കൊല്ലം: ടാറ്റാ കമ്പനിയുടെ സോപ്പുവിപണനത്തില്‍ പങ്കാളിയായ ഗ്രാമമാണ് തഴവ. ലോകയുദ്ധകാലത്ത് പട്ടിണിയില്‍ കഴിഞ്ഞ ഗ്രാമീണരെ ഒന്നു നേരേ നില്ക്കാന് സഹായിച്ചത് ടാറ്റാ കമ്പനിയാണ്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന കോട്ടൂക്കോയിക്കല്‍ വേലായുധനാണ് തന്റെ ജന്മനാടായ തഴവയെ ടാറ്റായുടെ ബിസിനസ്സ് പങ്കാളിയായിമാറ്റിയത്. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചിട്ടുള്ള വേലായുധന്, എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗവും ആയിരുന്നു. അദ്ധ്യാപനായിരുന്ന അദ്ദേഹം ‘ഗുരുവും ശിഷ്യന്മാരും’, ‘ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം’, ‘ജീവിത വിമര്‍ശനം’ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്.
15 വര്‍ഷം ശ്രീനാരായണ ഗുരുവുനൊപ്പം ഉണ്ടായിരുന്ന വേലായുധന് മടങ്ങുമ്പോള്‍ ഗ്രാമീണ മേഖലയില്‍ എന്തെങ്കിലും ചെറുകിട വ്യവസായം പ്രോത്സാഹിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ഗുരു നല്‍കിയത്. അത് ശിരസ്സാ വഹിച്ച വേലായുധന്, തഴപ്പാ കച്ചവടത്തിലേര്‍പ്പെട്ട തൊഴിലാളികളുടെ ഒരു സംഘം അച്ഛന് രജിസ്റ്റര്‍ ചെയ്തു. തിരുവിതാംകൂറിലെ ആദ്യത്തെ വായ്പേതര സഹകരണ സംഘമായിരുന്നു അത്. 2062-ാം നമ്പര്‍ തഴവ കുടില്‍ വ്യവസായ സഹകരണ സംഘം. ഈ സംഘത്തിന്റെ പേരില്‍ കരുനാഗപ്പള്ളിയില്‍ ഒരു ഷോപ്പ് തുടങ്ങി പായ് കൊണ്ടുണ്ടാക്കിയ ഉത്പ്പന്നങ്ങള്‍ വിപണനം ചെയ്തു വന്നു.
അക്കാലത്താണ് കടലാസിന്റെ ദൗര്‍ലഭ്യം ഉണ്ടാകുന്നതും എന്തെങ്കിലും തദ്ദേശിയ പദാര്‍ഥങ്ങള്‍ ഉപയോഗപ്പെടുത്തിയുണ്ടാക്കിയ ബാഗില്‍ ടാറ്റായുടെ സോപ്പ് ഫ്ലേക്സ് നിറയ്ക്കാന്‍ സാധിക്കുമോ എന്ന് കമ്പനി അന്വേഷിച്ചു തുടങ്ങിയതും..അന്ന് തഴപ്പായ്ക്ക് പേരുകേട്ട തഴവയിലേക്ക് അവരുടെ ശ്രദ്ധ പതിച്ചു. ടാറ്റ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ കരുനാഗപ്പള്ളിയില്‍ എത്തി. അവര്‍ വേലായുധനുമായി സംസാരിച്ചു.
ടാറ്റാ കമ്പനിയുമായി ഒരു വ്യവസായം ഒത്തുവന്നാലത്തെ ഗ്രാമ സൗഭാഗ്യത്തെക്കുറിച്ച് വേലായുധന് നല്ല ബോധ്യം ഉണ്ടായിരുന്നു. സാമ്പിളായി തഴപ്പായില് നിര്‍മ്മിച്ചു നല്കിയ ബാഗ് ടാറ്റാ കമ്പനിക്ക് സ്വീകാര്യമായി.
വലിയ മെത്തപ്പായ്കള്‍ നെയ്തിരുന്നവരെ കൊണ്ട് തുണ്ടു പായ്കള്‍ നെയ്യിപ്പിച്ചു. ബാഗിനു വേണ്ടി പ്രത്യേക അച്ചുകള്‍ ഉണ്ടാക്കി. ചുവന്ന നിറംപിടിപ്പിച്ച തഴകള്‍ കൊണ്ട് അരികുകള്‍ ഭംഗിയാക്കി. സ്ത്രീകള്‍ തുണ്ടുകള്‍ നെയ്തു. പുരുഷന്മാര് അത് മുറിച്ചെടുത്ത് ഷേപ്പ് ചെയ്ത് അരികുകള്‍ ഭംഗിയാക്കി. നൂറുകണക്കിന് തൊഴിലാളികള്‍. ടാറ്റാക്കമ്പനിയുടെ ‘സോപ്പുപെട്ടി’കള്‍ അങ്ങന്നെ രൂപപ്പെട്ടു കൊണ്ടിരുന്നു.
82 വര്‍ഷം പിന്നോട്ടുള്ള ചിത്രമാണിത്. 50000 സോപ്പുപെട്ടിക്കുമുകളില് ഓര്‍ഡര്‍ കിട്ടുമായിരുന്നു. ഗള്‍ഫ് സ്വപ്നം വരുന്നതിനു മുന്‍പ് തഴവ ഗ്രാമം ഉണര്‍ന്നത് ടാറ്റാ കമ്പനിയുടെ കൈത്താങ്ങോടെയാണ്. തഴപ്പായില് അന്നു നിറച്ചിരുന്നത് 501 ന്റെ സോപ്പ് ചീളുകളായിരുന്നു. തുടര്‍ന്ന് ടാറ്റാ കമ്പനി പ്രസന്റേഷന് ബാഗുകള്‍ ആവശ്യപ്പെട്ടു. കൂടുതല്‍ മെച്ചപ്പെട്ട തഴ കൊണ്ട് ഭംഗിയേറിയ ബാഗുകള്‍!
രത്തന്‍ ടാറ്റയെ അനുസ്മരിച്ച്, കോട്ടൂക്കോയിക്കല്‍ വേലായുധന്റെ മകളും എഴുത്തുകാരിയുമായ ഉഷ എസ് നായര്‍ എഴുതിയ കുറിപ്പിലാണ് കരുനാഗപ്പള്ളിയിലെ ചെറുഗ്രാമത്തിലെ വ്യവസായ വിപ്ലവത്തെക്കുറിച്ച് വിവരിക്കുന്നത്. കൃഷിയും വ്യവസായവും എല്ലാ കൂടി ഉത്സവതിമിര്പ്പുണ്ടായിരുന്നൊരു കാലമായിരുന്നു എന്നു പറയുന്ന ഉഷാ. എസ്. നായര്‍, രത്തന്‍ ടാറ്റയുടെ അരങ്ങൊഴില് വേളയില്‍ എന്റെ ഗ്രാമവും എന്റെ കുടുംബവും ആദരവോടെ, നന്ദിയോടെ അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്നില്‍ തലകുനിക്കുന്നതായും എഴുതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: