തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുരാതന തളിപാത്രം കാണാതായ സംഭവത്തില്‍ വഴിത്തിരിവ്.കസ്റ്റഡിയിലുള്ള ഹര്യാന സ്വദേശികളും ഓസ്ട്രേലിയന്‍ പൗരത്വവുമുളള മൂന്ന് പേര്‍ക്കും മോഷ്ടിക്കാനുള്ള ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ക്ഷേത്ര ദര്‍ശനത്തിനിടെ കൈവശം ഉണ്ടായിരുന്ന തട്ടത്തിലെ പൂജാ സാധനങ്ങള്‍ നിലത്തു വീണു.ഇത് കണ്ട് ക്ഷേത്രജീവനക്കാരന് ഇതെല്ലാം എടുത്തു നല്കിയപ്പോള് നിലത്തിരുന്ന പാത്രത്തില്‍ വച്ചാണ് നല്‍കിയതെന്ന് ഓസ്ട്രേലിയന്‍ പൗരന് ഗണേഷ് ജാ പൊലീസിനോട് പറഞ്ഞു. പുറത്തേക്ക് പോയപ്പോഴും ആരും തടയാത്തതിനാല്‍ പാത്രം കൂടെ കൊണ്ട് പോകുകയായിരുന്നെന്നും ഗണേഷ് ജാ മൊഴി നല്കി.
ക്ഷേത്ര ജീവനക്കാര്‍ പണം വാങ്ങിയിട്ടില്ലെന്നും എന്നാല്‍ രാമേശ്വരത്ത് ദര്‍ശനത്തിനായി പണം വാങ്ങി കബളിപ്പിക്കപ്പെട്ടുവെന്നും ഗണേഷ് ജാ പറഞ്ഞു.
അതിനിടെ, കസ്റ്റഡിയിലുളളവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ് അറിയിച്ചു. പുരാതനമായ ചെമ്പ് തളിപാത്രം കാണാതായി രണ്ട് ദിവസം കഴിഞ്ഞാണ് ക്ഷേത്രം അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടത്. തുടര്‍ന്ന് സിസിടി വി ദൃശ്യങ്ങളില്‍ നിന്നാണ് പാത്രവുമായി പോകുന്ന ഉത്തരേന്ത്യന്‍ സ്വദേശികളെ കണ്ടെത്തിയത്. താമസിച്ച ഹോട്ടലില്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഗണേഷ് ജായെ കണ്ടെത്തിയത്.
അപ്പോഴേക്കും ഇവര്‍ ഹര്യാനയിലെത്തിയിരുന്നു. തുടര്‍ന്ന് ഹര്യാന പൊലീസിനെ ബന്ധപ്പെട്ട് ക്ഷേത്രം ദര്‍ശനം നടത്താനെത്തിയ ഗണേഷ് ജായെയും ഭാര്യയെയും സുഹൃത്തായ സ്ത്രീയെയും കസ്റ്റഡിയിടുത്ത് തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ചു. ചോദ്യം ചെയ്തപ്പോഴാണ് ഓസ്ട്രേലിയയില്‍ ഉന്നത ഉദോഗത്തിലിരിക്കുന്നവരാണെന്നും മോഷണം ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: