ജയ്പൂര്‍: രാഷ്ട്രജീവിതത്തെ നിലനിര്‍ത്തുന്നത് സാംസ്കാരിക മൂല്യങ്ങളാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹ വ്യവസ്ഥാ പ്രമുഖ് അനില്‍ ഓക്ക്. തനിമയുള്‍ക്കൊണ്ട് ജീവിക്കുന്ന സമാജമാണ് സംസ്കൃതിയെ നിലനിര്‍ത്തുന്നത്. നാടിന്റെ തനിമയുടെ സാക്ഷാത്കാരങ്ങളാണ് കലകളും സാഹിത്യവും. രാഷ്ട്രത്തെ രാഷ്ട്രമായി നിലനിര്‍ത്താന്‍ ഇവയെ സംരക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജയ്പൂര്‍ മാനസരോവര്‍ അഭിനന്ദന് ഓഡിറ്റോറിയത്തില്‍ സംസ്കാര്‍ ഭാരതി ദേശീയ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധര്മാര്ത്ഥകാമമോക്ഷങ്ങളില് അധിഷ്ഠിതമാണ് ഭാരതീയ ജീവിതം. ഇതെല്ലാം പ്രാപിക്കുന്നതിന് ശരീരത്തെയും ബുദ്ധിയെയും മനസിനെയും നിരന്തരം സംസ്കരിക്കണം. വ്യായാമത്തിലൂടെ ശരീരത്തെയും വിദ്യാഭ്യാസത്തിലൂടെ ബുദ്ധിയെയും മൂല്യങ്ങളിലൂടെ മനസിനെയും സംസ്കരിക്കണം. പരിഷ്കൃതവും സംസ്കൃതവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കേണ്ടതും ആരോഗ്യകരമായ മൂല്യങ്ങള്‍ സ്ഥാപിക്കേണ്ടതും കാലത്തിന്റെ ആവശ്യമാണെന്ന് അനില്‍ ഓക്ക് ചൂണ്ടിക്കാട്ടി.
നിശ്ചയദാര്‍ഢ്യവും അര്‍പ്പണബോധവും കൊണ്ട്, ജീവിതം വിജയകരവും അര്‍ത്ഥപൂര്‍ണവുമാകും. ഇത് വ്യക്തിജീവിതത്തെ വികസിപ്പിക്കും. ലോകം യുദ്ധത്തില്‍ മുഴുകുമ്പോള്‍ ഭാരതം സമാധാനത്തില്‍ കഴിയുന്നത് ഈ സംസ്കാരത്തിന്റെ സവിശേഷത കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. പദ്മശ്രീ തിലക് ഗീതായ്, പദ്മശ്രീ മുന്ന മാസ്റ്റര്‍, സംസ്കാര്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. അശ്വിന് ദല്‍വി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: