കേരളത്തിലെ സ്വര്‍ണക്കള്ളക്കടത്തും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും അടക്കമുള്ള സംഭവങ്ങള്‍ കേന്ദ്ര എന്‍ഫോഴ്സ്മെന്റ് വിഭാഗം അന്വേഷിച്ചപ്പോള്‍ അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും ലക്ഷ്യമിട്ടുള്ളതാണെന്നും ഒക്കെ ആരോപണം ഉയര്‍ത്തിയിരുന്നു. ക്രമക്കേടുകളിലെ അന്വേഷണം കേരളത്തില്‍ മാത്രമല്ല രാജ്യത്തുടനീളം അതേപടി തന്നെ തുടരുന്നുമുണ്ട്. പ്രതിപക്ഷ നേതാക്കളെയോ രാഷ്‌ട്രീയ നേതാക്കളെയോ ലക്ഷ്യമിടുന്നതിന് പകരം സാമ്പത്തിക ക്രമക്കേടുകള്‍ക്കും അഴിമതികള്‍ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ബാങ്ക് തട്ടിപ്പുകളും വിജയ് മല്യ മാതൃകയിലുള്ള ഒളിച്ചോട്ടങ്ങളും ഒക്കെ കുറഞ്ഞു. ഇത്തരം തട്ടിപ്പുകാര്‍ക്കൊപ്പം നിന്ന് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന രാഷ്‌ട്രീയ സംവിധാനമല്ല ബിജെപിയുടേത് എന്നതാണ് കാരണം. അതേസമയം കേരളത്തിലെ പോലീസിനെ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും എങ്ങനെ ഉപയോഗപ്പെടുത്തി എന്നത് പരിശോധിക്കപ്പെടണം.
ഇതിന് മികച്ച ഉദാഹരണങ്ങളാണ് കെ.സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കേസും ശബരിമല ആചാരസംരക്ഷണത്തിനു വേണ്ടി രൂപംകൊടുത്ത സമിതിയുടെ നേതാക്കള്‍ക്കെതിരെയെടുത്ത കേസുകളും. ശബരിമല പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കേരള പോലീസും സ്വീകരിച്ച നിലപാടും പള്ളി തര്‍ക്ക കേസുകളില്‍ എടുത്ത നിലപാടും ഐഎസ് റിക്രൂട്ട്മെന്റ് അടക്കം നടത്തുന്ന ഇസ്ലാമിക ഭീകര സംഘടനയോടുള്ള നിലപാടും കേരളത്തിലെ പൊതുസമൂഹം വിലയിരുത്തണം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കാനും സമത്വം കൊണ്ടുവരാനും അനാചാരങ്ങള്‍ നീക്കം ചെയ്യാനുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുക്കുന്നത് എന്ന രീതിയിലായിരുന്നു ആദ്യഘട്ടത്തിലെ പ്രചാരണം. ശബരിമലയില്‍ ക്ഷേത്രം ഉണ്ടായിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ക്ഷേത്രം ഉണ്ടായ കാലം മുതല്‍ അവിടെ സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ട്. പക്ഷേ, 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നിഷേധിച്ചിട്ടുള്ളത്. കാരണം ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്നുള്ളതാണ്. കേരളത്തിലുള്ള ഏതാണ്ട് നാല്‍പ്പതിനായിരം ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള പല പ്രത്യേകതകളുമുണ്ട്. ആരാധനയിലെ ഈ വൈവിധ്യമാണ് സനാതനധര്‍മത്തിന്റെ പ്രത്യേകതയും. ക്ഷേത്രത്തിലെ മൂര്‍ത്തി അഥവാ പ്രതിഷ്ഠയുടെ പ്രത്യേകതയ്‌ക്കനുസരിച്ചാണ് ഓരോ ക്ഷേത്രത്തിലെയും പൂജയും ഉത്സവാചാരങ്ങളും ചിട്ടപ്പെടുത്തുന്നത്. ശബരിമല പ്രശ്നത്തില്‍ നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് ആചാരാനുഷ്ഠാനങ്ങള്‍ക്കതീതമായി എല്ലാവര്‍ക്കും പ്രവേശനം നല്‍കണമെന്ന നിലപാട് സ്വീകരിച്ചത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ വ്യക്തമായി മനസ്സിലാക്കാത്ത കോടതിയെയും അഭിഭാഷകരെയും തെറ്റിദ്ധരിപ്പിക്കാന്‍ ഇതിനൊരു പരിധിവരെ കഴിയുകയും ചെയ്തു.
ശബരിമല വിധി വന്നശേഷം അപ്പീല്‍ പോകുന്നു എന്നറിയിച്ചിട്ടും കോടതിവിധി നടപ്പാക്കാനുള്ള അമിത വ്യഗ്രതയാണ് പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായത്. യുവതികളെ പ്രവേശിപ്പിച്ച് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വല്ലാതെ പാടുപെട്ടു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവിട്ടു നടത്തിയ പുരോഗമന മതില്‍ക്കെട്ട് മുതല്‍ പോലീസ് നടപടികള്‍വരെ ഈ ശബരിമലക്കാലത്തിനു മുമ്പ് ഓരോ ഭക്തന്റെയും ഹിന്ദുവിന്റെയും മനസ്സില്‍ ഉണ്ടാകണം. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം കേരളത്തില്‍നിന്ന് ഭക്തരായ സ്ത്രീകള്‍ മുഴുവന്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ ദര്‍ശനം വേണ്ടെന്നു പറഞ്ഞ്, ആചാരസംരക്ഷണം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയപ്പോള്‍ ദൈവനിഷേധികളായ കമ്മ്യൂണിസ്റ്റ് പക്ഷപാതികളെ കൊണ്ടുവന്ന് ആചാരലംഘനം നടത്താനായിരുന്നു ശ്രമം. ഇതിനു മുന്‍കൈയെടുത്തത് കേരള പോലീസായിരുന്നു. ഇരുട്ടിന്റെ മറവില്‍ ഇത്തരം ദൈവനിഷേധികളെ കൊണ്ടുവരാന്‍ അവര്‍ വല്ലാതെ പണിപ്പെട്ടു.
ആചാരസംരക്ഷണത്തിനു വേണ്ടി നിലപാടെടുത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ആഴ്ചകളോളം അറസ്റ്റ് ചെയ്തു തടവില്‍ പാര്‍പ്പിച്ചു. നൂറുകണക്കിന് കേസുകളും ഇതിന്റെ പേരില്‍ തലയില്‍ കെട്ടിവയ്‌ക്കാനും തയ്യാറായി. ശബരിമല ആചാരസംരക്ഷണ സമിതിയുടെ നേതാക്കളായ മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍, എസ്‌ജെആര്‍ കുമാര്‍, ഹിന്ദു ഐക്യവേദി നേതാക്കളായ ശശികല ടീച്ചര്‍, ആര്‍.വി. ബാബു, ശബരിമലയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിച്ച വത്സന്‍ തില്ലങ്കേരി തുടങ്ങി പല നേതാക്കള്‍ക്കെതിരെയും കേസുകളെടുത്തു. കേരളത്തിന്റെ ഏതുഭാഗത്ത് ആചാരസംരക്ഷണത്തിന് പ്രകടനം നടന്നാലും സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചനയും പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തലും ഭരണകൂടത്തിനെതിരായ അക്രമം തുടങ്ങിയ വകുപ്പുകള്‍ ഉപയോഗിച്ച് പല നേതാക്കളുടെ പേരിലും ആയിരക്കണക്കിന് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ശബരിമല പ്രശ്നത്തിന്റെ പേരില്‍ കെ.സുരേന്ദ്രന്റെ രാഷ്‌ട്രീയഭാവി തന്നെ ഇല്ലാതാക്കാനായിരുന്നു പിണറായിയുടെയും സിപിഎമ്മിന്റെയും ശ്രമം. ശബരിമല പ്രശ്നത്തിന്റെ പേരില്‍ ഹിന്ദു സംഘടനാനേതാക്കളുടെ പേരില്‍ ഇപ്പോഴും കേസുകളുണ്ട്. ശബരിമലയിലെ ആചാരസംരക്ഷണത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതി തന്നെ അപ്പീല്‍ സ്വീകരിച്ച സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ നിലനില്‍ക്കുമോ എന്ന് കണ്ടറിയണം. അതേസമയം സുപ്രീം കോടതി വളരെ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടും സഭാതര്‍ക്കം, പള്ളിത്തര്‍ക്കം കേസുകളില്‍ ഒരടി പോലും മുന്നോട്ടു പോകാതെ മതനേതാക്കളുടെ വാക്കുകള്‍ക്കനുസരിച്ച് താളംതുള്ളുകയാണ് പോലീസ്.
ഏതാണ്ട് ഇതേ നിലപാടാണ് ജിഹാദി ഇസ്ലാമിക ഭീകര സംഘടനകളുടെ നേരെയുള്ളതും. ഐഎസ് റിക്രൂട്ട്മെന്റ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും കേരള പോലീസ് ഇന്നുവരെ ഒരാളെപ്പോലും അറസ്റ്റ് ചെയ്തതായി കേട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തത് കേന്ദ്രസേന നേരിട്ടെത്തി അതത് കേന്ദ്രങ്ങളില്‍ തെരച്ചില്‍ നടത്തിയാണ്. ശ്രീലങ്ക സ്ഫോടനം മുതല്‍ തമിഴ്നാട്ടിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍വരെ എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തില്‍ വേരുകളുണ്ട്. ഈ സംഭവങ്ങളെ മുഴുവന്‍ ഒതുക്കി തീര്‍ക്കാനും രഹസ്യമായി വയ്‌ക്കാനും ഭീകരര്‍ക്ക് സംരക്ഷണമൊരുക്കാനുമാണ് കേരള പോലീസ് ലക്ഷ്യമിടുന്നത്. ഇവിടെയാണ് കേരള പോലീസിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഇരട്ടത്താപ്പും സത്യവിരുദ്ധതയും പുറത്തുവരുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കെ. സുരേന്ദ്രനെതിരെ കെട്ടിച്ചമച്ച മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്. സുരേന്ദ്രനടക്കം ആറുപേര്‍ക്കെതിരെയാണ് കേരള പോലീസ് കേസെടുത്തത്. കേസാകട്ടെ സിപിഎം സ്ഥാനാര്‍ത്ഥിയായ വി.വി. രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലും. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിച്ചെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കി എന്നുമായിരുന്നു കേസ്. രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും കൊടുത്തെങ്കില്‍ പിന്നെ എങ്ങനെ ആളെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തുമെന്ന് സാമാന്യബുദ്ധിക്ക് മനസ്സിലാകുന്നതല്ല. ബിജെപിയുടെയും പ്രതിപക്ഷ കക്ഷികളുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയസാധ്യതയുണ്ടെങ്കില്‍ അതേ പേരും ഇനിഷ്യലുമുള്ള അപരന്മാരെ നിര്‍ത്തുന്നത് മുതല്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് വരെയുള്ള കലാപരിപാടികള്‍ സിപിഎമ്മിന് മാത്രം കഴിയുന്നതാണ്.
സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട്ട് മലയാളം കൂടാതെ പല ഭാഷകളും ജനങ്ങള്‍ സംസാരിക്കുന്നുണ്ട്. കെ. സുരേന്ദ്രനെതിരെ കെ. സുന്ദരയെ സ്ഥാനാര്‍ത്ഥിയാക്കിയതും ഇത്തരം ഒരു തന്ത്രമായിരുന്നു. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി എന്നനിലയില്‍ ഏതു സ്ഥാനാര്‍ത്ഥിയോടും സഖ്യം ഉണ്ടാക്കാനും വോട്ട് വാങ്ങാനും ശ്രമിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, മഞ്ചേശ്വരത്ത് സുരേന്ദ്രനെ കുടുക്കാനുള്ള രാഷ്‌ട്രീയ ഗൂഢാലോചനയാണ് നടന്നത്. സുന്ദരയെ പിന്നീട് കേസില്‍ കക്ഷിചേര്‍ത്തു. സിപിഎമ്മും രഹസ്യപങ്കാളികളായ മുസ്ലിം ലീഗും ഒക്കെത്തന്നെ ഈ ഗൂഢാലോചനയില്‍ ഭാഗഭാക്കായിരുന്നു. കര്‍ണാടകത്തിലെ ഏതോ ഉള്‍പ്രദേശത്ത് സുന്ദരയെ കൂട്ടിക്കൊണ്ടുപോയതിനുശേഷം സുരേന്ദ്രനെ കുടുക്കാനുള്ള കള്ളക്കേസാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ഒരു രാഷ്‌ട്രീയപ്പാര്‍ട്ടി നേതാവിനെതിരെ പട്ടികജാതി-വര്‍ഗ്ഗ പീഡനനിയമം ചേര്‍ത്ത് കേസെടുക്കുന്നതും ആദ്യമായിട്ടായിരുന്നു. കേസിന്റെ പേരില്‍ പട്ടികജാതി പീഡനനിയമം ഉപയോഗിച്ച് സുരേന്ദ്രനെ ജയിലില്‍ ഇടാനും രാഷ്‌ട്രീയമായി തകര്‍ക്കാനുമുള്ള ശ്രമമായിരുന്നു. അവസാനം നീതിപീഠം സത്യം തിരിച്ചറിഞ്ഞു. വിചാരണ നേരിടേണ്ട സാഹചര്യം ഇല്ലെന്ന് കോടതി കണ്ടെത്തി. അതിന്റെ അര്‍ത്ഥം കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയ പ്രേരിതവുമാണെന്നാണ്. കേരള പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും അന്വേഷണവും ഒന്നും തന്നെ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കോടതി കണ്ടെത്തി. സുരേന്ദ്രനെയും മറ്റ് പ്രതികളെയും വെറുതെ വിട്ടു. ഇനിയും സുരേന്ദ്രനെയും ബിജെപി നേതാക്കളെയും വേട്ടയാടാന്‍ ഉള്ള ശ്രമം തുടരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം ശബരിമല കേസുകള്‍ വര്‍ഷങ്ങളായി ഇപ്പോഴും തുടരുന്നതിന്റെ കാരണം ഇടതുപക്ഷത്തിന്റെയും പിണറായി വിജയന്റെയും ഈ രാഷ്‌ട്രീയ ഗൂഢാലോചനയുടെയും കേരള പോലീസിനെ ദുരുപയോഗപ്പെടുത്തുന്നതിന്റെയും സൂചനയാണ്.
അതേസമയം മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും
മകള്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കേരള പോ
ലീസ് സ്വീകരിച്ച നിലപാടും നടപടികളും വിലയിരുത്തപ്പെടണം. കേരള പോലീസ് ഒരുകാലത്ത് സ്‌കോട്ട്ലാന്‍ഡ് യാഡിനെപ്പോലും വെല്ലുന്നതാണെന്ന് ലോകം മുഴുവന്‍ ഖ്യാതി നേടിയതാണ്. അമിതമായ രാഷ്‌ട്രീയവത്കരണവും ഇടതുപക്ഷത്തിന്റെ ദുരുപയോഗവുമാണ് ഇന്ന് കേരള പോലീസിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാന്‍ കാരണം. മുഖ്യമന്ത്രിക്ക് അകമ്പടി സേവിക്കുന്ന പോലീസുകാര്‍ വഴിയില്‍ കാണുന്ന പ്രതിഷേധക്കാരെ ചെടിച്ചട്ടികള്‍കൊണ്ടും കമ്പികള്‍കൊണ്ടും നേരിടുന്ന സംവിധാനം ലോകത്ത് എവിടെയുണ്ടാകും? കഴിഞ്ഞില്ല, രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കെതിരെ പട്ടികജാതി പീഡനനിയമം പോലും ഉപയോഗപ്പെടുത്തുന്നത് ആ നിയമത്തിന്റെ അന്തസത്തയും ലക്ഷ്യവും തകര്‍ക്കുന്നതല്ലേ?. ഇനിയെങ്കിലും സത്യസന്ധമായി ധാര്‍മികതയോടെ പ്രവര്‍ത്തിക്കാന്‍ കേരള പോലീസിന് കഴിയുമോ? അങ്ങനെയെങ്കില്‍ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിന്റെ കേസുകള്‍ പിന്‍വലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കെ.സുരേന്ദ്രനെതിരായ കേസ് തള്ളിയത് പിണറായി വിജയനെ പിന്തുണച്ച് നിയമത്തെ അപഹാസ്യമാക്കുന്ന കേരള പോലീസ് സംവിധാനത്തിന് ലഭിച്ച ‘ഗപ്പ്’ ആയിട്ടുതന്നെ വേണം കാണാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: