ന്യൂദല്‍ഹി: 2025ല്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പോകുന്നവരുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്മാന് എ.പി. അബ്ദുള്ളക്കുട്ടി നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. ആര്.കെ. പുരം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നടന്ന ഡിജിറ്റല്‍ റാന്‍ഡം സെലക്ഷനില്‍ യോഗ്യരായ 1,51,981 അപേക്ഷകരില്‍ നിന്ന് 1,22,518 പേരെ തെരഞ്ഞെടുത്തു.
കേരളത്തില്‍ നിന്ന് 14,590 പേരെ തെരഞ്ഞെടുത്തു. 20,636 അപേക്ഷകരാണ് ഉണ്ടായിരുന്നത്. 6046 പേര് വെയ്റ്റിങ് ലിസ്റ്റിലുണ്ട്. 65 വയസ് വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് 3462 പേരും ആണ്‍തുണയില്ലാതെ പോകുന്ന വനിതാ വിഭാഗത്തില്‍ 2823 പേരും തെരഞ്ഞടുക്കപ്പെട്ടു.
ജനസംഖ്യപ്രകാരം 12 സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ക്വാട്ടയേക്കാള്‍ കുറവായിരുന്നു ലഭിച്ച അപേക്ഷകള്‍. 11 സംസ്ഥാനങ്ങള്‍ക്ക് ഈ ക്വാട്ട വെയ്റ്റിങ് ലിസ്റ്റ് തോത് അനുസരിച്ച് വീതിച്ചു നല്കി. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് ഗുജറാത്തില്‍ നിന്നാണ്, 24,484 പേര്. കുറവ് ദാമന്‍ ആന്‍ഡ് ദ്യൂവില്‍ നിന്നാണ്, 27 പേര്. 65 വയസ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ 14,728 പേരെയും ആണ്‍തുണയില്ലാതെ പോകുന്ന വനിതാ വിഭാഗത്തില്‍ 3717 പേരെയും തെരഞ്ഞെടുത്തു. ഇവര്‍ ആദ്യഗഡുവായ 1,30,300 രൂപ ഒക്ടോബര്‍ 25 ന് മുമ്പ് അടയ്ക്കണം.
150 ഹാജിമാര്‍ക്ക് ഒരു ഉദ്യോഗസ്ഥന് വെച്ച് 817 പേരെയും നിശ്ചയിച്ചു. 2020 വരെ ആഴ്ചകള്‍ നീണ്ടുനിന്ന പ്രക്രിയയായി മാനുവലായാണ് ഹാജിമാരെ തെഞ്ഞെടുത്തിരുന്നതെന്നും എന്നാലിപ്പോള്‍ ഡിജിറ്റല്‍ ഭാരതത്തില്‍ രണ്ടു മൂന്നു മണിക്കൂറുകള്‍ കൊണ്ട് നറുക്കെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും എ.പി. അബ്ദുളളക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: