ബെംഗളൂരു: മലയാളികല്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചെന്നൈ -ബെംഗളൂരു എക്സ്പ്രസ് വേയുടെ ഒരു ഭാഗം ഒക്ടോബറില്‍ തുറക്കുന്നു. ഹോസ്കോട്ട് മുതല്‍ ബേതമംഗല വരെയുള്ള 71 കിലോമീറ്റര്‍ പാതയാണ് ഒക്ടോബറില്‍ തുറക്കുന്നത്.
നിലവില്‍ ഈ പാതയിലെ 400 മീറ്റര്‍ സ്ട്രെച്ചിലെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. ഇത് കൂടി പൂര്‍ത്തിയായാല്‍ പാത തുറക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) റീജിയണല്‍ ഓഫീസര്‍ (കര്‍ണാടക)വിലാസ് പി. ബ്രഹ്മങ്കര്‍ പറഞ്ഞു.
ബെംഗളൂരു സാറ്റലൈറ്റ് റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന ഹോസ്കോട്ടില്‍ എക്സ്പ്രസ് വേയ്ക്ക് ഇന്റര്‍ചേഞ്ചുകളും മാലൂരിലും കെജിഎഫിലും അധിക ഇന്റര്‍ചേഞ്ചുകളും ഉണ്ടാ
കും. പരമാവധി വേഗപരിധി മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും. കെജിഎഫ് ടൗണിലേക്കുള്ള യാത്രാ സമയം നിലവിലുള്ള ഹൈവേയില്‍ 1.5 മണിക്കൂറാണ്. എന്നാല്‍ പുതിയ പാത തുറക്കുന്നതോടെ ഇത് 45 മിനിറ്റായി കുറയും. കര്‍ണാടകയിലെ ഹോസ്കോട്ടിനെയും തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിനെയും ബന്ധിപ്പിച്ച് കടന്നുപോകുന്നതാണ് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ.
കര്‍ണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലൂടെ 260 കിലോമീറ്റര്‍ ദൂരത്തിലാണ് എക്സ്പ്രസ് വേയുടെ നാലുവരിപ്പാത കടന്നുപോകുക. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എട്ടുവരിപ്പാതയായി തീരുമാനിച്ച പദ്ധതി പിന്നീട് നാലുവരിപ്പാതയാക്കുകയായിരുന്നു. 260.85 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ചെന്നൈ -ബെംഗളൂരു എക്സ്പ്രസ് വേ ചെന്നൈയ്ക്കും ബെംഗളൂരുവിനുമിടയിലുള്ള യാത്രാസമയം രണ്ട് മണിക്കൂറായി കുറയ്ക്കും.
രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള അകലം 38 കിലോമീറ്റര്‍ കുറയ്ക്കാനും പദ്ധതി സഹായിക്കും. കര്‍ണാടകയില്‍ മാത്രം 71 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്ന് പാക്കേജുകളും ചെറിയ പാലങ്ങളുമാണ് നിര്‍മ്മിക്കുന്നത്. ആന്ധ്രാ പ്രദേശിലൂടെ കടന്നുപോകുന്ന പാതയുടെ 85 കിലോമീറ്റര്‍ നിര്‍മാണവും തമിഴ്നാട്ടിലെ 106 കിലോമീറ്റര്‍ പാതയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. ചെറിയ പാലങ്ങളുടെ നിര്‍മാണം മാത്രമാണ് കര്‍ണാടകയില്‍ അവശേഷിക്കുന്നത്.
2011ല്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതി ഭാരത്മാല പരിയോജന പ്രോഗ്രാമിന് കീഴിലാണ് പുരോഗമിക്കുന്നത്. 2022 മെയ് 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ചെന്നൈ – ബെംഗളൂരു എക്സ്പ്രസ് വേ പദ്ധതിക്ക് 17,000 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മൂന്ന് സംസ്ഥാനങ്ങളിലെയും വ്യവസായ മേഖലയ്ക്ക് കരുത്താകും.
ഭാവിയില്‍ എട്ടുവരിപ്പാതയാക്കാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മാണം. 2650 ഏക്കര്‍ ഭൂമിയാണ് പാത നിര്‍മാണത്തിനായി ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: