ലഖ്നൗ : ഉത്തർപ്രദേശ് പോലീസ് ഡെപ്യൂട്ടി എസ്പിയായിരുന്ന സിയ ഉൾ ഹഖിനെ 2013ൽ കൊലപ്പെടുത്തിയ കേസിൽ 10 പേർക്ക് പ്രത്യേക സിബിഐ കോടതി ബുധനാഴ്ച ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ലഖ്നൗവിലെ പ്രത്യേക ജഡ്ജി ധീരേന്ദ്ര കുമാറാണ് 10 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ഇതിനു പുറമെ പ്രതികൾക്ക് 1.95 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
കൊലപാതകം, ആയുധനിയമം, മറ്റ് കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്. 2013 മാർച്ച് രണ്ടിന് പ്രതാപ്ഗഡ് ജില്ലയിലെ ഹത്തിഗവൻ പോലീസ് സ്റ്റേഷൻ പരിധിയിൽ കുണ്ടയിലെ ഓഫീസറായിരുന്ന ഹഖ് കേസ് അന്വേഷണത്തിനിടെ കൊല്ലപ്പെട്ടതാണ് സംഭവം.
കൊലപാതക കേസുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനിടെ അദ്ദേഹത്തെയും പോലീസ് പാർട്ടിയേയും പ്രതികളടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. ഇവരുടെ മർദനത്തിലാണ് പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്.
തുടർന്ന് ഫുൽചന്ദ് യാദവ്, പവൻ കുമാർ യാദവ്, യോഗേന്ദ്ര യാദവ് എന്ന ബബ്ലു, മഞ്ജിത് യാദവ്, ഘൻശ്യാം സരോജ്, രാം ലഖൻ ഗൗതം, ഛോട്ടേ ലാൽ യാദവ്, രാം ആശ്രേ, മുന്ന പട്ടേൽ, ശിവ് റാം പാസി, ജഗത് ബഹദൂർ പാൽ എന്ന ബുള്ളെ പാൽ, സുദീർ എന്നിവരെ കസ്റ്റഡിയിൽ എടുക്കുകയും കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങുകയും ചെയ്തു.
എന്നാൽ വിചാരണയ്ക്കിടെ യോഗേന്ദ്ര യാദവ് എന്ന ബബ്ലു മരിച്ചു. തെളിവുകളുടെ അഭാവത്തിൽ സുധീർ യാദവിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. അതേ സമയം കൊലപാതകത്തിൽ കുണ്ട എംഎൽഎ രാജാ ഭയ്യയ്ക്കും മറ്റ് നാല് പേർക്കും പങ്കുണ്ടെന്ന് ഹഖിന്റെ ഭാര്യ പർവീൺ ആസാദ് ആരോപിച്ചതിനെ തുടർന്നാണ് ലോക്കൽ പോലീസിൽ നിന്ന് കേസ് സിബിഐക്ക് കൈമാറിയത്.
എന്നാൽ രാജാ ഭയ്യയ്ക്ക് എതിരെ തെളിവില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പേരില്ലാതെ 12 പേർക്കെതിരെ 2013 ജൂൺ ഏഴിന് സിബിഐ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: