മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങില്‍ പാകിസ്ഥാന് മികച്ച നിലയില്‍. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ നാല്വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെടുത്തിട്ടുണ്ട്. അബ്ദുള്ള ഷഫീക്കിന്റെയും (102), നായകന് ഷാന്‍ മസൂദിന്റെയും (151) സെഞ്ചുറി കരുത്തിലാണ് പാകിസ്ഥാന് മികച്ച സ്കോര്‍ നേടിയത്. ആദ്യ ദിനത്തെ കളി അവസാനിക്കുമ്പോള്‍ സൗദ് ഷക്കീലും (35), റണ്ണൊന്നുമെടുക്കാതെ നസീം ഷായുമാണ് ക്രീസില്‍.
ടോസ് നേടിയ പാകിസ്ഥാന് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സ്കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത സയിം അയൂബിനെ അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്മിത്ത് പിടികൂടി. രണ്ടാം വിക്കറ്റില്‍ അബ്ദുള്ള ഷഫീക്കിനൊപ്പം ഷാന്‍ മസൂദ് ഒത്തുചേര്‍ന്നതോടെ പാകിസ്ഥാന് തിരിച്ചുവന്നു. രണ്ടാം വിക്കറ്റില്‍ 253 റണ്‍സാണ് ഇവര്‍ അടിച്ചുകൂട്ടിയത്.
ഒടുവില്‍ സ്കോബോര്‍ഡില്‍ 261 റണ്‍സായപ്പോള്‍ 184 പന്തില്‍ നിന്ന് 102 റണ്‍സെടുത്ത അബ്ദുള്ള ഷഫീക്കിനെ അറ്റ്കിന്‍സണിന്റെ പന്തില്‍ ഒലി പോപ്പ പിടികൂടിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 177 പന്തില്‍ നിന്ന് 151 റണ്‍സെടുത്ത ഷാന്‍ മസൂദിനെ ലീച്ച് സ്വന്തം പന്തില്‍ പിടികൂടി. പിന്നീട് സ്കോര്‍ 324 റണ്‍സായപ്പോള്‍ നാലാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 30 റണ്‍സെടുത്ത ബാബര്‍ അസമിനെ വോക്്സ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി അറ്റ്കിന്സണ് രണ്ട് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: