തിരുവനന്തപുരം: ഒരിയ്ക്കല്‍ പ്രധാനമന്ത്രി നെഹ്രു ഒരു സൈനികാശുപത്രി സന്ദര്‍ശിച്ചു. പരിക്കേറ്റ പട്ടാളക്കാരെ നേരിട്ടു കാണുക എന്നതായിരുന്നു ലക്ഷ്യം.
ഈ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നെഹ്രുവിനോട് ഒരു സൈനികനും സംസാരിക്കരുതെന്ന് പട്ടാളമേധാവിയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഒരു യുവാവ് തന്റെ കട്ടിലിന് അരികില്‍ പ്രധാനമന്ത്രി നെഹ്രു എത്തിയപ്പോള്‍ പട്ടാളമേധാവികളുടെ വിലക്ക് ലംഘിച്ച് എന്തോ പറയാന്‍ മുതിര്‍ന്നു. മുതിര്‍ന്ന സൈനികര്‍ വിലക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ തടഞ്ഞ് നെഹ്രു കാര്യം പറയാന്‍ യുവസൈനികനോട് പറഞ്ഞു. അതിശൈത്യത്തില്‍ പരിക്കേറ്റ തന്റെ കാല് മുറിച്ചുമാറ്റാന്‍ സൈനികാശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും. ഇതില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്നും ആ യുവാവ് പറഞ്ഞു. ഈതീരുമാനത്തിന്റെ പ്രത്യാഘാതം എന്തായാലും അത് സ്വന്തം ഉത്തരവാദിത്വം എന്ന നിലയില്‍ ഏറ്റെടുത്തുകൊള്ളാമെന്നും ആ യുവാവ് പറഞ്ഞു.
സൈനികാശുപത്രിയില്‍ നിന്നും തിരിച്ചുപോയ നെഹ്രു ആ യുവാവിന്റെ കാര്യത്തില്‍ നിലവിലെ നിയമത്തില്‍ നിന്നും ഇളവ് നല്കാന് നിര്‍ദേശിച്ചു. നിലവില്‍ സൈനികാശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഒരു തീരുമാനം എടുത്താല്‍ അത് നടപ്പാക്കുക എന്നതായിരുന്നു നിയമം. തന്റേടിയായ ആ യുവാവിന് വേണ്ടി ഈ നിയമം മാറിനിന്നു.
യുവാവ് കേരളത്തിലെ കൊല്ലത്തുള്ള തന്റെ നാട്ടിലെത്തി. പല ചികിത്സകളും നടത്തി. ഒടുവില്‍ യുവാവിന്റെ നിശ്ചയദാര്‍ഢ്യം വിജയിച്ചു. ഏറെ നാളത്തെ ശ്രമഫലമായി കാലുകള്‍ മുറിച്ചുമാറ്റാതെ യുവാവ് രക്ഷപ്പെട്ടു. പിന്നീട് ആ യുവാവ് അഭിനയ കലയിലേക്ക് ചുവടുവെച്ചു. നാടകത്തിലും പിന്നീട് മലയാള സിനിമയിലും തിളങ്ങി. അയാളാണ് അഭിനയ കലയിലെ പെരുന്തച്ചനായി മാറിയ തിലകന് എന്ന മഹാനടന്. മലയാളസിനിമയില്‍ തന്റേടത്തോടെ നിരവധി ദശകങ്ങള്‍ സ്വഭാവനടനെന്ന നിലയില്‍ തിലകന് നിന്നതും അന്ന് മുറിച്ചു മാറ്റേണ്ടതായ ഈ കാലുകള്‍ ഉപയോഗിച്ചായിരുന്നു!.
തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പറഞ്ഞതാണ് ഈ കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: