ന്യൂദല്‍ഹി: സ്വച്ഛ് ഭാരത് മിഷന് ആരംഭിച്ച് പത്തു വര്‍ഷം പൂര്‍ത്തിയാകുന്ന, 155 ാം ഗാന്ധിജയന്തി ദിനമായ ഇന്ന് 9600 കോടിയിലധികം രൂപയുടെ വിവിധ ശുചിത്വ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ന്യൂദല്‍ഹിയിലെ വിജ്ഞാന് ഭവനിലാണ് സ്വച്ഛ് ഭാരത് ദിവസ് പരിപാടി നടക്കുന്നത്.
അമൃത്, അമൃത് 2.0 എന്നിവക്ക് കീഴില്‍ നഗരങ്ങളിലെ ജല, മലിനജല സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള 6,800 കോടി രൂപയുടെ പദ്ധതികള്‍, ഗംഗാ നദീതട പ്രദേശങ്ങളിലെ ജലഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മാലിന്യ സംസ്കരണത്തിനും ഊന്നല്‍ നല്കുന്ന 1550 കോടി രൂപയുടെ പത്ത് പദ്ധതികള്‍, ഗോബര്‍ദന്‍ പദ്ധതിക്ക് കീഴില്‍ 1332 കോടി രൂപയുടെ 15 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പദ്ധതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. സപ്തംബര്‍ 17ന് ആരംഭിച്ച സ്വച്ഛത ഹി സേവ കാമ്പയിന് പരിസമാപ്തികുറിച്ച് ഭാരതത്തിലെ ആയിരത്തോളം വരുന്ന തീരപ്രദേശങ്ങളില്‍ ഇന്ന് ജനകീയ ശുചീകരണം നടക്കും.
ഗുജറാത്തിലെ പോര്‍ബന്തറില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തിന് കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ നേതൃത്വം നല്‍കും. സ്വഭാവ് സ്വച്ഛത, സംസ്കാര്‍ സ്വച്ഛത എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് സ്വച്ഛതാ ഹി സേവ-2024, ശുചിത്വ കാമ്പയിന് സംഘടിപ്പിച്ചത്. 27 കോടിയിലധികം ജനങ്ങളുടെ പങ്കാളിത്തത്തോടെ 27 ലക്ഷത്തിലധികം ശുചീകരണ പരിപാടികള്‍ ഇതിനകം നടത്തി. 40 ലക്ഷത്തിലധികം ശുചീകരണ തൊഴിലാളികള്‍ക്ക് പ്രയോജനം ചെയ്യുന്ന ഏകദേശം ഒന്നര ലക്ഷത്തോളം സഫായി മിത്ര സുരക്ഷാ ശിവിര്‍ (മെഡിക്കല്‍ ക്യാമ്പ്) സംഘടിപ്പിച്ചു. ഏക് പേട് മാ കെ നാം കാമ്പയിന് കീഴില്‍ 45 ലക്ഷം വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: