കണ്ണൂർ: മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പെട്രോൾ പമ്പുടമ പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പ് വെവ്വേറെയായതാണ് സംശത്തിനു കാരണം. പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയതി എൻഒസി അനുവദിച്ചുവെന്നാണ്. എന്നാൽ രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇക്കാര്യവും പരാതി വ്യാജമാണെന്ന വാദത്തിനു ബലം നൽകുന്നു.
അതിനിടെ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ തുടരന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വകുപ്പില്‍ നടക്കുന്ന അന്വേഷണത്തിന്റെ ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതക്ക് കൈമാറിയിരുന്നു.
സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് കലക്ടര്‍ നല്‍കിയത്. എന്നാല്‍ പിന്നാലെ കലക്ടര്‍ക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. ജീവനക്കാരുടെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് ജില്ലാ കലക്ടറാണെന്ന് ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. ആരോപണ നിഴലില്‍ നില്ക്കുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ പ്രതിരോധത്തിലാക്കുന്നതാണ് ദിവ്യയുടെ ഈ വാദം.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സംഭവത്തില്‍ ഇന്ന് തന്നെ പൊലീസ് കലക്ടറുടെ മൊഴിയെടുക്കും. ഇതിനിടെ നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കലക്ടര്‍ കത്തയച്ചു. സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തിയാണ് കലക്ടര്‍ കത്തയച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീന്‍ ബാബുവിനെ ചേമ്പറില്‍ വിളിച്ചു സംസാരിച്ചിരുന്നതായി കത്തില്‍ പറയുന്നു. പത്തനംതിട്ട സബ് കലക്ടര്‍ നേരിട്ടെത്തിയാണ് കുടുംബത്തിന് കത്ത് കൈമാറിയത്.
ഇതിനിടെ ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കളക്ടർ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്. കലക്ടറുടെ ഫോൺ വിളി രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിച്ചേക്കും. കണ്ണൂരിൽ ഉണ്ടെങ്കിലും കളക്ടർ ഇന്നും ഓഫീസിൽ എത്താൻ ഇടയില്ല. ഓഫീസിൽ വന്നാൽ ശക്തമായി പ്രതിഷേധിക്കാനാണ് സർവീസ് സംഘടനകളുടെ തീരുമാനം. ദിവ്യയുടെ മുൻകൂർജാമ്യപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ചയാവും പരിഗണിക്കുക.
പിപി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാർ പൊലീസിന് മൊഴി നൽകി. എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ മൊഴി നൽകി. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും മൊഴികളിൽ വ്യക്തമാക്കുന്നു. എഡിഎം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ പൊലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: