മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴക്കേസില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയുടെ വിധി കണ്ണുതുറപ്പിക്കുന്നതാണ്. നെറികേട് രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കും അവര്‍ക്കു ചൂട്ടുപിടിച്ച സര്‍ക്കാരിനും നല്കിയ കരണത്തടി. സത്യമേ ജയിക്കൂ എന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന വിധി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെ എല്ലാ ബിജെപി നേതാക്കളേയും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിലൂടെ ജയച്ചത് സത്യം.
മഞ്ചേശ്വരം കോഴക്കേസ് വളരെ ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യം. കെ സുരേന്ദ്രന്റെ ഉയര്‍ന്നു നില്ക്കുന്ന സ്വീകാര്യത ഇല്ലാതാക്കുക. അതിലൂടെ ബിജെപിക്ക് സാഹചര്യം പ്രതികൂലമാക്കുക എന്നാതായിരുന്നു ലക്ഷ്യം. ശബരിമല സമരവുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനെ കേസുകളില്‍ കുടുക്കി ദ്രോഹിച്ച സര്‍ക്കാരാണ് പിണറായി വിജയന്റേത്. കേസുകളെല്ലാം പ്രതികാര നടപടിഎന്ന് ജനത്തിനു ബോധ്യപ്പെടുകയും സുരേന്ദ്രന്റെ ജനപിന്തുണ ഏറുകയും ചെയ്തു. സുരേന്ദ്രന് ബിജെപി അധ്യക്ഷനായതോടെ കുടുക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ തേടി. വായടപ്പിക്കുക എന്നതിലുപരി ഇമേജ് തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. കേസിന്റെ ഭാഗമാക്കി മാറ്റി തെരഞ്ഞെടുപ്പില്‍ നിന്ന് എന്നന്നേക്കുമായി അയോഗ്യനാക്കുക. തെരഞ്ഞെടുപ്പ് സമയത്ത് കുഴല്‍പ്പണം വിവാദം ഉയര്‍ത്തിയും കേസ്സെടുത്തും ദ്രോഹിച്ചു. ജനമധ്യത്തില്‍ സുരേന്ദ്രനെ മോശക്കാരനാക്കി ബിജെപിയെ പ്രതിരോധത്തിലാക്കാമെന്ന വ്യാമോഹം കാര്യമായി ഏശിയില്ല. സുരേന്ദ്രനില്‍ നിന്ന് വിവരശേഖരണം നടത്തിയതിനപ്പുറം ഒന്നും ചെയ്യാന്‍ പോലീസ് തലകുത്തി നിന്നിട്ടും സാധിച്ചില്ല. പിന്നാലെയാണ് കോഴക്കേസുമായി രംഗത്തു വന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായ കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചുവെന്നുമായിരുന്നു കേസ്. പത്രിക പിന്‍വലിക്കുന്നതിന് കോഴയായി ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. കേസ് കൊടുത്തത് സുന്ദരയല്ല. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നല്കിയ കേസില്‍ പിന്നീട് സുന്ദരയെ കക്ഷിയാക്കുകയായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം, തട്ടിക്കൊണ്ടുപോകല്‍, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തി. കര്‍ണാടകയിലെ ഒരു ഉള്‍പ്രദേശത്ത് സുന്ദരയെ കൊണ്ടുപോയി എന്ന കളളക്കേസും ഉണ്ടാക്കി. ഒന്നിനും ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല.
കേസ് നിലനില്‍ക്കുന്നതല്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. നിയമവിരുദ്ധമായിട്ടുള്ള കാര്യങ്ങളോ ഇടപെടലുകളോ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമുള്ള വാദം കോടതി പൂര്‍ണമായി അംഗീകരിച്ചു. രാഷ്ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ഇരയായ ബിജെപി സംസ്ഥാന അധ്യക്ഷനും സഹപ്രവര്‍ത്തകര്‍ക്കും നീതി ഉറപ്പാക്കിയിരിക്കുകകയാണ് നീതിപീഠം.
ഒരു പ്രസ്ഥാനത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ അതിന്റെ പ്രമുഖ നേതാവിനെ കള്ളക്കേസ്സില് കുടുക്കാന്‍ നടത്തിയ ഗൂഡാലോചനയില്‍ പങ്കാളികള്‍ ആരെന്നും പുറത്തറിയാനുണ്ട്. ഇത്തരം നെറികെട്ട രാഷ്ട്രീയം പയറ്റുന്നവര്‍ക്ക് തിരിച്ചറിവുണ്ടാകാന്‍ കോടതി ഉത്തരവ് വഴിതെളിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: