ജറുസലേം: ഇസ്രായേലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ വലിയ തെറ്റാണ് ചെയ്തതെന്നും പ്രത്യാഘാതം നേരിടാൻ തയ്യാറാവണമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.
ഇസ്രായേലിൽ ആക്രമണം നടത്തി, ഇറാൻ വലിയ തെറ്റ് ചെയ്തിരിക്കുന്നു. ഇനി സ്ഥലവും കാലവും ഞങ്ങൾ തീരുമാനിക്കും. പ്രത്യാക്രമണം നേരിടാൻ തയ്യാറായിക്കോളൂ.. ആര് ആക്രമിച്ചാലും അതിനെല്ലാം പ്രത്യാക്രമണത്തിലൂടെ തന്നെ ഇസ്രായേൽ മറുപടി നൽകും. ഇസ്രായേലിൽ പതിച്ച ഓരോ മിസൈലുകൾക്കും ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
This evening, Iran made a big mistake – and it will pay for it. The regime in Tehran does not understand our determination to defend ourselves and to exact a price from our enemies.
— Prime Minister of Israel (@IsraeliPM) October 1, 2024
ലെബനനിൽ ഇസ്രയേൽ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനുപിന്നാലെ ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് നൂറിലേറെ മിസൈൽ അയച്ച് ഇറാൻ. അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേൽ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടുചെയ്തു. ഇസ്രയേൽ നഗരമായ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. നൂറുകണക്കിനു മിസൈലുകൾ അയച്ചെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ്സ് അവകാശപ്പെട്ടു.
ഇസ്രയേലിനെ ലക്ഷ്യം വച്ചുള്ള ഇറാനിയൻ മിസൈലുകൾ വെടിവെച്ച് വീഴ്ത്താൻ ബൈഡൻ യുഎസ് സൈന്യത്തിന് ഉത്തരവിട്ടു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ആളാപയമില്ലെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.
അതിനിടെ ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തിനു പിന്നാലെ യുഎസ് സ്ഥിതിഗതികൾ വിലയിരുത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു. ഇസ്രയേലിനെ സഹായിക്കാനുള്ള നടപടികൾ ചർച്ച ചെയ്തു.
ഇറാൻ ആക്രമണത്തെ തുടർന്ന് ഇറാഖ്, ജോർദാൻ വ്യോമപാത അടച്ചു. ഇറാന്റെ ആക്രമണത്തിനെതിരെ പ്രതികരിക്കാൻ തായാറാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കൃത്യമായ സമയത്ത് തിരിച്ചടിക്കുമെന്ന് ഐഡിഎഫ് വക്താവ് ഡാനിയേൽ ഹഗാരി അറിയിച്ചു.
ഇറാനിൽനിന്ന് ആക്രമണമുണ്ടാകുമെന്ന് യു.എസ്. മുന്നറിയിപ്പുനൽകിയിരുന്നു. ഇതേത്തുടർന്ന് ടെൽ അവീവിലും ജറുസലേമിലുമുള്ള ജനങ്ങളോട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറാൻ ഇസ്രയേൽ നിർദേശിക്കുകയുണ്ടായി. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമെന്നും ഇത് ലെബനനിലെ ജനങ്ങൾക്കുനേരേയുള്ള യുദ്ധമല്ലെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു.
ഇസ്രയേലിന് നേരെയുള്ള മിസൈൽ ആക്രമണത്തിന് പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനി ഉത്തരവിട്ടത് ഇറാനിലെ രഹസ്യസങ്കേതത്തിൽ നിന്നെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നു. ഹിസ്ബുള്ള നേതാവ് ഹസൻ നസ്റല്ലയെ ഇസ്രായേൽ വധിച്ചതിനെ തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക് ആയത്തുല്ല ഖുമൈനി മാറിയിരുന്നു. ഇവിടെ ഇരുന്നാണ് ഇസ്രയേലിന് നേരെ ആക്രമണം നടത്താൻ ആയത്തുല്ല ഖുമൈനി ഉത്തരവിട്ടതെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം. സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും ഇന്ത്യൻ എംബസി നിർദേശം നൽകി.
ഇറാൻ 100 -ലധികം മിസൈലുകൾ തൊടുത്തതായാണ് റിപ്പോർട്ട്. ഇതിനിടെ ടെൽ അവീവിലെ ജാഫയിൽ വെടിവെപ്പ് ഉണ്ടായി. റെയിൽവേ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്. രണ്ടുപേരാണ് വെടിയുതിർത്തത്. ആറുപേര്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: