കൊച്ചി: പ്രായമായവരില്‍ പല്ലു കൊഴിയുന്നതിനുള്ള പ്രധാന കാരണമാണ് മോണരോഗം. തിരുവനന്തപുരം പിഎംഎസ് ദന്തല്‍ കോളജിലെ മോണരോഗ വിദഗ്ധരും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകരും ചേര്‍ന്ന് മോണയിലേക്ക് മരുന്ന് നിയന്ത്രിതമായി പുറത്തുവിടുന്നതും, പല്ലിനും മോണയ്ക്കുമിടയില്‍ വയ്ക്കാവുന്നതുമായ ഫിലിം മെട്രിക്സ് വികസിപ്പിച്ചു. അതിന്റെ പേറ്റന്റും അവര്‍ കരസ്ഥമാക്കി.
മുന്‍കൂട്ടി നിശ്ചയിക്കുന്ന സമയ ദൈര്‍ഘ്യത്തില്‍ നിയന്ത്രിതമായി മരുന്ന് പുറത്തുവിടുന്നതിന് പുറമേ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ ഡീഗ്രേഡ് ചെയ്തു പോകുന്ന ഒന്നാണ് ഈ ഫിലിം മെട്രിക്സ്. നിശ്ചിത അളവില്‍ ചേര്‍ത്തുണ്ടാക്കിയ ബയോഡീഗ്രേഡബിളായ പോളിമറുകളുടെ വിവിധ പാളികള്‍ ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്. നിലവിലെ ചികില്‍ത്സാ രീതികളില്‍ നിന്ന് വ്യത്യസ്തമായി മരുന്ന് ആദ്യ മണിക്കൂറുകളില്‍ കൂടുതല്‍ വേഗത്തിലും തുടര്‍ന്ന്, നിയന്ത്രണവിധേയമായി 7 മുതല്‍ 10 ദിവസം വരെ മോണയ്ക്കുള്ളിലേക്കു സാവധാനത്തില്‍ എത്തിക്കാനും ഈ പോളിമര്‍ മെട്രിക്സിന്റെ ആനുപാതിക ഘടന മാറ്റുന്നത് വഴി സാധിക്കും.
പോളിമര്‍ ഫിലിമുകള്‍ ഉപയോഗിച്ച് നാനോ ഡ്രഗ് ഡെലിവറി സാധ്യമാക്കുന്നതിനൊപ്പം ഇവ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥങ്ങളുടെ ആന്റിമൈക്രോബിയല്‍ സ്വഭാവം കൊണ്ട് മെച്ചപ്പെട്ട സൂക്ഷ്മാണു പരിരക്ഷയും സാധ്യമാകുന്നു. മോണരോഗ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഈ കണ്ടുപിടുത്തം ഉപകരിക്കുമെന്ന് കരുതുന്നു.
പിഎംഎസ് ദന്തല്‍ കോളജിലെ മോണരോഗ വിഭാഗം മേധാവി ഡോ. അമ്പിളിയുടെ മേല്‍നോട്ടത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ ഡോ. അനിലയും (പ്രൊഫസര്‍ ആന്‍ഡ് ഹെഡ്, പെരിയോഡോണ്ടിക്സ് ഡിപ്പാര്‍ട്ട്മെന്റ്, സെ. ഗ്രിഗോറിയോസ് ഡെന്റല്‍ കോളജ്, കോതമംഗലം), കുസാറ്റ് ഫിസിക്സ് വകുപ്പിലെ അസോ. പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. ആല്ഡ്രിന് ആന്റണിയുടെ കീഴില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സിലെ ഗവേഷണ വിദ്യാര്‍ത്ഥി ധന്യ ജേക്കബും ചേര്‍ന്നാണ് മെട്രിക്സ് വികസിപ്പിച്ചെടുത്തതും പേറ്റന്റ് നേടിയതും. കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്ന് ഡോ. അനിലയ്ക്കു ലഭിച്ച നിധി പ്രയാസ് ഗ്രാന്റാണ് ഈ ഗവേഷണത്തിന് സഹായമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: