തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തില്‍ വൈരുധ്യങ്ങളാണെന്നും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ രാജ്ഭവനിലേക്കു വരുന്നത് തടഞ്ഞതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
മുഖ്യമന്ത്രി അയച്ച കത്ത് പരസ്യപ്പെടുത്തിയായിരുന്നു ഗവര്‍ണറുടെ പ്രതികരണം. മുഖ്യമന്ത്രി കത്തില്‍ പറയുന്ന കാര്യങ്ങള്‍ വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്. കേരളത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ ഗവര്‍ണര്‍ എന്ന നിലയില്‍, തന്നെ അറിയിച്ചിരുന്നില്ല.
രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ രാഷ്ട്രപതിക്കു റിപ്പോര്‍ട്ട് നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി എന്തോ ഒളിച്ചുവച്ചാണ് വിശദീകരണം നല്‍കിയത്. അദ്ദേഹത്തിന്റെ വിശദീകരണം എന്താണെന്ന് മനസ്സിലാകുന്നില്ല. സ്വര്‍ണക്കടത്തിനെയും ഹവാലയെയും കുറിച്ച് മുഖ്യമന്ത്രിയുടെ കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. രാജ്യത്തിനെതിരായ കുറ്റം തന്നെയാണ് നടന്നതെന്നു വേണം മനസ്സിലാക്കാന്‍, ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
എല്ലാ കാര്യങ്ങളും രാഷ്ട്രപതിയെ രേഖാമൂലം അറിയിക്കും. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും വിശദീകരണം നല്കാന് പറഞ്ഞത് ഒരിക്കലും ചട്ടവിരുദ്ധമായല്ല. രാജ്ഭവനില്‍ നിരന്തരമായെത്തിയിരുന്ന ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി തടഞ്ഞത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തില്‍ പ്രതിയാണ്. ഇതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ഒളിച്ചുവയ്ക്കാന്‍ എന്തോ ഉണ്ടെന്ന് താന്‍ ആവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: