ലാഹോർ : ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ അമരക്കാരനുമായ ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അനുയായികളെ അറസ്റ്റ് ചെയ്ത് പാക് സർക്കാർ. കഴിഞ്ഞ ദിവസം രാത്രി ലാഹോറിലെ ചരിത്രപ്രസിദ്ധമായ മിനാർ-ഇ-പാകിസ്ഥാൻ ഭാഗത്ത് പ്രതിഷേധമായിട്ടെത്തിയ അഭിഭാഷകർ ഉൾപ്പെടെ 30-ലധികം അനുയായികളെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്.
ഇതിനു പുറമെ ഇമ്രാൻ ഖാൻ ഉൾപ്പെടെ 200-ലധികം പിടിഐ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ തീവ്രവാദ കുറ്റത്തിന് കേസെടുത്തതായും ലാഹോർ പോലീസ് അറിയിച്ചു. നിരവധി പിടിഐ പ്രവർത്തകരും അഭിഭാഷകരും ശനിയാഴ്ച രാത്രി വൈകി പ്രതിഷേധ വേദിയിലെത്തുകയും തടവിലാക്കിയ നേതാവിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
തുടർന്ന് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് മുൻ മന്ത്രി മുസ്സറത്ത് ചീമ, പഞ്ചാബ് നിയമസഭാ പ്രതിപക്ഷ നേതാവ് മാലിക് അഹമ്മദ് ബച്ചാർ എന്നിവരും മിനാർ-ഇ-പാകിസ്ഥാന് സമീപം എത്തിയ പ്രമുഖരിൽ ഉൾപ്പെടുന്നു. അതേ സമയം പിടിഐയുടെ പ്രതിഷേധം തടയുന്നതിനായി ശനിയാഴ്ച ലാഹോറിലെ എല്ലാ ഇടങ്ങളിലും നൂറുകണക്കിന് പോലീസ് റേഞ്ചർമാരെ വിന്യസിച്ചിരുന്നു.
എന്നാൽ ഭരണകൂടത്തിന്റെയും പോലീസിന്റെയും കിരാത നടപടിയാണെന്നും 1940-ൽ പാകിസ്ഥാൻ പ്രമേയം അംഗീകരിച്ച ചരിത്രപ്രസിദ്ധമായ സ്ഥലത്ത് ഇമ്രാൻ ഖാന്റെ ജന്മദിനം ആഘോഷിക്കാനും “ഹഖീഖി ആസാദി” (യഥാർത്ഥ സ്വാതന്ത്ര്യം) പ്രമേയം പാസാക്കാനുമാണ് പിടിഐ പ്രവർത്തകർ ഒത്തുകൂടിയതെന്നുമാണ് തടവിലാക്കപ്പെട്ട രണ്ട് പ്രമുഖ നേതാക്കൾ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: