പാലക്കാട്: പാലക്കാട്ടെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് നേതാവ് ഡോ. പി. സരിൻ. പാലക്കാട്ടെ യാഥാർത്ഥ്യം കോൺഗ്രസ് നേതൃത്വം തിരിച്ചറിയണമെന്ന് സരിൻ ആവശ്യപ്പെട്ടു. ജനങ്ങൾ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാർത്ഥിയാവണം. ഇല്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നും സരിൻ ആവശ്യപ്പെട്ടു. സ്ഥാനാർത്ഥി നിർണയത്തിൽ പുനപരിശോധന വേണമെന്ന് എ.ഐ സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത് അയച്ചിരുന്നു. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. ഇല്ലങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയായിരിക്കുമെന്നും സരിന് പറഞ്ഞു.
ശരിക്ക് വേണ്ടി ഏതറ്റം വരെയും പോകും പ്രസ്ഥാനത്തിൽ ചില തെറ്റ് തിരുത്തലുകൾ നടക്കുന്നു, എന്റെ ശരികൾ ലോകത്തോട് വിളിച്ചുപറയുമെന്നും സരിൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. സ്ഥാനാർത്ഥി ചർച്ച ഒരു പ്രഹസനമായിരുന്നു. രണ്ട് മുഖം പാടില്ല രാഷ്ട്രീയക്കാർക്ക്, ഇത് കോൺഗ്രസ്സ് തിരിച്ചറിയണ്ടേ? പാർട്ടി പുനപരിശോധിക്കണം എന്നിട്ടും പാർട്ടി പറയുന്നു രാഹുൽ ആണ് മികച്ച സ്ഥാനാർഥിയെന്ന് എങ്കിൽ പകുതി അവിടെ വിജയിച്ച് കഴിഞ്ഞു.
സിപിഎം ഒരു കുറ്റിച്ചൂലിനെ നിർത്തിയാലും പ്രവർത്തകർ ജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പാണെന്നും സരിന് കൂട്ടിച്ചേര്ത്തു. കോണ്ഗ്രസ് പാർട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും സരിൻ കുറ്റപ്പെടുത്തി. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്നും സരിൻ വ്യക്തമാക്കി. ലെഫ്റ്റ് അടിക്കുന്ന സ്വഭാമുള്ള ആളല്ല താനെന്നും സരിൻ വിശദമാക്കി. പാർട്ടി തീരുമാനങ്ങളുടെ രീതി മാറിയെന്നും സരിൻ കുറ്റപ്പെടുത്തി. എല്ലാവരും ചേർന്നെടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും സരിൻ വിശദമാക്കി.
2016ൽ പാർട്ടിയിലേക്ക് വന്ന സാധാരണക്കാരനാണ് താൻ അതിന് മുൻപ് ആരായിരുന്നുവെന്ന് ആരും അന്വേഷിച്ചിട്ടില്ല, അത് അന്വേഷിക്കേണ്ട കാര്യമില്ല. നാടിൻറെ നല്ലതിന് വേണ്ടിയാണ് ജോലി രാജിവെച്ചത്. നാടിന്റെ നല്ലതിന് വേണ്ടി തനിക്കെന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന ബോധ്യമാണ് 33-ാംവയസിൽ സിവിൽ സർവീസിൽ നിന്ന് ഇറങ്ങി വരുന്നതിന് ഞാൻ കാണിച്ച ധൈര്യം. അതിനെ പലർക്കും പൊട്ടത്തരമായി തോന്നും. തന്റെ നല്ലതിനായിരുന്നുവെങ്കിൽ ജോലി രാജിവെച്ച് വരില്ലായിരുന്നു സരിൻ പറഞ്ഞു.
അപ്പുറത്തും ഇപ്പുറത്തും കൈകോർത്തുകഴിഞ്ഞാൽ 2026 മറന്നേക്കൂവെന്ന് തന്റെ പ്രസ്ഥാനത്തിന്റെ നേതാക്കൾക്ക് ഇനിയും മനസ്സിലായിട്ടില്ലായെങ്കിൽ ലക്ഷക്കണക്കിനാളുകൾ ഇപ്പോഴും ഈ പ്രസ്ഥാനത്തെ ഇഷ്ടപ്പെടുന്നത് എന്തിന്റെയൊക്കെ പേരിലാണെന്ന് അവർക്കൊക്കെ ബോധ്യം വന്നിട്ടില്ലായെങ്കിൽ അത് വരുത്താൻ ഒരാളെങ്കിലും ഇറങ്ങി തിരിച്ചാൽ മതിയെന്ന് സരിൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: