വ്യവസായ രംഗത്തെ അതികായനെങ്കിലും രത്തന്‍ ടാറ്റയ്ക്ക് പിഴച്ചത് സിനിമാ മേഖലയില്‍ മാത്രം. അമിതാഭ് ബച്ചന്, ജോണ്‍ എബ്രഹാം, ബിപാഷ ബസു എന്നിവര്‍ അഭിനയിച്ച 2004ല്‍ പുറത്തിറങ്ങിയ ഏത്ബാര്‍ എന്ന ചിത്രമാണ് രത്തന്‍ ടാറ്റ നിര്‍മിച്ച ഒരേയൊരു സിനിമ.
സഹ സംവിധായകനായിട്ടാണ് അദ്ദേഹം ബോളിവുഡ് വ്യവസായത്തിലേക്കിറങ്ങിയത്. വിക്രം ഭട്ടായിരുന്നു ചിത്രത്തിന്റെ സംവിധായകന്. വലിയ താരനിരതന്നെ സിനിമയില്‍ അണിനിരന്നെങ്കിലും സാമ്പത്തികമായി വന്‍ പരാജയമായിരുന്നു. 9.5 കോടി മുടക്കി നിര്‍മിച്ച ചിത്രം 5 കോടി മാത്രമാണ് നേടിയത്. 1996ല്‍ പുറത്തിറങ്ങിയ ഹോളീവുഡ് ത്രില്ലര്‍ ഫിയറിന്റെ റീമേക്കായിരുന്നു ഏത്ബാര്‍.
ബിസിനസ് ജീവിതത്തില്‍ ഏറെ നേട്ടങ്ങള്‍ കൊയ്തെങ്കിലും രത്തന്‍ ടാറ്റ അവിവാഹിതനായിരുന്നു. നാല് തവണ പ്രണയത്തിലായി വിവാഹിതനാകാന്‍ തീരുമാനിച്ചെങ്കിലും അതിലേക്കെത്തിയപ്പോള് അദ്ദേഹം തന്നെ പിന്മാറുകയായിരുന്നു. എല്ലാമുണ്ടായിരുന്നിട്ടും തന്റേതെന്ന് പറയാന്‍ ഒരു കുടുംബമില്ലെന്ന ചിന്ത കാരണം പല സമയങ്ങളിലും ശൂന്യത അനുഭവപ്പെട്ടിരുന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ താന്‍ ചെയ്തത് മോശമല്ലാത്ത കാര്യമായിരിക്കാം. വിവാഹം ചിലപ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായേക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
അമേരിക്കയില്‍ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ ആദ്യ പ്രണയം. 1962 ലെ ഭാരതം -ചൈന സംഘര്‍ഷമാണ് രത്തന്‍ ടാറ്റയുടെ ആ പ്രണയത്തില്‍ വില്ലനായി മാറിയത്. യുഎസില്‍ ചൈനയുമായുള്ള യുദ്ധം വലിയ വിഷയമായി. ഇതോടെ വിവാഹം നടന്നില്ല. അദ്ദേഹം ഭാരതത്തിലേക്ക് തിരിച്ചു വന്നു. ഒടുവില്‍ അവര്‍ യുഎസില്‍ മറ്റൊരാളെ വിവാഹം കഴിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
അതിനുശേഷമാണ് നടിയും ടോക്ക് ഷോ അവതാരകയുമായ സിമി ഗരേവാളുമായി അടുപ്പത്തിലായത്. 2011-ല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്ല്കിയ അഭിമുഖത്തില്‍ രത്തന്‍ ടാറ്റയുമായി ഡേറ്റിങ് നടത്തിയതായി സിമി തുറന്നു പറഞ്ഞിരുന്നു. ‘അദ്ദേഹം പൂര്‍ണതയുള്ളവനാണ്, നര്‍മ്മബോധമുണ്ട്, എളിമയുള്ളവനും തികഞ്ഞ മാന്യനുമാണ്. പണം ഒരിക്കലും അവന്റെ ചാലകശക്തിയായിരുന്നില്ല. തന്റെ ജോലിയുടെ സ്വഭാവം ഒരു കുടുംബ ജീവിതമുണ്ടാകുന്നതില്‍ നിന്നും രത്തനെ തടഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് സിമി ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു.
പ്രണയം വിവാഹത്തിലേക്ക് നയിച്ചില്ലെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടര്‍ന്നു. സിമി പിന്നീട് ദല്‍ഹിയിലെ മറ്റൊരു സമ്പന്ന കുടുംബത്തില്‍ നിന്നുള്ള രവി മോഹനെ വിവാഹം കഴിച്ചു. ‘
മരണം വരെ ഒരു ബാച്ചിലറായി തുടര്‍ന്ന രത്തന്‍ ടാറ്റ, ഒന്നല്ല ഒരായിരം പേരുടെ മനസില്‍ പണം കൊണ്ട് നേടാനാകാത്ത സ്ഥാനം സ്വന്തമാക്കിയാണ് ഈ ലോകത്തോട് വിട പറഞ്ഞത്. നിങ്ങള്‍ പോയി എന്ന്.., നിങ്ങളുടെ ശൂന്യത ഉള്‍ക്കൊളളാന്‍ ബുദ്ധിമുട്ടാണ് എന്നായിരുന്നു രത്തന്‍ ടാറ്റയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് സിമി എക്സില്‍ അദ്ദേഹത്തിന് വേണ്ടി കുറിച്ചത്.
വര്‍ണ്ണം കെ എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: