ന്യൂദൽഹി : പശ്ചിമേഷ്യയിലെ സംഘർഷം വലിയ ഉത്കണ്ഠയ്ക്കും അഗാധമായ ആശങ്കയ്ക്കും കാരണമാകുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഐസി സെൻ്റർ ഫോർ ഗവേണൻസ് സംഘടിപ്പിച്ച സർദാർ പട്ടേൽ ഭരണത്തെക്കുറിച്ചുള്ള പ്രഭാഷണത്തിന് ശേഷം നടത്തിയ ആശയവിനിമയത്തിനിടെ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇസ്രായേൽ-ഹിസ്ബുല്ല സംഘർഷവും ഇസ്രായേൽ-ഹമാസ് യുദ്ധവും രൂക്ഷമായ പശ്ചാത്തലത്തിലാണ് ജയശങ്കറിന്റെ പരാമർശം. ലോകത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന സംഘർഷവും യഥാർത്ഥത്തിൽ എല്ലായിടത്തും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സംഘർഷം പശ്ചിമേഷ്യയിൽ വ്യാപകമാവുകയാണ്. തീവ്രവാദി ആക്രമണമായിട്ടാണ് നമ്മൾ ആദ്യം കണ്ടത്. പിന്നീട് ഇതിന് പ്രതികരണമായി ഗാസയിൽ സംഭവിച്ചത് നമ്മൾ കണ്ടു ഇപ്പോൾ നമ്മൾ ആ സംഘർഷത്തിന്റെ പല വശങ്ങൾ ലബനനിലും ഇറാനിലും കാണാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സംഘർഷമുണ്ടായാൽ അത് എല്ലായിടത്തും ബാധിക്കുന്നു. ഇൻഷുറൻസ് നിരക്ക് ഉയർന്നു, കയറ്റുമതി വിദേശ വ്യാപാരത്തെ ബാധിച്ചു, എണ്ണ വില ഉയർന്നു. കഴിഞ്ഞ ദിവസം ഇറാൻ മിസൈൽ ആക്രമണത്തിന് ശേഷം വിപണികൾ തകർന്നതായും അദ്ദേഹം പറഞ്ഞു.
ഉക്രെയ്നിലെ സംഘർഷമായാലും പശ്ചിമേഷ്യയിലെ സംഘർഷമായാലും ഇവ അസ്ഥിരതയുടെയും ആശങ്കയുടെയും വലിയ ഘടകങ്ങളാണെന്നും ജയശങ്കർ കുട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: