കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ ജീവനക്കാരുടെ പ്രതിഷേധം അടങ്ങുന്നില്ല. നേരത്തെ നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ഇവർ കൂട്ട അവധി എടുത്ത് പ്രതിഷേധം നടത്തിയിരുന്നു. ഇപ്പോൾ ജില്ലാ കളക്ടർ അരുൺ കെ. വിജയന് ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുമെന്നതും അറിയാമായിരുന്നു എന്ന വിവരം പുറത്തുവന്നതോടെ കളക്ടർക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് ജീവനക്കാർ. കളക്ടർ ഇന്ന് ഓഫീസിലെത്തിയാൽ ശക്തമായി പ്രതിഷേധിക്കാനാണ് സർവീസ് സംഘടനകളുടെ തീരുമാനം.
എഡിഎമ്മിന്റെ മൃതദേഹത്തോടൊപ്പം പത്തനംതിട്ടയിലെത്തിയ കളക്ടർ കണ്ണൂരിൽ മടങ്ങിയെത്തിയെങ്കിലും ഓഫീസിലേക്ക് വന്നിട്ടില്ല. കളക്ടർ ഓഫീസിലെത്തിയാൽ ബഹിഷ്കരിക്കാനാണ് സിവിൽ സ്റ്റേഷനിലെ ജീവനക്കാർ തീരുമാനിച്ചത്.പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്. അതേസമയം, കളക്ടർ സ്ഥലംമാറ്റം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും തൽകാലം കണ്ണൂരിൽ തന്നെ തുടരാനാണ് നിർദ്ദേശം ലഭിച്ചത്.
അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ ആരോപണങ്ങള്‍ ഏറെയാണ്. വേണ്ടെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് യോഗം നടത്തി. ആശംസകള്‍ നേരേണ്ടയിടത്ത് ആരോപണങ്ങള്‍ നിരത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചു വരുത്തി. സഹപ്രവര്‍ത്തകനെതിരെ ആക്ഷേപമുന്നയിക്കുന്നത് കണ്ടിട്ടും ഒരക്ഷരം എതിര്‍ക്കാതെ തലയും കുനിച്ചിരുന്നു. താന്‍ വിരമിക്കുകയല്ലെന്നും സ്ഥലം മാറ്റം വാങ്ങി പോകുകയാണെന്നും അതിനാല്‍ യാത്രയയപ്പ് വേണ്ടെന്നും നവീന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധംമൂലം ചടങ്ങിന് അദ്ദേഹം തയാറാവുകയായിരുന്നു.
പിപി ദിവ്യയ്ക്ക് വേണ്ടിയാണ് ചടങ്ങ് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്. എങ്ങനെയായാലും കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ യോഗത്തില്‍ പങ്കെടുത്തതെന്ന് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കിയതോടെ ജില്ലാ കളക്ടര്‍ക്കെതിരെയുള്ള ആരോപണങ്ങളുടെ മൂര്‍ച്ച കൂടിയിട്ടുണ്ട്.നവീന്റെ കുടുംബം ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതിന്റെ വേദനയും നവീന്റെ വേര്‍പാടിലുള്ള ദുഖവും പ്രതിഫലിപ്പിച്ചുകൊണ്ടുള്ള കത്താണ് കളക്ടര്‍ പത്തനംതിട്ട സബ്കളക്ടര്‍ മുഖേന കൈമാറിയത്.
എന്നാല്‍ എന്തുകൊണ്ടാണ് നവീന്‍ ബാബുവിനെതിരെ ആരോപണമുന്നയിച്ച വേളയില്‍ അതിനെ എതിര്‍ക്കാതിരുന്നതെന്നതിന് വിശദീകരണം നല്കാന് കളക്ടര്‍ തയാറായിട്ടില്ല. നവീനിന്റെ അന്ത്യകര്‍മങ്ങള്‍ കഴിയുന്നത് വരെ അദ്ദേഹം പത്തനംതിട്ടയില്‍ തുടര്‍ന്നിരുന്നു. എന്നാല്‍ കുടുംബം അദ്ദേഹത്തിന് വീട്ടിലേക്ക് എത്താന്‍ അനുവാദം നല്‍കിയിരുന്നില്ല. കണ്ണൂര്‍ ജില്ലാ കളക്ടറെ കാണാന്‍ താല്‍പ്പര്യമില്ലെന്ന് കുടുംബം അറിയിക്കുയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: