കൊട്ടാരക്കര: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തന്മാരുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി സി. ബാബു ആവശ്യപ്പെട്ടു. കൊട്ടാരക്ക സദാനന്ദത്തില്‍ നടന്ന ഹിന്ദു ഐക്യവേദി ദക്ഷിണ മേഖലാ ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 80,000 മായി നിജപ്പെടുത്തുന്നതും സ്‌പോട്ട് ബുക്കിങ് ഇല്ലാതാക്കുന്നതും അയ്യപ്പഭക്തരുടെ താല്‍പര്യത്തിന് വിരുദ്ധമാണ്. ശബരിമലയില്‍ എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനസൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടിരിക്കുന്നു. ഇത് ഭക്തരോടുള്ള വെല്ലുവിളിയാണ്. അധികമായി എത്തുന്ന ഭക്തര്‍ക്ക് നിലയ്‌ക്കല്‍, പമ്പ, ശരം കുത്തി, എരുമേലി ഭാഗങ്ങളില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പരാജയപ്പെട്ടിരിക്കുകയാണ്. ദിനംപ്രതി വര്‍ധിച്ചുവരുന്ന ഭക്തജന തിരക്ക് മുന്‍കൂട്ടി കണ്ടു കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കാതെ വരുമാനം മാത്രം ലക്ഷ്യമിടുന്ന ബോര്‍ഡ് ശബരിമലയെ ഒരു ബിസിനസ് കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പത്തു രൂപ ഫീസ് ഈടാക്കുന്നതും എരുമേലിയില്‍ ഭക്തര്‍ക്ക് പൊട്ടുകുത്തി പണം ഈടാക്കുന്ന ബോര്‍ഡിന്റെയും കച്ചവടക്കാരുടെയും നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്ന അയ്യപ്പസേവാസമാജം അയ്യപ്പസേവാസംഘം തുടങ്ങിയ സന്നദ്ധ സംഘടനകള്‍ക്ക് അന്നദാനം ഒരുക്കുവാനുള്ള സാഹചര്യം പുനസൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകള്‍ ചേര്‍ന്ന ദക്ഷിണ മേഖല ഭാരവാഹിയോഗത്തില്‍ സ്റ്റേറ്റ് ട്രഷറര്‍ ജ്യോതീന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞ പാറ സുരേഷ്, ജോയിന്റ് ട്രഷറര്‍ ശ്രേയസ്, സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, സമിതി അംഗം ഗോപാല കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി സ്വാഗതവും സംസ്ഥാന സമിതി അംഗം ജിനു നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: