കോഴിക്കോട് : തെറ്റിദ്ധാരണകളും പരസ്പര ആരോപണങ്ങളും കുറ്റപ്പെടുത്തലുകള്‍ക്കും വിട. കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ വീട്ടിലെത്തി ലോറി ഉടമ മനാഫ്. പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് മനാഫും അര്‍ജുന്റെ കുടുംബവും പറഞ്ഞു.
ശനിയാഴ്ചസന്ധ്യക്കാണ് മനാഫ് അര്‍ജുന്റെ വീട്ടിലെത്തിയത്. സഹോദരന് മുബീന്, മറ്റ് രണ്ട് കുടുംബാംഗങ്ങള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. അര്‍ജുന്റെ മാതാപിതാക്കള്‍, സഹോദരി അഞ്ജു, സഹോദരി ഭര്‍ത്താവ് ജിതിന് എന്നിവരെ മനാഫ് കണ്ട് സംസാരിച്ചു. ഒരുമിച്ച് ഫോട്ടോയുമെടുത്തു.
നേരത്തേ കുടുംബത്തിന്റെ വൈകാരികത മുതലെടുക്കുന്നുവെന്ന് മനാഫിനെതിരെ അര്‍ജുന്റെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. മനാഫ് യുട്യൂബ് ചാനാലിന് കൂടുതല്‍ വ്യൂസ് ഉണ്ടാക്കുകയാണ്. തങ്ങളുടെ പേരില്‍ പണം പിരിക്കരുതെന്നും അര്‍ജുന്റെ കുടുംബം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മനാഫ് മൂലം സൈബര്‍ ആക്രമണം നടക്കുന്നതായും പറഞ്ഞു. ഇതിനെതിരെ പൊലീസില്‍ പരാതിയും നല്കി.
പിന്നാലെ താന്‍ അര്‍ജുന്റെ കുടുംബത്തോടൊപ്പമാണെന്നും സാമൂഹ്യമാധ്യമങ്ങളില്‍ ആളുകളെ തനിക്ക് നിയന്ത്രിക്കാനാകില്ലെന്നും മനാഫും പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ മനാഫിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മനാഫിനെ കേസില്‍ നിന്നൊഴിവാക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: