കോട്ടയം: എന്തൊക്കെ പുകിലായിരുന്നു. നടന് സിദ്ദിഖിന് എതിരെ രാജ്യമെമ്പാടും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു, ഒളിയിടങ്ങള്‍ തപ്പി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും പായുന്നു, മകന്റെ സുഹൃത്തുക്കളെയെല്ലാം കസ്റ്റഡിയിലെടുക്കുന്നു, അങ്ങിനെയങ്ങിനെ…
സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതി എത്തിയപ്പോഴാകട്ടെ, സര്‍ക്കാര്‍ അഭിഭാഷകന് പുറമേ വമ്പന്‍ അഭിഭാഷകരെയും ചുമതലപ്പെടുത്തുകയും അവരെ കേസ് പഠിപ്പിക്കാന്‍ ഒന്നിലധികം ഐപിഎസുകാരെ നിയോഗിക്കുകയും ചെയ്തു. സിദ്ദിഖിനെ എങ്ങിനെയും കസ്റ്റഡിയിലെടുക്കുകയും ജയിലില്‍ അടക്കുകയും വേണമെന്നുള്ള വാശിയിലായിരുന്നു കേരള പോലീസ്. എത്ര പണമാണ് ഈ കോലാഹലങ്ങള്ക്കെല്ലാമായി പൊടിച്ചത്.
ഒടുവില്‍ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സിദ്ദിഖ് ഒളിവുജീവിതം അവസാനിപ്പിച്ച് പുറത്തു വരികയും ചെയ്തു. അതോടെ കേരള പോലീസിന്റെ ആവേശമെല്ലാം കെട്ടിടങ്ങി . സിദ്ദിഖിനെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിട്ടും പോലീസ് മൈന്‍ഡ് ചെയ്യുന്നില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എന്നെയൊന്ന് ചോദ്യം ചെയ്യൂ , ചോദ്യം ചെയ്യൂ എന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് പോലീസിന്റെ പുറകെ നടക്കുകയാണിപ്പോള്‍!
ഇതൊക്കെ കാണുമ്പോള്‍ കേസന്വേഷണമായിരുന്നോ അതോ, അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെ എങ്ങനെയും കുറേക്കാലം ജയിലിലിടുക മാത്രമായിരുന്നോ പൊലീസിന്റെ അജണ്ട എന്ന് സംശയിക്കില്ലേ? ചോദ്യം ചെയ്യാം ജയിലിടാന്‍ ആവില്ല എന്ന ഘട്ടം വന്നപ്പോള്‍ പോലീസ് മുങ്ങി നടക്കുകയാണ്.
സുപ്രീംകോടതി അടുത്തഘട്ടത്തില്‍ കേസ് പരിഗണിക്കുമ്പോള്‍ ജാമ്യം തുടരുന്നത് നിഷേധിക്കുമെന്നും അപ്പോള്‍ സിദ്ദിഖിനെ പിടിച്ചു ജയിലിലിടാം എന്നുമുള്ള പ്രതീക്ഷയിലാവാം പോലീസ് .
ഇപ്പോള്‍ ചോദ്യം ചെയ്താല്‍, രണ്ടാഴ്ച കഴിഞ്ഞ് സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ തന്നെ ചോദ്യം ചെയ്തു കഴിഞ്ഞ സ്ഥിതിക്ക് സ്ഥിര ജാമ്യം അനുവദിക്കണമെന്ന വാദം സിദ്ദിഖ് മുന്നോട്ടുവയ്ക്കുമെന്നും അത് തടയിടാനുള്ള അതിബുദ്ധിയാണ് പോലീസ് കാണിക്കുന്നതെന്നും നിരീക്ഷിക്കുന്നവരുണ്ട്.
എന്നാല്‍ രണ്ടാഴ്ച സമയം ഉണ്ടായിട്ടും എന്തുകൊണ്ട് ചോദ്യം ചെയ്തില്ല എന്ന് സുപ്രീംകോടതി തിരിച്ചു ചോദിച്ചാല്‍ എന്തു ചെയ്യും? .
പ്രതികരിക്കാൻ ഇവിടെ എഴുതുക: