രേവ : ജമ്മു കശ്മീരിലെ ഗന്ധർബാലിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ മകനെ ഓർത്ത് വിലപിക്കുകയാണ് അനിൽ ശുക്ലയുടെ പിതാവ്. ഇതേ കമ്പനിയുടെ മാനേജരായിരുന്ന തന്റെ സുഹൃത്തിന്റെ പിന്തുണയോടെ കശ്മീരിലേക്ക് മാറിയ മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു മകനായ അനിൽ ശുക്ല. ജൂലൈയിലാണ് അനിൽ അവസാനമായി തങ്ങളെ കാണാൻ വന്നത്.
അടുത്ത വർഷം ജനുവരിയിൽ മാതാപിതാക്കളെ സന്ദർശിക്കുമെന്ന് മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ്അനിൽ പിതാവിനോട് പറഞ്ഞിരുന്നു. തന്റെ മകൻ എല്ലാ ദിവസവും രാവിലെ എട്ട് മണിക്ക് വിളിക്കാറുണ്ട്. എന്നാൽ ആക്രമണം കഴിഞ്ഞ പിറ്റേ ദിവസം രാവിലെ പ്രതീക്ഷിച്ച കോൾ എത്തിയില്ല. അങ്ങോട്ടേയ്ക്ക് വിളിച്ചിട്ടും യാതൊരു മറുപടിയും ഉണ്ടായതുമില്ല.
പിന്നീട് തങ്ങളുടെ മകൻ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പോലീസ് വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ മകന് നീതി കിട്ടണമെന്നും ഇതിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അനിലിന്റെ പിതാവ് ആവശ്യപ്പെട്ടു.
ഞായറാഴ്ച വൈകുന്നേരമാണ് ഗന്ദർബാൽ ജില്ലയിലെ ഗഗൻഗീർ ഗ്രാമത്തിൽ ശ്രീനഗർ-ലേ ദേശീയ പാതയിലെ നിർമാണ സ്ഥലം ഭീകരർ ആക്രമിച്ചത്. ഒരു ഡോക്ടറെയും മറ്റ് ആറ് തൊഴിലാളികളെയും ഭീകരർ നിഷ്കരുണം വെടിവച്ചു കൊന്നു.
തൊഴിലാളികളും മറ്റ് ജീവനക്കാരും ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ ആക്രമിച്ചത്. ലഷ്കർ-ഇ-തൊയ്ബയുടെ ശാഖയാണെന്ന് പറയപ്പെടുന്ന തെഹ്രീക് ലബൈക് യാ മുസ്ലിം എന്ന തീവ്രവാദ സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
അതേ സമയം ഭീകരാക്രമണ സംഭവം താഴ്വരയിലെ ആളുകളുടെ സുരക്ഷയിൽ ഗുരുതരമായ ആശങ്ക ഉയർത്തിയിട്ടുണ്ട്. അതിനിടെ കൗണ്ടർ ഇൻ്റലിജൻസ് സംഘം ഇന്ന് രാവിലെ താഴ്വരയിലെ ആറ് ജില്ലകളിൽ നടത്തിയ ഓപ്പറേഷനിൽ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള റിക്രൂട്ടർമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: