മാര് നയിക്കുന്ന ഭക്തജനസംവിധാനത്തിന് കൈമാറണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: