ന്യൂദൽഹി: ലോകം അനിശ്ചിതത്വങ്ങളാൽ പൊറുതിമുട്ടുന്ന കാലഘട്ടത്തിൽ ഇന്ത്യ പ്രതീക്ഷയുടെ കിരണമായി തിളങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിടിവിയുടെ വേൾഡ് സമ്മിറ്റ് 2024-ൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, അതിന്റെ സാധ്യതകൾക്ക് നമ്മെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി ലോകം ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ്. കോവിഡ് -19 കാലത്ത്, അതിനെ എങ്ങനെ നേരിടും എന്നതിനെക്കുറിച്ചുള്ള ആശങ്കയുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ അതിനെ ധീരമായി നേരിട്ടു. ആഗോള വിതരണ ശൃംഖലകൾ, സംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനം, തൊഴിലില്ലായ്മ, തുടങ്ങിയ പ്രശ്നങ്ങൾ ആഗോള ഉച്ചകോടികളും സെമിനാറുകളും ചർച്ച ചെയ്തു. എന്നാൽ എല്ലാ പിരിമുറുക്കങ്ങൾക്കിടയിലും ലോകത്തിന്റെ പ്രതിക്ഷയുടെ കിരണമായി ഇന്ത്യ ഉയർന്നു വന്നു.
ആഗോള സാഹചര്യങ്ങൾ ഇന്ത്യയെയും ബാധിക്കുന്നുണ്ട്. ഞങ്ങളും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. എന്നാൽ നമ്മുടെ പോസിറ്റീവിറ്റി ഇന്ത്യയെ പിരിമുറുക്കത്തിന് മുന്നിൽ വളരാൻ സഹായിച്ചു, പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലും ഇന്ത്യ അഭൂതപൂർവമായ തോതിൽ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. മൂന്നാം എൻഡിഎ സർക്കാർ അധികാരത്തിലേറിയിട്ട് ഇന്ന് 125 ദിവസം പൂർത്തിയായി. ഈ കാലയളവിൽ 3 കോടി പാവപ്പെട്ടവർക്ക് വീടുകൾക്ക് അംഗീകാരം ലഭിച്ചു, 9 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആരംഭിച്ചു. 15 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിച്ചു, എട്ട് പുതിയ വിമാനത്താവളങ്ങളുടെ നിർമ്മാണം ആരംഭിച്ചു. യുവാക്കൾക്കും പ്രായമായവർക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം വീടുകളിൽ റൂഫ് ടോപ്പ് സോളാർ പ്ലാൻ്റുകൾ നിർമിക്കാൻ സാധിച്ചു.
കഴിഞ്ഞ 125 ദിവസങ്ങളിൽ സെൻസെക്സും നിഫ്റ്റിയും 6 മുതൽ 7 ശതമാനം വരെ ഉയർന്നു. ഞങ്ങളുടെ ഫോറെക്സ് കരുതൽ ശേഖരം 700 ബില്യണിലധികം ഡോളറായി വളർന്നു. ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ വളരെ ദൈർഘ്യമേറിയതാണ്, ഞാൻ ഇപ്പോൾ സംസാരിക്കുന്നത് വെറും 125 ദിവസങ്ങളെക്കുറിച്ചാണെന്നും മോദി പറഞ്ഞു. രാജ്യം എത്തിച്ചേരേണ്ട ഒരുപാട് ലക്ഷ്യങ്ങളുണ്ട്. അതിനായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം എത്തിച്ചേരേണ്ട അടുത്ത ലക്ഷ്യത്തിലാണ് വിജയമെന്നും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: