കൊട്ടാരക്കര: കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ നാലാം ദിനം ഡോ : ലക്ഷ്മി പ്രിയയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കേന്ദ്ര മായുള്ള ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രത്തിലെ കലാകാരികള്‍ അവതരിപ്പിച്ച ശാസ്ത്രീയ നൃത്ത കച്ചേരി ഭക്തി സാന്ദ്രമായി.
ഗണപതി ഭഗവാനെ സ്തുതിച്ചുകൊണ്ട് രാഗമാലികയില്‍ ആദിതാളത്തില്‍ ചിട്ടപ്പെടുത്തിയ കൃതിയില്‍ ആരംഭിച്ച നൃത്തകച്ചേരിയില്‍ ശാസ്ത്രിയ സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും സമന്വയിപ്പിച്ചു ചിട്ടപ്പെടുത്തിയ ഗണേശം, നൃത്തം കണ്ട് ആസ്വദിക്കാനെത്തിയവര്‍ക്ക് നവ്യാനുഭവമായി.
തുടര്‍ന്ന് അവതരിപ്പിച്ച രാഗമാലികയിലെ അര്‍ദ്ധനാരീശ്വര നൃത്തവും, കാപ്പിരാഗത്തിലും ആദി താളത്തിലും ചിട്ടപ്പെടുത്തിയ രാസാലീലയും ശ്രദ്ധേയമായി.തുടര്‍ന്ന് വേദിയില്‍ അരങ്ങേറിയ പൂന്താനത്തിന്റെ ജ്ഞാനപ്പാന നൃത്താസ്വാദകര്‍ക്ക് ഭക്തിയിലൂടെ മനുഷ്യമനസിനെ ചിന്തിപ്പിക്കുന്ന തരത്തിലുള്ളൊരു ദൃശ്യ വിരുന്നായിരുന്നു.
പ്രായത്തില്‍ കുറഞ്ഞ കലാകാരികളോടപ്പം പ്രായത്തില്‍ മുതിര്‍ന്ന കലാകാരികളും ചേര്‍ന്നാണ് രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ശാസ്ത്രിയ നൃത്ത കച്ചേരി അവതരിപ്പിച്ചത്. ശാസ്ത്രിയ നൃത്തത്തില്‍ പുതുമകള്‍ പരീക്ഷിക്കുന്ന ഡോ : ലക്ഷ്മി പ്രിയയുടെ ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രത്തിന്റെ പഠന കേന്ദ്രങ്ങള്‍ തിരുവനന്തപുരത്ത് വഴുതക്കാടും, ചാക്കയിലുമാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: