മലപ്പുറം: ചങ്ങരകുളത്ത് കെഎസ്ആർടിസി ബസിൽ വൻ സ്വർണ കവർച്ച. തൃശ്ശൂർ മാടശ്ശേരി സ്വർണവ്യാപാരി ജിബിന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടിയോളം രൂപ വിലവരുന്ന ഒന്നരകിലോ സ്വർണമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. ജ്വല്ലറിയിൽ വില്പനക്കു വേണ്ടി കൊണ്ടുപോയ സ്വർണമാണ് ബസിൽ വച്ച് മോഷണം പോയതെന്നാണ് പരാതി.
കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. കുറ്റിപ്പുറത്ത് നിന്നായിരുന്നു ജിബിൻ ബസിൽ കയറിയത്. എടപ്പാളിലെത്തിയപ്പോഴാണ് ബാഗ് തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന്, പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടത് അറിഞ്ഞത്.
ചങ്ങരകുളം പൊലീസിൽ വിവരം അറിയിക്കുകയും ബസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച യാത്രക്കാരെ പരിശോധിക്കുകയും ചെയ്തു. എന്നാൽ, സ്വർണം കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിൽ ചങ്ങരകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: