കോഴിക്കോട്: വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിക്കാനിടയായ സംഭവം പോലീസ് സമഗ്രമായി അന്വേഷിക്കും. ഇതിന്റെ ഭാഗമായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. മരണത്തിന് കാരണം ചികിത്സാപ്പിഴവാണെങ്കില്‍ ഗൗരവമായ മറ്റു വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുക്കും. വ്യാജ ഡോക്ടര്‍ പത്തനംതിട്ട തിരുവല്ല സ്വദേശി അബു അബ്രഹാം ലൂക്കിനെതിരെ (36) നിലവില്‍ വഞ്ചന, ആള്‍മാറാട്ട വകുപ്പുകളും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരവുമാണ് ഫറോക്ക് പോലീസ് കേസെടുത്തത്. വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രിക്കെതിരെയും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ അബു ഏബ്രഹാം ലൂക്ക് ചികിത്സിച്ച പൂച്ചേരിക്കുന്ന് പച്ചാട്ട് വിനോദ്കുമാര്‍ (60) ആണ് കഴിഞ്ഞദിവസം മരിച്ചത്. നെഞ്ചുവേദനയും ചുമയും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ 23നാണ് വിനോദ്കുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. അബു അബ്രഹാം ചികില്‍സിച്ച രോഗി അര മണിക്കുറിനകം മരിച്ചെന്നാണ് പറയുന്നത്. കുടുംബം നല്കിയ പരാതിയില്‍ അന്വേഷിച്ച പോലീസ് ലൂക്കിനെ തിരുവല്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വിനോദിന്റെ മകന് ഡോ. അശ്വിനും ഭാര്യയും നടത്തിയ അന്വേഷണത്തില്‍ അബു അബ്രഹാം ലൂക്ക് എംബിബിഎസ് പാസായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നായിരുന്നു പോലീസ് നടപടി.
സംഭവത്തില്‍ വീഴ്ചയുണ്ടായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എംബിബിഎസ് പാസാകാത്തയാളെ ഡോക്ടറായി നിയമിച്ചതില്‍ വീഴ്ചയുണ്ടായി. വര്‍ഷങ്ങളോളം പ്രവൃത്തി പരിചയമുള്ള ഡോക്ടറെന്ന് പറഞ്ഞാണ് അബു അബ്രഹാം സമീപിച്ചത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. തന്ന രജിസ്ട്രേഷന് നമ്പര്‍ അബു പി.സേവ്യര്‍ എന്ന പേരിലുള്ളതായിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ തനിക്ക് രണ്ട് പേര് ഉണ്ടെന്നാണ് മറുപടി നല്‍കിയത്.
പരാതി വന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. നാലു വര്‍ഷമായിട്ടും ഇയാള്‍ക്കെതിരെ ഒരു പരാതിയുമില്ല. നല്ല ഡോക്ടറെന്ന പേര് സമ്പാദിച്ചിരുന്നു. എംബിബിഎസ് കഴിഞ്ഞ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്നാണ് പറഞ്ഞിരുന്നതെന്നും ആശുപത്രി മാനേജര്‍ വ്യക്തമാക്കി.
2011 ല്‍ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു പഠിച്ച അബു അബ്രഹാം പരീക്ഷയില്‍ വിജയിച്ചിരുന്നില്ല. കോഴിക്കോട് സ്വദേശിയായ ഡോക്ടറെ വിവാഹം കഴിച്ച ഇയാള്‍ പിന്നീട് കോഴിക്കോട് തന്നെ തുടരുകയായിരുന്നു.
മലപ്പുറം ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി ഒന്‍പത് ആശുപത്രികളില്‍ ജോലി ചെയ്തതായും പോലീസ് പറഞ്ഞു. വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ച സംഭവത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി സംഘടനകള്‍ ഇന്നലെ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: