ന്യൂദല്‍ഹി: രാജ്യത്ത് 10 പുതിയ മെഡിക്കല്‍ കോളജുകള്‍ കൂടി ആരംഭിക്കാന്‍ ഇഎസ്ഐസി. ന്യൂദല്‍ഹിയില്‍ കേന്ദ്ര തൊഴില്‍ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലെ ഇഎസ്ഐ കോര്പറേഷന് 194-ാമത് യോഗത്തിലാണ് തീരുമാനങ്ങള്‍.
ഉത്തര്‍പ്രദേശില്‍ രണ്ടും മഹാരാഷ്ട്ര, ദല്‍ഹി, ആസാം, മധ്യപ്രദേശ്, രാജസ്ഥാന്, പഞ്ചാബ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒാരോന്നും വീതവും മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പുതിയ 75,000 മെഡിക്കല്‍ സീറ്റുകള്‍ സൃഷ്ടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രഖ്യാപനത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണിത്.
ഇഎസ്ഐസി ആശുപത്രി സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ എംപാനല്‍ ചെയ്ത ആശുപത്രികളില്‍ ഇഎസ്ഐസിയില്‍ ഇന്‍ഷുര്‍ ചെയ്ത വ്യക്തികളെ ചികിത്സിക്കും. ഇവര്‍ക്ക് ചെലവ് പരിധിയുണ്ടാകില്ല. അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജനയുടെ കാലാവധി 2026 ജൂണ്‍ 30 വരെ നീട്ടും.
തൊഴില്‍രഹിതരായ ഇന്‍ഷുര്‍ ചെയ്ത വ്യക്തികള്‍ക്ക് ആശ്വാസം നല്‍കുന്നതിന് 2018 ജൂലൈ ഒന്നിനു രണ്ടു വര്‍ഷത്തേക്കു പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചതെങ്കിലും തുടര്‍ന്ന് പദ്ധതി തുടരുകയായിരുന്നു. ഇഎസ്ഐസിക്കു കീഴിലുള്ള വിവിധ മെഡിക്കല്‍ കോളജുകളില്‍ ബിഎസ്സി നഴ്സിങ് കോഴ്സ് ആരംഭിക്കും. എയിംസ് റിക്രൂട്ട്മെന്റ് നയത്തിനനുസൃതമായി, നഴ്സിങ് ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തും.
യോഗത്തില്‍ സഹമന്ത്രി ശോഭ കരന്ദലജെ, എംപിമാരായ പ്രവീണ്‍ ഖണ്ഡേല്‍വാള്‍, എന്‍.കെ. പ്രേമചന്ദ്രന്, ഡോല സെന്‍, എല്‍ ആന്‍ഡ് ഇ സെക്രട്ടറി സുമിത ദവ്ര, ഇഎസ്ഐസി ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ സിങ്, ഇഎസ്ഐസി അംഗവും ബിഎംഎസ് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടിയുമായ എസ്. ദുരൈ രാജ്, വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, തൊഴിലുടമാ പ്രതിനിധികള്‍, ജീവനക്കാര്‍, മെഡിക്കല്‍ മേഖലയിലെ വിദഗ്ധര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: