തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി വിതരണം തടസപ്പെട്ട സംഭവത്തില്‍ പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തിരുവനന്തപുരം സബ് ഡിവിഷനിലെ ഓവര്സിയറെയെയും അസിസറ്റന്റ് എഞ്ചിനീയറെയും സസ്പെന്‍ഡ് ചെയ്തു. അസിസറ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കെതിരെയും നടപടി ഉണ്ടാകും.
പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇവര്‍ക്ക് വീഴ്ച പറ്റിയെന്ന വിലയിരുത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി.
സംസ്ഥാനത്തെ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയാണ് തിരുവനന്തപുരം എസ്.എ.ടി. ഇവിടെയാണ് രാത്രി മൂന്ന് മണിക്കൂറിലേറെ നേരം കുഞ്ഞുങ്ങളും അമ്മമാരും കനത്ത ഇരുട്ടില്‍ കഴിഞ്ഞത്. അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ടോര്‍ച്ച് വെളിച്ചത്തിലായിരുന്നു രോഗികളെ പരിശോധിച്ചത്.
രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ പുറത്തുനിന്നും ജനറേറ്റര്‍ എത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അത്യാഹിത വിഭാഗം അടക്കം പ്രധാനപ്പെട്ട ആശുപത്രിയില്‍ അറ്റകുറ്റപ്പണി നടത്തുമ്പോള്‍ വേണ്ട മുന്നൊരുക്കങ്ങള്‍ തയാറാക്കുന്നതിലാണ് വിവിധ വിഭാഗങ്ങള്‍ക്ക് വീഴ്ചയുണ്ടായത്. സംഭവത്തില്‍ ആരോഗ്യമന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: