ബെംഗളൂരു :സഹോദരിയെ ഹോസ്റ്റലില്‍ കൊണ്ടുവിടാനെത്തിയ യുവാവിനെയും ബന്ധുക്കളെയും വളഞ്ഞിട്ടാക്രമിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി ആദര്‍ശിനും ബന്ധുക്കള്‍ക്കും നേരെയാണ് ആക്രമണം.
ബംഗളൂരുവിലെ ചന്താപുരയില്‍ കഴിഞ്ഞ രാത്രി 12 മണിയോടെയാണ് സംഭവം. നാരായണ ഹൃദയാലയ നഴ്സിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആദര്‍ശിന്റെ സഹോദരി. മറ്റൊരാവശ്യത്തിന് നഗരത്തിലെത്തിയ ആദര്‍ശ്, സഹോദരിയെ ചന്താപുരയിലെ തന്നെയുളള ബന്ധുവീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ കൂടെകൂട്ടി. രാത്രി പതിനൊന്നരയോടെ സഹോദരിയെ ഹോസ്റ്റലില്‍ തിരികെയെത്തിച്ച് ആദര്‍ശും മറ്റ് രണ്ട് ബന്ധുക്കളും മടങ്ങി.
എന്നാല്‍ ഹോസ്റ്റല്‍ സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയെ കെട്ടിട ഉടമയും മകനും ചേര്‍ന്ന് തടയുകയും മോശമായി പെരുമാറുകയും ചെയതു. ഇതറിഞ്ഞ് മടങ്ങിയെത്തിയ ആദര്‍ശ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞറിയുന്നതിനിടെ കെട്ടിട ഉടമയും സംഘവും ആദര്‍ശിനെയും ബന്ധുക്കളെയും ആക്രമിക്കുകയായിരുന്നു.
ഇരുമ്പ് വടിയും കല്ലുകളും ഉപയോഗിച്ച് മര്‍ദിച്ചെന്നാണ് പരാതി. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ രക്ഷിക്കുകയായിരുന്നു. ആദര്‍ശിന്റെ പരാതിയില്‍ സൂര്യ നഗര്‍ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: