കൊച്ചി: സഭാ തര്‍ക്കക്കേസില്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ നടപടികളുമായി പോകാന്‍ ഹൈക്കോടതി. കോടതിയലക്ഷ്യ ഹര്‍ജികളില്‍ നവം. എട്ടിനു നേരിട്ടു ഹാജരാകാന്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, എറണാകുളം, പാലക്കാട് ജില്ലാ കളക്ടര്‍മാര്‍, പോലീസ് സൂപ്രണ്ടുമാര്‍ എന്നിവരോട് ജസ്റ്റിസ് വി.ജി. അരുണ്‍ നിര്‍ദേശിച്ചു.
തര്‍ക്കമുള്ള ആറു പള്ളികളില്‍ സമാധാനപരമായി പ്രവേശിക്കുന്നതിനും മതപരമായ ശുശ്രൂഷകള്‍ക്കും ഓര്‍ത്തഡോക്സ് വിഭാഗത്തെ സഹായിക്കണമെന്ന മുന്‍ കോടതി ഉത്തരവനുസരിക്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. യാക്കോബായ വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നവം. എട്ടിന് 10.15നു ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ആറു പള്ളികളെച്ചൊല്ലി ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കേസില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗത്തെ സഹായിക്കാന്‍ ഹൈക്കോടതി സംസ്ഥാനത്തിനും പോലീസിനും നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, സ്ത്രീകളും കുട്ടികളും മറ്റുമുള്ള യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം കോടതി നിര്‍ദേശം പാലിക്കുന്നതില്‍ നിന്നു ഭരണകൂടത്തെയും പോലീസിനെയും തടഞ്ഞു. തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗത്തിലെ സി.കെ. ഐസക് കോര്‍ എപ്പിസ്കോപ്പ ഉള്‍പ്പെടെയുള്ളവരാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. എറണാകുളത്തും പാലക്കാടും ജില്ലാ കളക്ടര്‍മാര്‍ ആറു പള്ളികളും ഒരാഴ്ചയ്ക്കകം ഏറ്റെടുക്കണമെന്ന് ആഗസ്ത് 30ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍, ഈ ഉത്തരവും പാലിച്ചില്ല. ഉത്തരവു പാലിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറി മുതല്‍ ജില്ലാ കളക്ടര്‍മാര്‍ക്കും മറ്റുദ്യോഗസ്ഥര്‍ക്കും കോടതിയില്‍ കഴിയേണ്ടി വരുമെന്ന് ബെഞ്ച് മുന്നറിയിപ്പു നല്‍കിയിരുന്നു.
സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശത്തെ ചോദ്യം ചെയ്ത് യാക്കോബായ വിഭാഗവും സംസ്ഥാന സര്‍ക്കാരും അപ്പീല്‍ നല്‍കിയെങ്കിലും ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളുകയായിരുന്നു. ഈ സംഭവങ്ങളുടെ വെളിച്ചത്തില്‍ സിംഗിള്‍ ബെഞ്ച് കോടതിയലക്ഷ്യക്കേസുകളുമായി നീങ്ങി.
ഉപതെരഞ്ഞെടുപ്പും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കലും ചൂണ്ടിക്കാട്ടി മുന്‍ ഉത്തരവ് പാലിക്കുന്നതില്‍ നിന്ന് ജില്ലാ കളക്ടറെ ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. എന്നാല്‍, മുന്‍ ഉത്തരവ് ഉടന്‍ പാലിക്കണമെന്ന് നിര്‍ബന്ധിക്കുന്നില്ലെന്നും കോടതിയലക്ഷ്യ നടപടികള്‍ തുടരുമെന്നും ബെഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: