കഴിഞ്ഞയാഴ്ച കുറ്റിയാടിയിലെയും വടക്കേ മലബാറിലെ പഴയങ്ങാടിയിലെയും മറ്റും സംഘാനുഭവങ്ങള്‍ പ്രിയ വായനക്കാരുമായി പങ്കുവയ്ക്കുകയായിരുന്നല്ലൊ. അവിടത്തെ എന്റെ ഒന്നാം ഇന്നിങ്സ് 1964 ല്‍ അവസാനിച്ചു. തുടര്‍ന്ന് കോട്ടയം ജില്ലയുടെ ചുമതലയില്‍ നിയോഗിക്കപ്പെട്ടു. പഴയങ്ങാടിയിലെയും തളിപ്പറമ്പിലെയും സ്വയംസേവകര്‍ സ്വയം നെയ്തെടുത്ത ഷര്‍ട്ടിന്റെയും മുണ്ടിന്റെയും തുണികള്‍ തരികയുണ്ടായി. കണ്ണൂരിലും ചുറ്റുപാടും നിര്‍മിക്കപ്പെടുന്ന കൈത്തറി വസ്ത്രങ്ങള്‍ക്ക് യൂറോപ്യന്‍ അമേരിക്കന്‍ നാടുകളില്‍ വന്‍പ്രിയമായിരുന്നു. അവിടം കേരള സംസ്ഥാന രൂപീകരണം വരെ മദിരാശി പ്രസിഡന്‍സിയുടെ ഭാഗമായിരുന്നല്ലൊ. കണ്ണൂര്‍ തലശ്ശേരി ഭാഗങ്ങളില്‍ നിര്‍മിച്ചിരുന്ന തുണികളില്‍ ഒരിനം ”ബ്ലിഡിംഗ് മദ്രാസ്” എന്ന് പ്രസിദ്ധമായി. അതുപയോഗിച്ചുണ്ടാക്കിയ ഷര്‍ട്ട്, ബ്ലൗസ് തുടങ്ങിയവ ആദ്യ ഉപയോഗം കഴിഞ്ഞു അലക്കിയാല്‍ അതിന്റെ നിറം മാറി വേറെ നിറം വരുമായിരുന്നതിനാല്‍ ആ പേരു സിദ്ധിച്ചതായിരുന്നു. ഏതായാലും 1950 കള്‍ പുരോഗമിച്ചതോടെ വടക്കെ മലബാറിലെ കൈത്തറി മേഖല തകര്‍ന്നു തരിപ്പണമായിത്തുടങ്ങി. പരമ്പരാഗത വസ്ത്രങ്ങളായ മുണ്ട്, തോര്‍ത്തു മുതലായവയ്ക്കു മാത്രം തകര്‍ച്ച വന്നില്ല.
സംഘപ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനം കൈത്തറിയെ ആശ്രയിക്കുന്നവരായിരുന്നു. ആ സ്ഥിതി ഇന്നത്തെ മലപ്പുറം ജില്ലവരെ തുടര്‍ന്നു. മറ്റിടങ്ങളിലും കൈത്തറി വ്യവസായം നിലനിന്നുവെങ്കിലും സംഘപ്രസ്ഥാനങ്ങളിലുള്ളയാളുകള്‍ അധികമുണ്ടായിരുന്നില്ല. അങ്ങനെ തറികളുടെ ശബ്ദം വളരെ ദുര്‍ബലമായി. 1957 ലാണ് ഭാരതീയ ജനസംഘം ചിട്ടയായ രീതിയില്‍ പ്രവര്‍ത്തനം കേരളത്തിലാരംഭിച്ചത്. പരമേശ്വര്‍ജിയും കെ. രാമന്‍പിള്ളയും അതിന് നല്കപ്പെട്ട പ്രചാരകന്മാരുമായി. തകര്‍ച്ചയെ നേരിടുന്ന കൈത്തറി മേഖലയിലെയും, ചെറുകിട നെല്‍കര്‍ഷകരുടെയും പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഈ ഒരു സമിതിയെ നിയമിച്ചു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സമയത്താണ് എനിക്ക് കണ്ണൂര്‍ വിട്ട് കോട്ടയത്തേക്കു വരാന്‍ ‘ഇണ്ടാസ്’ കിട്ടിയത്. കോട്ടയം എന്റെ ‘ഹോം ജില്ല’ തന്നെയായതിനാല്‍ അവിടവുമായി താദാത്മ്യം വരാന്‍ പ്രയാസമുണ്ടായില്ല. പഴയ തിരുവിതാംകൂറിന്റെ പകുതിയോളം വിസ്തീര്‍ണ്ണം കോട്ടയത്തിനുണ്ടായിരുന്നു. അതില്‍ പറവൂര്‍ ആലങ്ങാട്, കുന്നത്തുനാട്, മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകള്‍ പിന്നീട് കോട്ടയത്തിനു നഷ്ടമായി. കോട്ടയം ജില്ലയിലെ കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളില്‍ മാത്രമേ സംഘപ്രവര്‍ത്തനം അപ്പോള്‍ എത്തിയിരുന്നുള്ളൂ. മീനച്ചില്‍ താലൂക്കിലെ ളാലം എന്ന സ്ഥലത്തും ഉണ്ടായിരുന്നു. സാക്ഷാല്‍ പാലാ തന്നെയാണ് ളാലവും. പണ്ടൊക്കെ മൈല്‍കുറ്റികളിലും ചൂണ്ടിപ്പലകകളിലും ളാലം എന്നാണ് രേഖപ്പെട്ടുകിടന്നത്. ളാലം മഹാദേവ ക്ഷേത്രം പാലാ നഗരത്തിന്റെ മധ്യത്തിലുണ്ട്. തിരക്കുപിടിച്ച വാണിജ്യ കേന്ദ്രമായ പാലായില്‍ ഇങ്ങനെയൊരു മഹാക്ഷേത്രമുണ്ടെന്നുതന്നെ തോന്നുകയില്ല. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ചിലര്‍ ചൊല്ലാറുള്ള ഒരു ശ്ലോകം.
ളാലത്തു വാര്യത്തൊരു മുത്തിയുണ്ട്
ളാലത്തു തോട്ടില്‍ കുളിയുണ്ട് നിത്യം
കാര്യസ്ഥയാണെന്നൊരു ഭാവമുണ്ട്
ചാരിക്കിടക്കാനൊരുകട്ടിലുണ്ട്
എന്ന്.
ളാലമെന്നൊരു ദിക്കുണ്ട്
പാലയാറ്റിനുമക്കരെ
ഒഴുക്കു നന്നായ് കുത്തീടും
കഴുക്കോല് ചാട്ടവുമുണ്ടുപോല്‍
എന്നു മറ്റൊന്നുമായിരുന്നു. അനുഷ്ഠുപ്പു വൃത്തമാകയാല്‍ രണ്ടാമത്തേത് നിരാകരിക്കപ്പെടുമായിരുന്നു.
ളാലവും പാലായുമൊക്കെ അവിടെ നില്ക്കട്ടെ, കോട്ടയം ജില്ലയുടെ ചുമതലയുമായി എത്തിയപ്പോള്‍ എനിക്കു തുടര്‍ന്നു താമസിക്കേണ്ടി വരിക കോട്ടയത്തല്ല ചങ്ങനാശ്ശേരിയിലായിരിക്കുമെന്ന് അറിയിപ്പു ലഭിച്ചു. അതുവരെ ജില്ലാ പ്രചാരകനായിരുന്ന എ.വി. ഭാസ്കര്‍ ഷേണായിക്ക് തുടര്‍ന്നു പാലക്കാട്ടേക്കാണ് പോകേണ്ടതെന്നറിവായി. അദ്ദേഹം എന്നെ ജില്ലയില്‍ ശാഖയുള്ള സ്ഥാനങ്ങളില്‍ കൊണ്ടുപോയി പരിചയപ്പെടുത്തുകയും ചങ്ങനാശ്ശേരിയില്‍ പെരുന്ന ഹിന്ദു കോളജിനെതിര്‍വശത്തുള്ള സൊസൈറ്റി വക നീണ്ട കെട്ടിടത്തിന്റെ മുകളില്‍ 22-ാം നമ്പര്‍ മുറിയുടെ താക്കോല്‍ ഏല്‍പ്പിക്കുകയായിരുന്നു.
മുന്‍ഗാമി പി.കെ. ചന്ദ്രശേഖര്‍ജി ആയിരുന്നു. ഇദം രാഷ്ട്രായ എന്ന പരേതരായ പ്രചാരക ചരിത്രപുസ്തകത്തില്‍ അദ്ദേഹത്തെപ്പറ്റി വായിക്കാം. കോളജുകളിലെയും സ്കൂളുകളിലെയും സ്വയംസേവക പഠിതാക്കള്‍ വിശ്രമവേളകളില്‍ കാര്യാലയത്തില്‍ വരിക പതിവായിരുന്നതു വളരെ ഉന്മേഷകരമായി. അവരില്‍ കൂടുതല്‍ പേര് അവിടെനിന്നും അഞ്ചാറു കി.മീ. അകലെ വാലടി എന്ന തുരുത്തില്‍നിന്നുള്ളവരായിരുന്നു. കുട്ടനാട്ടിലാണാതുരുത്തും. വരവും മടക്കവും ”കമ്പനിവള്ളം” എന്നവര്‍ പറഞ്ഞ സൗകര്യമുപയോഗിച്ചും. ഒരു ദിവസം അവരുടെ വാലടി ശാഖയില്‍ പോകാന്‍ നിശ്ചയിച്ചു. ക്ലാസ് കഴിഞ്ഞുവന്ന സ്വയംസേവകരോടൊപ്പം, ബോട്ടുജെട്ടിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന വള്ളത്തില്‍ കയറി പുറപ്പെട്ടു.
കുട്ടനാട്ടിലൂടെയുള്ള ആദ്യ തോണിയ യാത്ര ഒരനുഭവം തന്നെ. ആ വള്ളത്തില്‍ പതിവുകാരായി സ്കൂള്‍ കുട്ടികള്‍ക്കു പുറമെയുള്ളവരുമുണ്ടായിരുന്നു. അഞ്ചു കി.മീ. അകലെയുള്ള വാലടിയിലെത്താന്‍ ഒന്നരമണിക്കൂറെങ്കിലുമെടുത്തു. വഴിയില്‍ കുട്ടികള്‍ ഇറങ്ങാനും ആളുകള്‍ കയറാനുമുണ്ടായിരുന്നു. അഞ്ചു മണി കഴിഞ്ഞു വാലടിയിലെത്താന്‍. അവിടെ, ഭാസ്കര്‍ജിക്കു പകരം വന്ന പ്രചാരകനെന്ന നിലയ്ക്കു ഹൃദ്യമായ സ്വീകരണം ലഭിച്ചു. വാലടിയില്‍ ഒരു പാലം കടന്നു അയ്യപ്പക്കുറുപ്പ് എന്ന സ്വയംസേവകന്റെ വീട്ടിലെത്തി. എന്നെ വിസ്മയിപ്പിച്ച ഒരു ഗ്രൂപ്പ് ഫോട്ടോ അവിടെ കണ്ടു. അതില്‍ സ്വന്തം നാടായ മണക്കാട്ട് എന്‍എസ്എസ് മലയാളം മിഡില്‍ സ്കൂളിലെ അധ്യാപകരുടെ ഗ്രൂപ്പ് ഫോട്ടോ. ഹെഡ്മാസ്റ്ററായിരുന്ന എന്റെ അച്ഛനാണ് ഇരിക്കുന്നവരുടെ നടുവില്‍. ഞങ്ങള്‍ക്കൊക്കെ പ്രിയങ്കരനായിരുന്ന വാസുദേവക്കുറുപ്പു സാറുമുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ഞങ്ങളപ്പോള്‍. അയ്യപ്പക്കുറുപ്പിന്റെ അച്ഛനായിരുന്നു അത്.
അയ്യപ്പക്കുറുപ്പ് വിദ്യാഭ്യാസത്തിനുശേഷം കമ്പി തപാല്‍ വകുപ്പില്‍ പ്രവേശിച്ചു. ചങ്ങനാശ്ശേരിയിലെയും കോട്ടയം ജില്ലയിലെയും സംഘത്തിന്റെ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചു. 2000-ാമാണ്ടില്‍ തൃശ്ശിവപേരൂരിലെ സംഘശിക്ഷാവര്‍ഗില്‍ സര്‍വാധികാരിയായി ഞാന്‍ ചുമതല വഹിക്കെ ഒരു പ്രഭാതത്തില്‍ അയ്യപ്പക്കുറുപ്പ് അന്തരിച്ച വിവരം അറിഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിലേക്കു പ്രാന്തപ്രചാരകന് സേതുമാധവനും
എ.ഗോപാലകൃഷ്ണനും പോയിരിക്കയാണെന്നും മനസ്സിലായി. എനിക്കു പരേതനുമായുണ്ടായിരുന്ന അടുപ്പം അവര്‍ക്കജ്ഞാതമായതിനാല്‍ വിവരമറിയിക്കാത്തതായിരുന്നു.
വാലടിയുടെ പ്രാധാന്യം പിന്നീടാണ് കേരള സഹൃദയര്‍ അറിഞ്ഞത്. കാവാലം നാരായണപ്പണിക്കര്‍ നിര്‍മ്മിച്ച അവനവന് കടമ്പ എന്ന നാടകത്തിന്റെ പശ്ചാത്തലം വാലടിക്കാവിലെ ഉത്സവമാണ്. അതിലെ പാട്ടുപ്പരിഷകളും ആട്ടപ്പണ്ടാരങ്ങളും മറ്റും കാണികളെ മായാലോകത്തേക്കു എടുത്തുകൊണ്ടുപോകുമായിരുന്നു.
ചങ്ങനാശ്ശേരിക്കാലത്തു ഇടയ്ക്കിടെ ആലപ്പുഴക്കു പോകേണ്ടിവരുമായിരുന്നു. ആലപ്പുഴയിലെ സ്വയംസേവകനായിരുന്ന വി. സനല്‍കുമാറിനെ സംഘ ശിക്ഷാവര്‍ഗുകളില്‍ പ്രാര്‍ത്ഥന ചൊല്ലിക്കൊടുക്കുന്ന ആളെന്ന നിലയ്ക്കും, ദിനകര്‍ ബുന്ധേയെന്ന ഗണഗീത വിദഗ്ദ്ധന്റെ പ്രശംസാ പാത്രമായ ഗായകനെന്ന നിലയ്ക്കും സനല്‍ ശ്രദ്ധേയനായി. സാധാരണ രീതിയില്‍ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അവരുടെ കുടുംബം വാലടിക്കാരാണെന്നും അച്ഛന്റെ ജോലി സംബന്ധമായി ആലപ്പുഴയില്‍ വന്നതാണെന്നും മനസ്സിലായി. അവരുടെ കുടുംബാംഗങ്ങളെല്ലാം സ്വയംസേവകരാണ്. ജന്മഭൂമി 1977 ല്‍ ആരംഭിച്ചപ്പോള്‍ ആലപ്പുഴയില്‍ ആദ്യമായി ഏജന്‍സി എടുത്തതും സനലിന്റെ അച്ഛനായിരുന്നു. വാസുദേവക്കുറുപ്പോ വേലായുധക്കുറുപ്പോ എന്നു മറന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം തൊടുപുഴയില്‍ ജന്മഭൂമിയുടെ ബ്യൂറോ ഉദ്ഘാടനം ചെയ്യാനെത്തിയത് ഇന്നത്തെ തൃശ്ശിവപേരൂര്‍ എംപി സുരേഷ് ഗോപിയായിരുന്നു. ജന്മഭൂമിയുടെ മുന്‍ പത്രാധിപരായ ഞാനും അവിടെ സംസാരിക്കേണ്ടിയിരുന്നു. സുരേഷ് ഗോപിയുടെ അപ്പൂപ്പനായിരുന്നു ജന്മഭൂമിയുടെ ആലപ്പുഴയിലെ ആദ്യത്തെ ഏജന്റ് എന്നും അദ്ദേഹത്തെ അറിയിച്ചിരുന്നു.
യാത്ര സംഘപഥത്തിലൂടെയാണ്. ഞാന്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ വിവരിച്ചതിനെപ്പറ്റി ജന്മഭൂമിയുടെ വിധാതാക്കളില്‍ പ്രമുഖനായിരുന്ന കെ.ജി. വാദ്ധ്യാര് എന്ന ഗുണഭട്ട് വിശേഷിപ്പിച്ചത് സംഘപഥം അപ്പൂപ്പന് താടിപോലെ പറക്കുകയാണ് എന്നായിരുന്നു. അതിനെ തികച്ചും ശരിവയ്ക്കുന്നതാണ് ഇത്തവണത്തെ സംഘപഥവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: