കൊല്ലം : ഡോ വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് 4ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. രാവിലെ 7ന് പ്രാർഥനാ ഹാൾ സമർപ്പണവും മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനവും കേന്ദ്ര മന്ത്രി സുരേഷ്ഗോപി നിർവഹിച്ചു. മകളുടെ ഏറ്റവും വലിയ സ്വപ്നമായ ക്ലിനിക്കിന്റെ നിർമ്മാണം വന്ദനയുടെ മാതാപിതാക്കളാണ് പല്ലനയാറിന്റെ തീരത്ത് ക്ലിനിക്ക് പണിതത്.
കോട്ടയം കടുത്തുരുത്തി മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ ജി മോഹൻദാസിന്റെയും തൃക്കുന്നപ്പുഴ വലിയപറമ്പ് മേടയിൽ വീട്ടിൽ ടി വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന. വന്ദനയുടെ അമ്മ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. സ്ഥിരമായി രണ്ട് ഡോക്ടർമാരുടെ സേവനം ഉണ്ടാകും. വന്ദനയുടെ സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവർ ക്ലിനിക്കിൽ സേവനം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
ഈമാസം 11ന് വിവിധ മെഡിക്കൽ കോളേജുകളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടക്കും. മകളുടെ സ്വപ്നമാണ് സഫലമായതെന്ന് വന്ദനയുടെ അമ്മ പറഞ്ഞു. വന്ദനയുടെ പേരിൽ ഒരു ക്ലിനിക് എന്നത്തെയും ആഗ്രഹമായിരുന്നു. മകൾ ജീവിച്ചിരിക്കുമ്പോൾ ക്ലിനിക് തുടങ്ങണം എന്നായിരുന്നു ആഗ്രഹം. വന്ദനയുടെ ഓർമ്മയ്ക്കായി ക്ലിനിക് തുടങ്ങേണ്ടിവരുമെന്ന് കരുതിയില്ലെന്നും നിറകണ്ണുകളോടെ അമ്മ പറഞ്ഞു. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ നൽകാനുള്ള ഡോ.വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക്ക് എന്ന് അമ്മ കൂട്ടിച്ചേർത്തു.
2023 മെയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ച കുടവട്ടൂർ സ്വദേശി സന്ദീപിന്റെ അക്രമണത്തിലാണ് ഹൗസ് സർജൻസി വിദ്യാർത്ഥിയായിരുന്ന വന്ദന കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: