ന്യൂദല്‍ഹി: ഏഴ് വര്‍ഷം മുന്‍പ്, 104 ഉപഗ്രഹങ്ങളെ നിര്‍ദിഷ്ട ഭ്രമണപഥങ്ങളില്‍ എത്തിച്ചശേഷം ബഹിരാകാശത്ത് ചുറ്റുകയായിരുന്ന പിഎസ്എല്‍വി സി 37 റോക്കറ്റിന്റെ അവശിഷ്ടം ഐഎസ്ആര്‍ഒ സുരക്ഷിതമായി കടലില്‍ വീഴ്ത്തി. ദൗത്യം ഐഎസ്ആര്‍ഒയ്ക്കും രാജ്യത്തിനും അഭിമാനമായി.
2017 ഫെബ്രുവരി 15ന് കാര്‍ട്ടോ സാറ്റ് 2 ഡി അടക്കമുള്ള ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന റോക്കറ്റിന്റെ അവസാന ഘട്ടം, ഉപഗ്രഹ വിക്ഷേപണത്തിനു ശേഷം, 470 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ കറങ്ങുകയായിരുന്നു. ഐഎസ്ആര്‍ഒയും യുഎസ് സൈന്യത്തിന്റെ സ്പേസ് കമാന്‍ഡും ഇതിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇത് ക്രമേണ പഥത്തില്‍ നിന്ന് താഴ്ത്തി വരികയായിരുന്നു. അവശിഷ്ടം ഒക്ടോബര്‍ ആദ്യ വാരം കടലില്‍ പതിക്കുമെന്ന് നേരത്തെ ഐഎസ്ആര്‍ഒയുടെ സിസ്റ്റം ഫോര്‍ സേഫ് ആന്‍ഡ് സസ്റ്റയ്നബിള്‍ സ്പേസ് ഓപ്പറേഷന്‍സ് മാനേജ്മെന്റ് പറഞ്ഞിരുന്നു.
ഒക്ടോബര്‍ ആറിന് തന്നെ രാത്രി 9.19ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുകയും വടക്കന്‍ അറ്റ്ലന്റിക് സമുദ്രത്തില്‍ പതിക്കുകയും ചെയ്തു. റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍ തുടങ്ങിയവയുടെ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഏകോപിപ്പിക്കാനുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാം ഐഎസ്ആര്‍ഒ പാലിച്ചു. അവ 25 വര്‍ഷത്തില്‍ കൂടുതല്‍ ബഹിരാകാശത്ത് ചുറ്റരുതെന്നാണ് ചട്ടം.
ഭാരത റോക്കറ്റിന്റെ അവശിഷ്ടം ഏഴു വര്‍ഷം മാത്രമേ എടുത്തുള്ളൂ. അവസാന ഘട്ട ഭ്രമണപഥം എന്ജിന് ഓഫാക്കിയും പ്രവര്‍ത്തിപ്പിച്ചും സാവധാനമാണ് താഴ്ത്തിയിരുന്നത്. ഉയരത്തിലുള്ള പഥത്തില്‍ നിന്ന് താഴെയുള്ള പഥത്തിലേക്ക് താഴ്ത്തുന്ന പ്രവര്‍ത്തനത്തെ ഡീ ഓര്‍ബിറ്റിങ് എന്നാണ് വിളിക്കുക. ഇങ്ങനെ നിയന്ത്രിത ഡീ ഓര്ബിറ്റിങ്ങിലൂടെ അവശിഷ്ടത്തെ അന്തരീക്ഷത്തില്‍ കടത്തി സുരക്ഷിതമായി സമുദ്രമേഖലയില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: