ഭാരതത്തില്‍, നഗരമേഖലകളിലെ ജല ആവശ്യകത നിറവേറ്റുന്നതില്‍ ഭൂഗര്‍ഭജലത്തിന് നിര്‍ണായക പങ്കുണ്ട്. താരതമ്യേന ആഴം കുറഞ്ഞ ഈ ജലസ്രോതസ്സുകള്‍ നൂറ്റാണ്ടുകളായി ജലത്തിന്റെ സുപ്രധാന സ്രോതസ്സുകളായി വര്‍ത്തിക്കുന്നു. നഗരങ്ങള്‍ വളര്‍ന്നപ്പോള്‍, ഒരുകാലത്ത് ഭൂപ്രകൃതിയുടെ ഏറിയ പങ്കുമുണ്ടായിരുന്ന ഇത്തരം ജലാശയങ്ങള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. ഈ കിണറുകളുടെ സ്ഥാനത്തിപ്പോള്‍ അപകടകരമായ ആഴത്തില്‍ ഭൂഗര്‍ഭജല സംഭരണികളിലേക്ക് നീളുന്ന കുഴല്‍ക്കിണറുകള്‍ വന്നിരിക്കുന്നു. ഭൂഗര്‍ഭജലത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവാണ് ഭാരതം. അമേരിക്കയും ചൈനയും ചേര്‍ന്നുപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ നമ്മുടെ രാജ്യം ഉപയോഗിക്കുന്നു. നഗരപ്രദേശങ്ങള്‍ ഭൂഗര്‍ഭജലത്തെ കൂടുതലായി ആശ്രയിക്കുന്നു. ഇത് ആഴം കുറഞ്ഞ ജലസംഭരണികളുടെ ഗണ്യമായ ശോഷണത്തിലേക്ക് നയിക്കുന്നു. വളരെക്കാലമായി, ഭൂഗര്‍ഭജലപരിപാലനം നഗര ആസൂത്രണത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു.
എന്നിരുന്നാലും പ്രവചനാതീതമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, നഗരങ്ങളിലെ ജലപ്രതിസന്ധി തുടങ്ങിയ സമീപകാല കാലാവസ്ഥാ വെല്ലുവിളികള്‍ ഭൂഗര്‍ഭജല പരിപാലനത്തില്‍ വീണ്ടും ശ്രദ്ധയെത്താന്‍ കാരണമായി. മഴവെള്ള സംഭരണവും നഗര ജലാശയ പുനരുജ്ജീവന പദ്ധതികളും ഈ പ്രകൃതിദത്ത ഭൂഗര്‍ഭ ജലസംഭരണികളിലേക്കുള്ള പ്രതിവിധിയായി ഉരുത്തിരിയുകയാണ്. അധിക മഴവെള്ളം സംഭരിക്കാനും വെള്ളപ്പൊക്കത്തെ ലഘൂകരിക്കാനുമായി ഇത്തരം ജലസ്രോതസ്സുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ പഠനം നടക്കുന്നു.
2021-ല്‍ അമൃത് 2.0 ആരംഭിച്ചത് ജലപരിപാലനത്തില്‍ മാതൃകാപരമായ മാറ്റം അടയാളപ്പെടുത്തി. ഒടുവില്‍ ഭൂഗര്‍ഭജലത്തിന് ‘നഗര’തലത്തില്‍ മുന്‍ഗണന നല്‍കി. നഗരങ്ങള്‍ ഭൂഗര്‍ഭജലത്തെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത മാത്രമല്ല, അത് സജീവമായി കൈകാര്യം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിഞ്ഞു.
ദൗത്യത്തിന് കീഴില്‍, ഷാലോ അക്വിഫര്‍ മാനേജ്‌മെന്റ് (എസ്എഎം) പരീക്ഷണാര്‍ത്ഥ പദ്ധതി 2022ല്‍ 10 നഗരങ്ങളില്‍ ആരംഭിച്ചു. ആഴം കുറഞ്ഞ ജലസ്രോതസ്സുകളുടെ പ്രാധാന്യത്തെക്കുറിച്ച് നഗര അധികൃതരിലും സമൂഹങ്ങളിലും അവബോധം വളര്‍ത്തുന്നതിനും, ഭൂഗര്‍ഭജല ശോഷണം, മലിനീകരണം, നഗര വെള്ളപ്പൊക്കം തുടങ്ങിയവ പരിഹരിക്കുന്നതിന് ഫലപ്രദമായ പുനരുജ്ജീവന ഘടനകള്‍ വികസിപ്പിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു. ആഴം കുറഞ്ഞ ജലാശയ പരിപാലനത്തെ വിശാലമായ ജല തന്ത്രങ്ങളുമായി സംയോജിപ്പിക്കാന്‍ നഗരങ്ങള്‍ക്ക് കഴിയുന്ന അന്തരീക്ഷം സൃഷ്ടിച്ചു.
ഈ സംരംഭം പ്രാദേശിക ജലാശയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി, റീചാര്‍ജ് ഘടനകള്‍ക്കായി 12 സവിശേഷ സമീപനങ്ങളും രൂപകല്‍പ്പനകളും വികസിപ്പിക്കുന്നതിലേക്ക് നയിച്ചു. ധന്‍ബാദ്, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിലവിലുള്ള കിണറുകളുടെയും പടിക്കിണറുകളുടെയും പുനരുജ്ജീവനം മുതല്‍ പൂനൈയിലെ ഉയര്‍ന്ന റീചാര്‍ജ് സാധ്യതയുള്ള പ്രദേശങ്ങളുടെ വൃഷ്ടിപ്രദേശത്തെ പരിപാലനംവരെ ഇതില്‍ ഉള്‍പ്പെടുന്നു.
കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിലും ജലസുരക്ഷാ മേഖലയിലും ശ്രദ്ധ ആകര്‍ഷിക്കാന്‍ പദ്ധതിക്ക് കഴിഞ്ഞു. ബെംഗളൂരുവിന്റെ കാലാവസ്ഥാ പ്രവര്‍ത്തന പദ്ധതി, ഇപ്പോള്‍ കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള സുപ്രധാന ഘടകമായി ഭൂഗര്‍ഭജലപരിപാലനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിന്റെ ഭാവി ജലപദ്ധതികളില്‍ ആഴം കുറഞ്ഞ ജലാശയപരിപാലനം മുന്‍ഗണനയായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ പൂനൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ പ്രത്യേക ഭൂഗര്‍ഭജല സെല്‍ സ്ഥാപിച്ചു.
നഗരവികസനത്തിന്റെ സവിശേഷത, മഴവെള്ളം അരിച്ചിറങ്ങുന്നതു തടയുകയും പ്രകൃതിദത്ത റീചാര്‍ജ് തടയുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തില്‍, തടാകങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, നദീതീരങ്ങള്‍ എന്നിവയുടെ പുനരുജ്ജീവനം ഉള്‍പ്പെടെ, ആഴം കുറഞ്ഞ ജലാശയങ്ങളുടെ കൃത്രിമ റീചാര്‍ജിനായി നഗരങ്ങള്‍ ബോധപൂര്‍വമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്.
ഭാരതത്തിലെ ഭൂഗര്‍ഭജല പ്രതിസന്ധി സങ്കീര്‍ണമാണ്. പക്ഷേ പരിഹാരമുണ്ട്. ആഴം കുറഞ്ഞ ജലസംഭരണികള്‍ കൈകാര്യം ചെയ്യുന്നതിലൂടെ, നഗരങ്ങള്‍ക്ക് കൂടുതല്‍ സുസ്ഥിരമായ ഭാവി വളര്‍ത്തിയെടുക്കാന്‍ കഴിയും. എസ്എഎം പദ്ധതി ഈ സമീപനത്തിന് മാര്‍ഗരേഖ നല്‍കുന്നു. എന്നാല്‍ അതിന്റെ പാഠങ്ങള്‍ മെച്ചപ്പെടുത്തി രാജ്യവ്യാപകമായി നടപ്പിലാക്കണം. നഗര വളര്‍ച്ചയുടെയും ജലദൗര്‍ലഭ്യത്തിന്റെയും ഇരട്ട വെല്ലുവിളികള്‍ രാജ്യം അഭിമുഖീകരിക്കുന്നതിനാല്‍, നമ്മുടെ പൂര്‍വികരുടെ ജ്ഞാനം ഉള്‍ക്കൊള്ളാനും ജല-ഭൗമശാസ്ത്രവുമായി സമന്വയിപ്പിക്കാനുമുള്ള സമയമാണിത്.
(ബെംഗളൂരുവിലെ ബയോം എന്‍വയോണ്‍മെന്റല്‍ സൊല്യൂഷന്‍സ് സഹസ്ഥാപകനാണ് എസ്. വിശ്വനാഥ്. ദല്‍ഹി നഗരകാര്യ ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടിലെ സീനിയര്‍ എന്‍വയോണ്‍മെന്റ് സ്‌പെഷ്യലിസ്റ്റാണ് ഇഷ്‌ലീന്‍ കൗര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: